എച്ച്എംപിവി  
India

ചൈനയിലെ വൈറസ് പകര്‍ച്ചയില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം; നിരീക്ഷണം തുടരും; ഹോങ്കോങ്ങിലും എച്ച്എംപിവി

'ലഭ്യമായ എല്ലാ മാര്‍ഗങ്ങളിലൂടെയും സ്ഥിതിഗതികള്‍ ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്'

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ചൈനയില്‍ പടര്‍ന്നു പിടിക്കുന്ന എച്ച്എംപിവി വൈറസ് ബാധ തല്‍ക്കാലം ഇന്ത്യയ്ക്ക് ഭീഷണിയല്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. സ്ഥിതി ഉന്നതതലയോഗം വിലയിരുത്തി. ലഭ്യമായ എല്ലാ മാര്‍ഗങ്ങളിലൂടെയും സ്ഥിതിഗതികള്‍ ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. സമയ ബന്ധിതമായ അപ്ഡേറ്റുകള്‍ നല്‍കാന്‍ ലോകാരോഗ്യ സംഘടനയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍, എച്ച്എംപിവി കേസുകള്‍ പരിശോധിക്കുന്ന ലബോറട്ടറികളുടെ എണ്ണം വര്‍ദ്ധിപ്പിക്കുമെന്നും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) വര്‍ഷം മുഴുവനും എച്ച്എംപിവിയുടെ ട്രെന്‍ഡുകള്‍ നിരീക്ഷിക്കുമെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍, നിലവിലെ ഇന്‍ഫ്‌ലുവന്‍സ സീസണ്‍ കണക്കിലെടുക്കുമ്പോള്‍ ചൈനയില്‍ അസാധാരണമായ സാഹചര്യം ഇല്ലെന്നാണ് ഉന്നത തലയോഗത്തിന്റെ വിലയിരുത്തല്‍.

ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ), ഡിസാസ്റ്റര്‍ മാനേജ്മെന്റ് (ഡിഎം) സെല്‍, ഇന്റഗ്രേറ്റഡ് ഡിസീസ് സര്‍വൈലന്‍സ് പ്രോഗ്രാം (ഐഡിഎസ്പി), നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ (എന്‍സിഡിസി), ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍), എമര്‍ജന്‍സി മെഡിക്കല്‍ റിലീഫ് (ഇഎംആര്‍) എന്നിവിടങ്ങളില്‍ നിന്നുള്ള വിദഗ്ധര്‍ ഡിവിഷനും എയിംസ്-ഡല്‍ഹി ഉള്‍പ്പെടെയുള്ള ആശുപത്രികളില്‍ നിന്നുള്ളവരും ഉന്നതതല യോഗത്തില്‍ പങ്കെടുത്തു. സീസണലായ സാഹചര്യങ്ങളാണ്, ഇന്‍ഫ്‌ലുവന്‍സ വൈറസ്, ആര്‍ എസ് വി, എച്ച്എംപിവി എന്നിവയുടെ വര്‍ധനയ്ക്ക് കാരണമെന്നാണ് വിലയിരുത്തല്‍.

കഴിഞ്ഞ ഏതാനും ആഴ്ചകളായി ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ ഇന്ത്യയില്‍ വന്‍തോതില്‍ ആശുപത്രികളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ചൈനയിലെ രോഗപ്പകര്‍ച്ചയില്‍ ഇന്ത്യയില്‍ പരിഭ്രാന്തി വേണ്ട. എച്ച്എംപിവി വൈറസിനെതിരെ പ്രത്യേക ആന്റി വൈറല്‍ ചികിത്സ കണ്ടുപിടിച്ചിട്ടില്ലാത്തതിനാല്‍, രോഗം പകരുന്നത് തടയാനുള്ള മുന്‍കരുതല്‍ സ്വീകരിക്കുകയാണ് അഭികാമ്യമെന്നും ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍ അസാധാരണ രോഗപ്പകര്‍ച്ച ഇല്ലെന്നാണ് ചൈനയുടെ വിശദീകരണം. രോഗം പടരുന്നത് തടയാന്‍ ചൈന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ചൈനയുമായി അടുത്തുള്ള രാജ്യങ്ങള്‍, തങ്ങളുടെ പൗരന്മാരോട് ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിനിടെ ഹോങ്കോങ്ങിലും എച്ച്എംപിവി വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തു. ശ്വാസകോശ അണുബാധയ്ക്ക് കാരണമാകുന്ന ഹ്യൂമന്‍ മെറ്റ്‌ന്യൂമോ വൈറസ് ആണ് രോഗം പടര്‍ത്തുന്നത്. കടുത്ത ചുമ, മൂക്കൊലിപ്പ്, അടഞ്ഞ മൂക്ക്, പനി, തൊണ്ടവേദന എന്നിവയാണ് സാധാരണ രോഗലക്ഷണങ്ങള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സതീശനെ കണ്ട് 'മുങ്ങി' രാഹുല്‍ മാങ്കൂട്ടത്തില്‍, ആശാ സമര വേദിയില്‍ 'ഒളിച്ചു കളി'

രാജാവിന്റെ നേട്ടം രാജാവിന്റെ മകനും ആവർത്തിക്കുമോ? എങ്കില്‍ പ്രണവിനെ കാത്തിരിക്കുന്നത് അപൂര്‍വ്വ നേട്ടം; മലയാള സിനിമയിലും ചരിത്രം

മുരിങ്ങയില കഴിക്കുന്നത് കൊണ്ടുള്ള ആരോ​ഗ്യ​ഗുണങ്ങൾ

വിദ്യാര്‍ഥികള്‍ക്ക് ഭാരമാകരുത്; കാര്‍ഷിക സര്‍വകലാശാല ഫീസ് കുറയ്ക്കുമെന്ന് മന്ത്രി പി പ്രസാദ്

മുംബൈ വിമാനത്താവളത്തില്‍ വന്‍ ലഹരി വേട്ട, 47 കോടിയുടെ കൊക്കെയ്‌നുമായി യുവതി പിടിയില്‍

SCROLL FOR NEXT