ഭോപ്പാല്‍: കേണല്‍ സോഫിയ ഖുറേഷിക്കെതിരേ അധിക്ഷേപകരമായ പരാമര്‍ശം നടത്തിയ ബിജെപി മന്ത്രി വിജയ് ഷാക്കെതിരേ കേസെടുക്കാന്‍ ഉത്തരവിട്ട് മധ്യപ്രദേശ് ഹൈക്കോടതി. മന്ത്രി വിജയ് ഷാക്കെതിരേ കേസെടുക്കാന്‍ സംസ്ഥാന പൊലീസ് മേധാവിയോടാണ് ഹൈക്കോടതി നിര്‍ദേശിച്ചത്.
വിജയ് ഷായുടെ പരാമര്‍ശങ്ങള്‍ അപകടകരമെന്നും പ്രഥമദൃഷ്ട്യാ മതത്തിന്റെ പേരില്‍ ഭിന്നതയുണ്ടാക്കുന്ന പ്രവൃത്തിയാണെന്നും കോടതി ചൂണ്ടിക്കാട്ടി. മന്ത്രിക്കെതിരെ ഇന്നുതന്നെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനും ഡിജിപിക്ക് നിര്‍ദേശം നല്‍കി
കഴിഞ്ഞദിവസമാണ് മധ്യപ്രദേശിലെ മന്ത്രി വിജയ് ഷാ കേണല്‍ ഖുറേഷിക്കെതിരേ അധിക്ഷേപകരമായ പരാമര്‍ശം നടത്തിയത്. സോഫിയ ഖുറേഷിയെ ഭീകരരുടെ സഹോദരിയെന്ന വിധത്തില്‍ പരാമര്‍ശിച്ചാണ് മന്ത്രി പൊതുപരിപാടിക്കിടെ അധിക്ഷേപിച്ചത്. നമ്മുടെ പെണ്മക്കളെ വിധവകളാക്കിയവരെ പാഠം പഠിപ്പിക്കാനായി അവരുടെ തന്നെ സഹോദരിയെ നമ്മള്‍ അയച്ചു എന്നായിരുന്നു മന്ത്രിയുടെ വാക്കുകള്‍. ഈ പരാമര്‍ശം വിവാദമായതോടെ മന്ത്രി വിജയ് ഷാ മാപ്പ് പറയുകയും ചെയ്തിരുന്നു.
'സോഫിയ ഖുറേഷി ജാതിക്കും മതത്തിനും അതീതമായി ഇന്ത്യയ്ക്ക് അഭിമാനം കൊണ്ടുവന്നു. രാജ്യത്തോടുള്ള അവരുടെ സേവനത്തിന് അവരെ അഭിവാദ്യം ചെയ്യുന്നു. സ്വപ്നത്തില്‍ പോലും അവരെ അപമാനിക്കുന്നതിനെക്കുറിച്ചു ചിന്തിക്കാന്‍ കഴിയില്ല. എന്റെ വാക്കുകള്‍ സമൂഹത്തെയും മതത്തെയും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ പത്തു തവണ ക്ഷമ ചോദിക്കാന്‍ തയാറാണ്' മന്ത്രി പിന്നീട് പറഞ്ഞു.
മന്ത്രിയുടെ വാക്കുകള്‍ക്കെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. വിജയ് ഷായെ സംസ്ഥാന മന്ത്രിസഭയില്‍നിന്നു പുറത്താക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. വിദേശകാര്യമന്ത്രാലയ ഉദ്യോഗസ്ഥരോടൊപ്പം ഓപ്പറേഷന്‍ സിന്ദൂറിന്റെ വിവരങ്ങള്‍ മാധ്യമങ്ങളോടു വിശദീകരിച്ചത് കേണല്‍ സോഫിയ ഖുറേഷിയും വിങ് കമാന്‍ഡര്‍ വ്യോമിക സിങ്ങുമായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates