ന്യൂഡല്‍ഹി: ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ലയെ പദവിയില്‍ നിന്നും നീക്കം ചെയ്യുന്നതിനായി പ്രതിപക്ഷം അവിശ്വാസ നോട്ടീസ് നല്‍കി. ഇന്ത്യാ മുന്നണിയിലെ പാര്‍ട്ടികളിലെ 118 എംപിമാരുടെ ഒപ്പുകളോടു കൂടിയ നോട്ടീസാണ് ലോക്സഭാ സെക്രട്ടറി ജനറല്‍ ഉത്പല്‍ കുമാര്‍ സിങ്ങിന് കൈമാറിയത്. ലോക്‌സഭയുടെ ചരിത്രത്തില്‍ ഇതു നാലാം തവണയാണ് അവിശ്വാസ നോട്ടീസ് നല്‍കുന്നത്.
ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 94(സി) പ്രകാരമാണ് സ്പീക്കറെ നീക്കം ചെയ്യാനുള്ള പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. തൃണമൂല്‍ കോണ്‍ഗ്രസ് നോട്ടീസില്‍ ഒപ്പുവെച്ചിട്ടില്ല. കോണ്‍ഗ്രസ് നേതാക്കളായ കെ സി വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, ഗൗരവ് ഗോഗോയ്, മുഹമ്മദ് ജാവേദ് എന്നിവരാണ് ഈ നോട്ടീസ് സമര്‍പ്പിച്ചത്. സ്പീക്കര്‍ ഓം ബിര്‍ല അങ്ങേയറ്റം പക്ഷപാതപരമായാണ് പെരുമാറുന്നതെന്ന് നോട്ടീസില്‍ കുറ്റപ്പെടുത്തുന്നു.
സഭാനടപടികളില്‍ പ്രതിപക്ഷ നേതാക്കള്‍ക്ക് സംസാരിക്കാന്‍ അനുവാദം നല്‍കുന്നില്ല. ഇതു മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും നോട്ടീസില്‍ ചൂണ്ടിക്കാട്ടുന്നു. 14 ദിവസത്തിന് ശേഷമാകും നോട്ടീസ് പരിഗണിക്കുക. എന്‍ഡിഎ ഭരണത്തില്‍ ഇത് ആദ്യമായിട്ടാണ് സ്പീക്കര്‍ക്കെതിരെ അവിശ്വാസ നോട്ടീസ് നല്‍കുന്നത്. നോട്ടീസ് 14 ദിവസത്തിന് ശേഷം പരിഗണിക്കും. ഉച്ചയോടെ പാര്‍ലമെന്ററി കാര്യമന്ത്രി കിരണ്‍ റിജിജുവുമായി ചര്‍ച്ച നടത്തിയെങ്കിലും സമവായമാകാത്തതിനെത്തുടര്‍ന്നാണ് നോട്ടീസ് നല്‍കിയത്.
നന്ദിപ്രമേയ ചര്‍ച്ചയ്ക്കിടെ രാഹുല്‍ ഗാന്ധിയെ പ്രസംഗം പൂര്‍ത്തിയാക്കാന്‍ അനുവദിക്കാതിരുന്നതും, ബഹളം ചൂണ്ടിക്കാട്ടി എട്ട് പ്രതിപക്ഷ എംപിമാരെ സസ്പെന്‍ഡ് ചെയ്തതുമാണ് സ്പീക്കര്‍ക്കെതിരെ രംഗത്തു വരാന്‍ പ്രതിപക്ഷത്തെ പ്രേരിപ്പിച്ചത്. പ്രതിപക്ഷ എംപിമാരെ ഈ സമ്മേളന കാലയളവു വരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സ്പീക്കറുടെ നടപടി പക്ഷപാതപരമാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു. മുന്‍ കരസേനാ മേധാവി എംഎം നരവനെയുടെ പുസ്തകത്തിലെ പരാമര്‍ശങ്ങള്‍ രാഹുല്‍ ഉന്നയിച്ചതാണ് ലോക്‌സഭയില്‍ വന്‍ ബഹളങ്ങള്‍ക്ക് വഴിതെളിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates