മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തതിന് പിന്നാലെ എംഎല്‍എമാര്‍ നല്‍കിയ സ്വീകരണം  പിടിഐ
India

'നാഗ്പൂര്‍ രാജ്യത്തിന് നല്‍കിയ സമ്മാനം'; അപാരമായ പാര്‍ട്ടിക്കൂറ്, മഹാരാഷ്ട്രയെ മാറ്റി മറിച്ച 'യുവതന്ത്രജ്ഞന്‍'

എളിമ മുഖമുദ്രമാക്കിയ ജനകീയനായ ഫഡ്‌നാവിസ് ഇത് മൂന്നാം തവണയാണ് മഹരാഷ്ട്രയുടെ മുഖ്യമന്ത്രി പദത്തിലെത്തുന്നത്.

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് ശേഷം ബിജെപി മുന്നണിയെ മിന്നുന്ന ജയത്തോടെ അധികാരത്തിലെത്തിച്ച മഹാരാഷ്ട്രയിലെ അതികായനായ നേതാവാണ് 54കാരനായ ദേവേന്ദ്ര ഫഡ്‌നാവിസ്. എളിമ മുഖമുദ്രമാക്കിയ ജനകീയനായ ഫഡ്‌നാവിസ് ഇത് മൂന്നാം തവണയാണ് മഹരാഷ്ട്രയുടെ മുഖ്യമന്ത്രി പദത്തിലെത്തുന്നത്. ആരെയും ആവേശം കൊള്ളിക്കുന്നതാണ് ഫഡ്‌നാവിസിന്റെ രാഷ്ട്രീയജീവിതം. നാഗ്പൂരിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി തുടങ്ങിയ ഫഡ്‌നാവിസ് കുറഞ്ഞ കാലത്തിനുള്ളില്‍ തന്നെ മഹാരാഷ്ട്ര ബിജെപി ഘടകത്തിന്റെ സമുന്നതനേതാവായി മാറുകയും ചെയ്തു.

2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പോടെയാണ് ഫഡ്‌നാവിസ് എന്ന രാഷ്ട്രീയ നേതാവിന്റെ കുതിപ്പ് തുടങ്ങുന്നത്. നരേന്ദ്രമോദിയില്‍ നിന്നും അമിത് ഷായില്‍ നിന്നും ലഭിച്ച കാര്യമായ പിന്തണ അദ്ദേഹത്തിന്റെ രാഷ്ട്രീയ വളര്‍ച്ചയ്ക്ക് മുതല്‍ക്കൂട്ടായി. 2014ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലാണ് മഹാരാഷ്ട്രയില്‍ പ്രചാരണം നടത്തിയതെങ്കിലും പാര്‍ട്ടിയുടെ വിജയത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്ന ദേവേന്ദ്ര ഫഡ്‌നാവിസ് നിര്‍ണായക പങ്കാണ് വഹിച്ചത്. 'നാഗ്പൂര്‍ രാജ്യത്തിന് നല്‍കിയ സമ്മാനമാണ് ദേവേന്ദ്ര ഫഡ്‌നാവിസ്' എന്നായിരുന്നു നരേന്ദ്ര മോദിയുടെ പ്രഖ്യാപനം.

ബിജെപി നിയമസഭാ കക്ഷിയോഗത്തിനെത്തുന്ന ഫഡ്നാവിസ്

ജനസംഘത്തിന്റെയും പിന്നീട് ബിജെപി നേതാവുമായ ഗംഗാധര്‍ ഫഡ്‌നാവിസിന്റെ മകനാണ് ദേവേന്ദ്ര ഫഡ്‌നാവിസ്. മഹാരാഷ്ട്രയിലെ ബിജെപിയുടെ സമുന്നത നേതാവായ നിതിന്‍ ഗഡ്കരി തന്റെ രാഷ്ട്രീയ ഗുരുവായി കാണുന്നത് ഗംഗാധര്‍ ഫഡ്‌നാവിസിനെയാണ്. 1989ല്‍ എബിവിപിയിലുടെയായിരുന്നു ദേവേന്ദ്രയുടെ രാഷ്ട്രീയ പ്രവേശം.

പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം

22 ാം വയസില്‍ നാഗ്പൂരില്‍ കൗണ്‍സിലറായ അദ്ദേഹം 1997 ല്‍ 27ാം വയസില്‍ നാഗ്പൂരിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി. 1999ല്‍ ആദ്യ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചു. പിന്നീട് തുടര്‍ച്ചായി നാഗ്പൂര്‍ വെസ്റ്റ് മണ്ഡലത്തില്‍ നിന്ന് നിയമസഭയിലെത്തി. കഴിഞ്ഞ മാസം നടന്ന തെരഞ്ഞെടുപ്പിലും ഫഡ്‌നാവിസ് നാഗ്പൂര്‍ വെസ്റ്റ് നിലനിര്‍ത്തി. മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് - എന്‍സിപി സര്‍ക്കാരിന്റെ അഴിമതി തുറന്നുകാട്ടിയ ഫഡ്‌നാവിസിനെതിരെ ഇന്നുവരെ ഒരു അഴിമതി ആരോപണം പോലും ഉയര്‍ന്നിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

ഫഡ്നാവിസ് അമിത്ഷാക്കൊപ്പം

മഹാരാഷ്ട്രയുടെ ആദ്യ ബിജെപി മുഖ്യമന്ത്രിയായിരുന്നു ദേവേന്ദ്ര ഫഡ്‌നാവിസ്. ശിവസേനയുടെ മനോഹര്‍ ജോഷിക്ക് പിന്നാലെ ബ്രാഹ്മണ സമുദായത്തില്‍ നിന്നുള്ള രണ്ടാമത്തെ മുഖ്യമന്ത്രി. 2014 ഒക്ടോബര്‍ 31 മുതല്‍ 2019 നവംബര്‍ 12 വരെ അഞ്ച് വര്‍ഷവും പിന്നീട് 2019 നവംബര്‍ 23 മുതല്‍ നവംബര്‍ 28 വരെ അഞ്ച് ദിവസവും സംസ്ഥാനത്ത് മുഖ്യമന്ത്രിയായ ദേവേന്ദ്ര ഫഡ്‌നാവിസ്, തുടര്‍ന്ന് മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയ്ക്കു കീഴില്‍ ഉപമുഖ്യമന്ത്രിയായും പ്രവര്‍ത്തിച്ചു.

ഉദ്ദവ് താക്കറെക്കൊപ്പം ഫഡ്നാവിസ്

2019ല്‍ വീണ്ടും ഭൂരിപക്ഷം ലഭിച്ചെങ്കിലും മുഖ്യമന്ത്രിപദത്തെ ചൊല്ലി ശിവസേനയുമായി അഭിപ്രായഭിന്നത രൂപപ്പെട്ടതോടെ രാഷ്ട്രീയ നാടകങ്ങള്‍ക്ക് അരങ്ങൊരുങ്ങി. ശിവസേന മുന്നണി വിട്ടതോടെ എന്‍സിപി നേതാവ് അജിത് പവാറിനെ ഒപ്പംകൂട്ടി രണ്ടാം തവണയും മുഖ്യമന്ത്രിയായി ഫഡ്‌നാവിസ് സത്യപ്രതിജ്ഞ ചെയ്തു. എന്നാല്‍, സുപ്രീംകോടതി ഉത്തരവിട്ട അവിശ്വാസ പ്രമേയം നടക്കുന്നതിന് മുമ്പ്, മുഖ്യമന്ത്രിപദത്തില്‍ നിന്ന് ഫഡ്‌നാവിസ് രാജിവച്ചു.

ഫഡ്നാവിസ്

2022 ജൂണില്‍, ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ ശിവസേനയ്ക്കുള്ളില്‍ ഉയര്‍ന്ന കലാപത്തെത്തുടര്‍ന്ന്, ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ വീണ്ടും സര്‍ക്കാര്‍ രൂപീകരിച്ചപ്പോള്‍, ഉപമുഖ്യമന്ത്രിയായി സര്‍ക്കാരില്‍ തിരിച്ചെത്താന്‍ ബിജെപി നേതൃത്വം ഫഡ്‌നാവിസിനോട് നിര്‍ദ്ദേശിച്ചു. തുടക്കത്തില്‍ വിമുഖത കാട്ടിയെങ്കിലും, ഫഡ്‌നാവിസ് ചുമതല ഏറ്റെടുത്ത്, പാര്‍ട്ടി നേതൃത്വത്തോടുള്ള വിശ്വസ്തത പ്രകടിപ്പിച്ചു. 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ടിട്ടും നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബിജെപിയും സഖ്യകക്ഷികളും തമ്മിലുള്ള സീറ്റ് വിഭജനം വലിയ തര്‍ക്കങ്ങളില്ലാതെ പൂര്‍ത്തിയാക്കുന്നതിലും പ്രചാരണം നയിച്ച് മുന്നണിയെ വീണ്ടും ഭരണത്തിലെത്തിക്കുന്നതിലും അദ്ദേഹം നിര്‍ണായക പങ്ക് വഹിച്ചു. ഇത്തവണ മികച്ച ഭൂരിപക്ഷം നേടിയതോടെ ഫഡ്‌നാവിസ് വീണ്ടും മുഖ്യമന്ത്രി പദത്തിലേക്ക്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സ്വര്‍ണം കവരാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അവസരം ഒരുക്കി'; ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാര്‍ അറസ്റ്റില്‍

'വോട്ടര്‍മാര്‍ക്ക് ഇരിപ്പിടം ഉറപ്പാക്കണം, വെള്ളം നല്‍കണം, തിരക്ക് അറിയാന്‍ മൊബൈല്‍ ആപ്പ്'; നിര്‍ദേശങ്ങളുമായി ഹൈക്കോടതി

റിയല്‍ ടൈം ബുക്കിങ് വഴി ഒരുദിവസം 20,000 ഭക്തര്‍ക്ക് ദര്‍ശനം, തീര്‍ഥാടന പാതയില്‍ സ്വാഭാവിക മരണത്തിനും നഷ്ടപരിഹാരം; ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നുമുതല്‍

ശബരിമല സ്വർണക്കൊള്ളയിൽ മുൻ എക്‌സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാർ അറസ്റ്റിൽ, പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്!; ഈ മാസം 11 ദിവസം ബാങ്ക് അവധി, പട്ടിക ഇങ്ങനെ

SCROLL FOR NEXT