ന്യൂഡല്‍ഹി: ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്കെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന്മേലുള്ള ചര്‍ച്ചയും വോട്ടെടുപ്പും മാര്‍ച്ച് 9 ന് നടക്കുമെന്ന് കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു. ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം മാര്‍ച്ച് 9 നാണ് തുടങ്ങുക. അന്നേദിവസം ലോക്‌സഭയില്‍ സ്പീക്കറിനെതിരായ അവിശ്വാസപ്രമേയം പരിഗണിക്കും. കേന്ദ്രമന്ത്രി പറഞ്ഞു.
ആദ്യം തന്നെ അവിശ്വാസപ്രമേയം പരിഗണിക്കുക എന്നതാണ് ചട്ടം. അവിശ്വാസ പ്രമേയത്തിന്മേലുള്ള ചര്‍ച്ച തുടക്കത്തില്‍ നടക്കും. ചര്‍ച്ചയ്ക്ക് ശേഷം വോട്ടെടുപ്പും ഉണ്ടാകും. പാര്‍ലമെന്റ് സമ്മേളനത്തിന്റെ ആദ്യ ഭാഗത്തില്‍ കണ്ടതുപോലുള്ള പ്രതിഷേധങ്ങള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ തുടര്‍ന്നാല്‍, അത് ആത്യന്തികമായി അവര്‍ക്ക് തന്നെ ദോഷകരമാകുമെന്ന് റിജിജു മുന്നറിയിപ്പ് നല്‍കി.
മാര്‍ച്ച് 9 ന് പുനരാരംഭിക്കുന്ന സമ്മേളനം ഏപ്രില്‍ 2 നാണ് അവസാനിക്കുക. ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഭാഗം രസകരമായിരിക്കുമെന്നാണ് കേന്ദ്രമന്ത്രി പറഞ്ഞത്. നിരവധി 'പ്രധാനപ്പെട്ട' നിയമനിര്‍മ്മാണങ്ങളും ഒരു 'നിര്‍ണ്ണായക' ബില്ലും പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്കും പാസാക്കലിനും വേണ്ടി അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഏതാണ് ആ ബില്ലെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കിയില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates