ന്യൂഡല്‍ഹി: ലഡാക്കിന്റെ സംസ്ഥാന പദവിയുമായി ബന്ധപ്പെട്ട് വ്യക്തമായ റോഡ്മാപ്പ് തയ്യാറാക്കാന്‍ കേന്ദ്ര സര്‍ക്കാരിന് ഒരു വര്‍ഷത്തെ സമയം നല്‍കുമെന്ന് സാമൂഹിക പ്രവര്‍ത്തകനായ സോനം വാങ്ചുക്. പ്രദേശത്ത് ജനാധിപത്യപരമായ ഉത്തരവാദിത്തവും പ്രാദേശിക നിയന്ത്രണവും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ ആവശ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.
തെരഞ്ഞെടുക്കപ്പെട്ട നിയമസഭ നിലവില്‍ വരുന്നതിന് മുന്‍പ് തന്നെ ഭരണപരമായ തീരുമാനങ്ങള്‍ കേന്ദ്രം സ്വീകരിക്കുന്നതിനെ വാങ്ചുക് ചോദ്യം ചെയ്തു. ജനങ്ങള്‍ തെരഞ്ഞെടുത്ത നിയമസഭ രൂപീകരിക്കുന്നതിന് മുന്‍പ് ഭരണപരമായ തീരുമാനങ്ങള്‍ എടുക്കുന്നതാണ് ലഡാക്ക് നേരിടുന്ന പ്രധാന പ്രശ്‌നമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജനങ്ങളുടെ നിയമസഭയ്ക്കായിരിക്കണം എക്കാലത്തും പരമാധികാരമെന്നും വാങ്ചുക് അഭിപ്രായപ്പെട്ടു.
ഉദ്യോഗസ്ഥവൃന്ദം, ക്രമസമാധാനം, സാമ്പത്തിക അധികാരങ്ങള്‍ എന്നിവയെല്ലാം ആത്യന്തികമായി ആ പ്രദേശത്തെ ജനപ്രതിനിധികളുടെ കീഴിലായിരിക്കണം വരേണ്ടതെന്നും അദ്ദേഹം വാദിച്ചു. അതേസമയം, ലഡാക്കിന് ഉടന്‍തന്നെ പൂര്‍ണ സംസ്ഥാന പദവി വേണമെന്ന കടുത്ത നിലപാടില്‍ നിന്ന് അദ്ദേഹം അല്‍പ്പം അയവുവരുത്തി. ആദ്യ ഘട്ടത്തില്‍ തന്നെ എല്ലാം സ്വന്തമാക്കാന്‍ ലഡാക്കിന് കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
ലഡാക്ക് സാമ്പത്തികമായി സ്വയംപര്യാപ്തമല്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്ന സാഹചര്യത്തില്‍, തല്‍ക്കാലത്തേക്ക് തെരഞ്ഞെടുത്ത സര്‍ക്കാരുള്ള കേന്ദ്രഭരണ പ്രദേശമാകാന്‍ തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കി. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനും സ്വയംഭരണം പഠിക്കാനും ഏതാനും വര്‍ഷങ്ങള്‍ ഉപയോഗപ്പെടുത്താമെന്നും, അതിനുശേഷം സംസ്ഥാന പദവിയിലേക്ക് നീങ്ങാമെന്നും വാങ്ചുക് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇതിനായി കേന്ദ്രം വ്യക്തമായ പദ്ധതി തയ്യാറാക്കണമെന്നും, ഒരു വര്‍ഷത്തെ സമയപരിധിയാണ് അതിനായി നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates