ന്യൂഡല്‍ഹി: രാജ്യം വീണ്ടുമൊരു പൊതു തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോള്‍ ഇടതുപക്ഷത്തിന്റെ പ്രസക്തിയും ചോദ്യമുനയിലാണ്. ദേശീയപാര്‍ട്ടി പദവി പോലും തുലാസിലായ വേളയിലാണ് ഇടതുപാര്‍ട്ടികള്‍ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്. 'കഴിഞ്ഞ നാല് വര്‍ഷമായി പാര്‍ട്ടിയുടെ സ്വതന്ത്ര ശക്തി കെട്ടിപ്പടുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുമ്പോള്‍, അതിനായി വേണ്ടത്ര രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവും സംഘടനാപരവുമായ ശ്രമങ്ങള്‍ ഞങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് പറയാന്‍ കഴിയില്ല.' 2019 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിലെ പ്രകടനം വിലയിരുത്തിക്കൊണ്ട്, 2022 ഏപ്രിലില്‍ കണ്ണൂരില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിച്ച സംഘടനാ റിപ്പോര്‍ട്ടില്‍ ഇങ്ങനെ പറയുന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഈ സാഹചര്യത്തില്‍ പ്രധാന ഇടതു പാര്‍ട്ടികളായ സിപിഎമ്മിന്റെയും സിപിഐയുടേയും തെരഞ്ഞെടുപ്പ് പ്രകടനങ്ങള്‍ പരിശോധിക്കാം. 2019 ല്‍ സിപിഎമ്മും സിപിഐയും പാര്‍ലമെന്റില്‍ ഒറ്റ അക്കത്തിലേക്ക് ചുരുങ്ങി. സിപിഎമ്മിന് മൂന്ന് സീറ്റുകള്‍ മാത്രമേ നേടാനായുള്ളൂ. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ വോട്ട് വിഹിതം 1.75 ശതമാനമായി കുറഞ്ഞു. സിപിഎമ്മിന്റെ മാത്രമല്ല, എല്ലാ ഇടതുപക്ഷ പാര്‍ട്ടികളുടെയും പ്രകടനം സ്വാതന്ത്ര്യത്തിനു ശേഷമുള്ള അവരുടെ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലായിരുന്നു.
സിപിഐക്ക് രണ്ട് സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. വോട്ട് വിഹിതം 0.58 ശതമാനമായി കുറഞ്ഞു. മറ്റൊരു ഇടതു പാര്‍ട്ടിയായ ആര്‍എസ്പിക്ക് 0.12 ശതമാനം വോട്ട് വിഹിതമാണ് നേടാനായത്. ഒരു സീറ്റും ലഭിച്ചു. സിപിഎം ആലപ്പുഴ, കോയമ്പത്തൂര്‍, മധുര സീറ്റുകള്‍ നേടിയപ്പോള്‍, സിപിഐ നാഗപട്ടണം, തിരുപ്പൂര്‍ സീറ്റുകളാണ് വിജയിച്ചത്. ഒരു കാലത്ത് ഇടതുപക്ഷത്തിന്റെ ഉരുക്കുകോട്ടയായിരുന്ന പശ്ചിമ ബംഗാളില്‍ ഇടതുപാര്‍ട്ടികള്‍ക്ക് ഒറ്റ സീറ്റുപോലും ലഭിച്ചില്ല.
പരമ്പരാഗത ഇടതുപക്ഷ കോട്ടകളായി കണക്കാക്കപ്പെട്ടിരുന്നവയാണ് ത്രിപുര, പശ്ചിമ ബംഗാള്‍, കേരളം എന്നി സംസ്ഥാനങ്ങള്‍. 1977 മുതല്‍ 2011 വരെ 34 വര്‍ഷം പശ്ചിമ ബംഗാളിലും, ത്രിപുരയില്‍ 1993 മുതല്‍ 2018 വരെ 25 വര്‍ഷവും ഇടതുമുന്നണി ഭരിച്ചു. 1957 മുതല്‍ കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാരുകള്‍ മാറിമാറി അധികാരത്തിലെത്തി. ചരിത്രത്തിലാദ്യമായി സംസ്ഥാനത്ത് എല്‍ഡിഎഫ് തുടര്‍ഭരണവും നേടി. 1996-98 കാലത്ത് മൂന്നാം മുന്നണിയിലും 2004ല്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎയിലും നിര്‍ണായക പങ്കുവഹിച്ച ഇടതുപാര്‍ട്ടികല്‍ ദേശീയതലത്തില്‍ ഇന്ന് പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്.
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സിപിഎം ഇതുവരെ 44 സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. പശ്ചിമ ബംഗാളിലെ 17 സ്ഥാനാര്‍ത്ഥികളും ഇതില്‍പ്പെടുന്നു. കൂടാതെ ആന്‍ഡമാന്‍ നിക്കോബാര്‍, ആന്ധ്ര, അസം, ബിഹാര്‍, കര്‍ണാടക, പഞ്ചാബ്, രാജസ്ഥാന്‍, തെലങ്കാന, ത്രിപുര, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലും സിപിഎം മത്സരരംഗത്തുണ്ട്. കേരളത്തില്‍ സിപിഎമ്മും സിപിഐയും അടങ്ങുന്ന ഇടതുമുന്നണിയാണ് മത്സരരംഗത്ത്.
1951-52 മുതല്‍ 2019 വരെയുള്ള തെരഞ്ഞെടുപ്പുകളിലെ ഇടതുപാര്‍ട്ടികളുടെ അംഗബലം പരിശോധിക്കാം. 1951-52 ല്‍ സിപിഐ 16 സീറ്റ് നേടിയപ്പോള്‍, ആര്‍എസ്പി മൂന്നും ഫോര്‍വേഡ് ബ്ലോക്ക് (മാര്‍ക്‌സിസ്റ്റ്) ഒരു സീറ്റും വിജയിച്ചു. 1956 ല്‍ സിപിഐ 27 സീറ്റ് നേടി. ഫോര്‍വേഡ് ബ്ലോക്കിന് രണ്ട് സീറ്റും കിട്ടി. 1962ല്‍ സിപിഐക്ക് 29 എംപിമാരാണ് ലഭിച്ചത്. ആര്‍എസ്പി രണ്ടു സീറ്റും നേടി.
1967 ല്‍ സിപിഐ 23, സിപിഎം 19, എന്നിങ്ങനെയായിരുന്നു വിജയം. 1971 ല്‍ സിപിഐ 23, സിപിഎം 25 ആര്‍എസ്പി മൂന്ന് എന്നിങ്ങനെയായി. 1977 ല്‍ സിപിഐ ഏഴു സീറ്റിലേക്ക് ചുരുങ്ങിയപ്പോള്‍ സിപിഎമ്മിന് 22 സീറ്റ് ലഭിച്ചു. ആര്‍എസ്പിക്ക് നാലും. 1980 ല്‍ സിപിഐക്ക് 10 ഉം സിപിഎമ്മിന് 37 സീറ്റും കിട്ടി. 1984 ല്‍ സിപിഐ 6, സിപിഎം 22, ആര്‍എസ്പി 3 എന്നിങ്ങനെയായി ചുരുങ്ങി. 1989 ല്‍ സിപിഐക്ക് 12 സീറ്റ് ലഭിച്ചപ്പോള്‍ സിപിഎം 33 ഇടത്ത് വിജയിച്ചു. ആര്‍എസ്പി നാലു സീറ്റും നേടി.
1991 ല്‍ സിപിഐ 14, സിപിഎം 35, ആര്‍എസ്പി 04 എന്നിങ്ങനെയും, 1996 ല്‍ സിപിഐ 12, സിപിഎം 32, ആര്‍എസ്പി 05 എന്നിങ്ങനെയും നേടി. 1998 ല്‍ സിപിഐ 09, സിപിഎം 32, 1999ല്‍ സിപിഐ 04, സിപിഎം 33, ആര്‍എസ്പി 03, 2004 ല്‍ സിപിഐ 10, സിപിഎം 43, ആര്‍എസ്പി 03, 2009 ല്‍ സിപിഐ 04, സിപിഎം 16, ആര്‍എസ്പി 03 എന്നിങ്ങനെയായിരുന്നു വിജയം. 2014 ല്‍ സിപിഐ 01, സിപിഎം 09, ആര്‍എസ്പി 01 എന്നിങ്ങനെയായി ചുരുങ്ങി. 2019 ലെ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സിപിഐ 02, സിപിഎം 03, ആര്‍എസ്പി 01 എന്ന നിലയിലേക്ക് താഴ്ന്നു.
ലോക്‌സഭ തെരഞ്ഞെടുപ്പുകളുടെ ചരിത്രം പരിശോധിച്ചാല്‍, 1967 മുതല്‍ 2004 വരെയുള്ള ഏതാണ്ട് നാലു പതിറ്റാണ്ടാണ് ഇന്ത്യയില്‍ ഇടതുപക്ഷത്തിന്റെ സുവര്‍ണ കാലഘട്ടമെന്ന് കാണാനാകും. ഓരോ തെരഞ്ഞെടുപ്പിലും സിപിഐയും സിപിഎമ്മും കൂടി ശരാശരി 50 സീറ്റോളം നേടിയിരുന്നു. 2004 ലാണ് സിപിഎം അതിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുന്നത്. സിപിഎം ഒറ്റയ്ക്ക് 43 സീറ്റുകളാണ് നേടിയത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിളര്‍പ്പിന് ശേഷം 1967 ലെ തെരഞ്ഞെടുപ്പില്‍ സിപിഐ 29 സീറ്റാണ് നേടിയിരുന്നത്.
തെരഞ്ഞെടുപ്പിലെ ജനപിന്തുണ ഗണ്യമായി കുറഞ്ഞിട്ടുണ്ടെങ്കിലും, രാജ്യത്തിന് മുന്നില്‍ ഒരു അജണ്ട മുന്നോട്ടുവെക്കാനുള്ള കഴിവ് പാര്‍ട്ടിക്ക് കൂടുതല്‍ ശക്തിപ്പെട്ടതായി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അഭിപ്രായപ്പെട്ടു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ഇടതുപക്ഷത്തിന്റെ തെരഞ്ഞെടുപ്പ് പ്രകടനത്തിലെ കുത്തനെയുള്ള ഇടിവ് 'നല്ല ലക്ഷണമല്ല' എന്ന് രാഷ്ട്രീയ നിരൂപകര്‍ അഭിപ്രായപ്പെടുന്നു. ജ്യോതിബസുവിനെ പ്രധാനമന്ത്രിയാക്കാനുള്ള അവസരം നിഷേധിച്ചത്, ആണവ കരാറിന്റെ പേരില്‍ യുപിഎ സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ചത് അടക്കമുള്ള അബദ്ധജടിലവും നിരുത്തരവാദപരവുമായ തീരുമാനങ്ങളും ഇടതുപക്ഷത്തിന്റെ തകര്‍ച്ചയ്ക്ക് കാരണമായതായി ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയിലെ (ജെഎന്‍യു) സെന്റര്‍ ഫോര്‍ പൊളിറ്റിക്കല്‍ സ്റ്റഡീസില്‍ അധ്യാപകനായ അജയ് ഗുഡാവര്‍ത്തി ചൂണ്ടിക്കാട്ടുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates