ചെന്നൈ: തമിഴ് സൂപ്പര്‍ താരം വിജയ് യുടെ രാഷ്ട്രീയ പാര്‍ട്ടിയായ ടിവികെ സംഘടിപ്പിച്ച റാലിക്കിടെ തിക്കും തിരക്കും മൂലമുണ്ടായ ദുരന്തത്തില്‍ മരണ സംഖ്യ ഉയര്‍ന്നേക്കും. 33 മരണങ്ങളാണ് ഇതുവരെ സ്ഥിരീകരിച്ചിരിക്കുന്നത്. 12 പേര്‍ക്കെങ്കിലും ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. അന്‍പത് പേരോളമാണ് ചികിത്സയിലുള്ളത്. ഹൃദയ ഭേദകമായ ദൃശ്യങ്ങളാണ് അപകടത്തിന് ഇരയായവരെ പ്രവേശിപ്പിച്ച കരൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ എന്ന് വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അപലപിച്ചു. ഹൃദയഭേദകമായ വാര്‍ത്ത എന്നാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ഞായറാഴ്ച പുലര്‍ച്ചെ കരൂരിലെത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ഡിഎംകെ നേതാവ് സെന്തില്‍ ബാലാജി ഉള്‍പ്പെടെയുള്ളരും കരൂരില്‍ എത്തി. സാഹചര്യങ്ങള്‍ നിയന്ത്രിക്കാന്‍ മന്ത്രിതല സംഘത്തെയും സ്റ്റാലിന്‍ കരൂരിലേക്ക് അയച്ചിട്ടുണ്ട്. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലാണ് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. ട്രിച്ചി, ദിന്‍ഡിഗല്‍ കലക്ടര്‍മാരും തുടര്‍ നടപടികള്‍ ഏകോപിക്കാന്‍ കരൂലെത്തും.
മതിയായ സുരക്ഷാ ക്രമീകരണങ്ങള്‍ ഇല്ലാത്തതാണ് ദുരന്തത്തിന് കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍. ടിവികെ റാലിയുടെ ഭാഗമായി വിജയ് എത്തുന്നതറിഞ്ഞ് ആയിരങ്ങളായിരുന്നു പ്രദേശത്ത് തടിച്ചുകൂടിയത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ വിജയ്‌യെ കാണാന്‍ റാലി നടക്കുന്ന പ്രദേശത്ത് എത്തിയിരുന്നു. കനത്ത തിരക്കില്‍ പലരും കുഴഞ്ഞ് വീഴുകയും ചെയ്തിരുന്നു.
നിശ്ചയിച്ചതിലും വൈകിയായിരുന്നു വിജയ് ജനങ്ങളെ അഭിസംബോധന ചെയ്തത്. ആറുമണിക്കൂറോളമാണ് ജനങ്ങള്‍ അദ്ദേഹത്തെ കാത്തിരുന്നത്. വിജയ് ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് ദുരന്ത വാര്‍ത്ത എത്തുന്നത്. ഇതോടെ വിജയ് പ്രസംഗം പാതിവഴിയില്‍ നിര്‍ത്തുകയും ചെയ്തു. ജനബാഹുല്യം മൂലം അപകട സ്ഥലത്തേക്ക് ആംബുലന്‍സ് ഉള്‍പ്പെടെ എത്താന്‍ വൈകിയതും ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചു. ആംബുലന്‍സിന് വഴിയൊരുക്കാന്‍ പൊലീസിന് ലാത്തിച്ചാര്‍ജ്ജ് ഉള്‍പ്പെടെ നടത്തേണ്ടിവന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates