എൻഎസ് യു ഐയുടെ പ്രതിഷേധം  എക്സ്
India

പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് മുന്നില്‍ രാത്രി NSUI പ്രതിഷേധം; ആതിര, ജെബിമേത്തര്‍ അടക്കം കസ്റ്റഡിയില്‍

പ്രതിഷേധത്തിന് പിന്തുണയുമായെത്തിയ സിപിഐ നേതാവ് ആനി രാജയെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

ന്യൂഡല്‍ഹി: പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധിച്ച എന്‍എസ് യുഐ, കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസ് മര്‍ദ്ദനമേറ്റ ആതിര, ജെബി മേത്തര്‍ എംപി, എന്‍എസ് യു ഐ ദേശീയ അധ്യക്ഷന്‍ വിനോദ് ഝാക്കര്‍ അടക്കമുള്ളവരെയാണ് കസ്റ്റഡിയിലെടുത്തത്. പുലര്‍ച്ചെ നാലരയോടെയാണ് പൊലീസ് നടപടി. പ്രതിഷേധത്തിന് പിന്തുണയുമായെത്തിയ സിപിഐ നേതാവ് ആനി രാജയെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഇന്നലെ രാത്രിയാണ് എന്‍എസ് യുഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനുമുന്നില്‍ പ്രതിഷേധ ധര്‍ണ ആരംഭിച്ചത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിഷേധത്തിനിടെ ഡല്‍ഹി പൊലീസിന്റെ മര്‍ദ്ദനമേറ്റ മലയാളി NSU പ്രവര്‍ത്തക ആതിര വിജയന്‍, രാജസ്ഥാനില്‍നിന്നുള്ള NSU ദേശീയ സെക്രട്ടറി ഋതു ബരാല എന്നിവര്‍ നല്‍കിയ പരാതിയില്‍ കേസെടുക്കണം എന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. മര്‍ദ്ദനത്തിനിരയായ ആതിര വിജയന്‍, ഋതു അടക്കമുള്ള വിദ്യാര്‍ത്ഥികളാണ് പൊലീസ് സ്റ്റേഷന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചത്.

പലപ്പോഴും പ്രതിഷേധം സംഘര്‍ഷത്തിലേക്ക് നീണ്ടു. പൊലീസ് സ്റ്റേഷന്‍ പരിധിയുടെ പേരുപറഞ്ഞും പൊലീസ് കബളിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും എന്‍എസ് യുഐ ആരോപിച്ചു. യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ഉദയ്ബാനു ചിബിന്റെ നേതൃത്വത്തില്‍ കൂടുതല്‍ പ്രവര്‍ത്തകര്‍ എത്തിയതോടെ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. മര്‍ദ്ദനമേറ്റ ആതിരയുടെ പരാതിയില്‍ കേരളത്തില്‍ സിറോ FIR റജിസ്റ്റര്‍ ചെയ്തതിനാല്‍ ഡല്‍ഹിയില്‍ കേസെടുക്കേണ്ടതില്ലെന്നായിരുന്നു ഡല്‍ഹി പൊലീസിന്റെ നിലപാട്. പുലര്‍ച്ചെവരെ നീണ്ട പ്രതിഷേധത്തിനൊടുവില്‍ നേതാക്കളെയും പ്രവര്‍ത്തകരെയും പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കുകയായിരുന്നു.

NSUI protest held at night in front of Parliament Street Police Station

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡല്‍ഹിയിലും മുംബൈയിലും ഇന്ന് 'ലഹ്റ ദോ തിരംഗ' റാലി; സിജെപിക്ക് അനുമതി നല്‍കി പൊലീസ്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി: അപേക്ഷിക്കാനുള്ള വാര്‍ഷിക വരുമാന പരിധി കൂട്ടി; സാധാരണക്കാർക്ക് ആശ്വാസം

രാജ്യം വിടാനുള്ള ഉത്തരവ്: എഫ്ആര്‍ആര്‍ഒക്കെതിരെ ഇമ്രാന്‍ ഖാന്‍ ഹൈക്കോടതിയില്‍

ഇടുക്കിയില്‍ ഇന്ന് സിപിഎം ഹര്‍ത്താല്‍; പിന്തുണച്ച് വ്യാപാരികളും; പരീക്ഷകള്‍ മാറ്റി

അറബിക്കടലില്‍ ചക്രവാതച്ചുഴി; സംസ്ഥാനത്ത് ഇന്ന് അതിശക്തമഴ മുന്നറിയിപ്പ്; എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട്