ന്യൂഡല്‍ഹി: പ്രക്ഷോഭം നടത്തി എന്നതുകൊണ്ടു മാത്രം ലാത്തിച്ചാര്‍ജ് നടത്തുന്നതിനെ ന്യായീകരിക്കാനാവില്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്. സമാധാനപരമായും നിയമപരവുമായ പ്രതിഷേധങ്ങള്‍ നടത്താനുള്ള അവകാശം ഭരണഘടനാപരമായി സംരക്ഷിക്കപ്പെട്ടിട്ടുള്ളതാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധങ്ങള്‍ക്ക് നേരെ പൊലീസ് അമിത ബലപ്രയോഗം നടത്തുന്നുവെന്ന് ആരോപിച്ച് സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കുമ്പോഴാണ് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി മോഹന എന്നിവരടങ്ങിയ ബെഞ്ചിന്റെ നിരീക്ഷണം. പൊലീസ് അതിക്രമങ്ങളെക്കുറിച്ചുള്ള ആരോപണങ്ങള്‍ സ്വതന്ത്രമായി പരിശോധിക്കണമെന്നും പ്രകടനങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് രാജ്യത്തുടനീളം ഏകീകൃത പൊലീസ് പ്രോട്ടോക്കോള്‍ ആവശ്യമാണെന്നും കോടതി എടുത്തുപറഞ്ഞു.
പ്രക്ഷോഭം സമാധാനപരമായിരിക്കുന്നിടത്തോളം കാലം അവിടെ പ്രക്ഷോഭം നടക്കുന്നു എന്ന കാരണത്താല്‍ അമിത ബലപ്രയോഗം നടത്താനാവില്ല. അമിത ബലപ്രയോഗം നടന്നിട്ടുണ്ടെങ്കില്‍ അത് സ്വതന്ത്രമായി പരിശോധിക്കണം. ഇത് ഡല്‍ഹിയുടെ മാത്രം കാര്യമല്ല. പ്രോട്ടോക്കോളില്‍ ഏകീകൃതത്വം ആവശ്യമാണ്. പ്രക്ഷോഭം നടന്നു എന്നതുകൊണ്ട് ലാത്തിച്ചാര്‍ജ്ജ് വേണമെന്ന് അര്‍ത്ഥമില്ല. ജനാധിപത്യ പ്രക്രിയയില്‍ അച്ചടക്കം അവിഭാജ്യഘടകമാണ്. വ്യക്തികള്‍ക്ക് ഉണ്ടാകുന്ന പരിക്ക്, അത് പൊലീസുകാര്‍ക്കായാലും വിദ്യാര്‍ത്ഥികള്‍ക്കായാലും, ഒരുപോലെ ആശങ്കാജനകമാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്ച, സീനിയര്‍ അഡ്വക്കേറ്റ് ഗോപാല്‍ ശങ്കരനാരായണന്‍, ചീഫ് ജസ്റ്റിസ് കാന്ത് അധ്യക്ഷനായ ബെഞ്ചിന് മുന്നില്‍ ഈ വിഷയം പരാമര്‍ശിച്ചിരുന്നു. നിലവിലുള്ള പ്രതിഷേധങ്ങളും പൊലീസ് അമിത ബലപ്രയോഗം നടത്തിയതായി പുറത്തുവരുന്ന റിപ്പോര്‍ട്ടുകളും ചൂണ്ടിക്കാട്ടി വിഷയത്തില്‍ അടിയന്തര വാദം കേള്‍ക്കണമെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ആവശ്യപ്പെട്ടു. ഇതിന് മറുപടിയായി കേസ് പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് ഉറപ്പുനല്‍കിയിരുന്നു. ജന്തര്‍ മന്തറില്‍ നടന്ന പ്രതിഷേധത്തിനിടെ പൊലീസ് ബലപ്രയോഗം നടത്തിയത് സംബന്ധിച്ച ഹര്‍ജി പരിഗണിക്കാന്‍ ജൂലൈ 22ന് ചീഫ് ജസ്റ്റിസ് വിസമ്മതിച്ചിരുന്നു. എന്നാല്‍ അന്ന് കോടതിക്ക് മുന്നില്‍ ലിസ്റ്റ് ചെയ്ത ഹര്‍ജി ഉണ്ടായിരുന്നില്ലെന്നാണ് അദ്ദേഹം പിന്നീട് വ്യക്തമാക്കിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates