

ന്യൂഡല്‍ഹി: റോഡരികിലെ പ്ലാറ്റ്‌ഫോമില്‍ കിടന്നുറങ്ങിയതുകൊണ്ടാണ് അപകടമുണ്ടായത് എന്ന വാദം ഡ്രൈവറുടെ അശ്രദ്ധയെ കുറയ്ക്കുന്ന കാരണമായി കാണാന്‍ കഴിയില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. റോഡപകടത്തില്‍ ഇരയായവര്‍ക്കും മരിച്ചവര്‍ക്കും ബന്ധുക്കള്‍ക്കും ലഭിക്കേണ്ട നഷ്ടപരിഹാരത്തുക ഉയര്‍ത്തിക്കൊണ്ടാണ് ഡല്‍ഹി ഹൈക്കോടതിയുടെ വിധി.
അപകടത്തിലേക്ക് നയിച്ച കാരണങ്ങളിൽ പകുതിയോളം ഇരകളുടെ ഭാഗത്തു നിന്നുണ്ടായ അശ്രദ്ധയാണെന്ന് മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണല്‍ ഈ കേസില്‍ നിരീക്ഷണം നടത്തിയിരുന്നു. എന്നാല്‍ ഹൈക്കോടതി ഇത് റദ്ദാക്കുകയായിരുന്നു. നടന്നുപോകാനോ നില്‍ക്കാനോ വിശ്രമിക്കാനോ ആയിട്ടാവും കാല്‍നടയാത്രക്കാരന്‍ ഫൂട്പാത്ത് ഉപയോഗിക്കുന്നത്. അവിടേയ്ക്ക് ഒരു വാഹനം ഇടിച്ചു കയറും എ്‌ന് മുന്‍കൂട്ടി പ്രതീക്ഷിക്കേണ്ടതില്ല. കാല്‍നടയാത്രക്കാര്‍ക്കായി നീക്കിവെച്ചിരിക്കുന്ന സ്ഥലങ്ങളിലൂടെ വാഹനം ഓടിക്കുമ്പോള്‍ ഡ്രൈവര്‍മാര്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു.
' രാജ്യത്തെ പൌരൻമാരിൽ പലരും ഭവനരഹിതരാണെന്നുള്ളത് നിര്‍ഭാഗ്യകരമായ ഒരു യാഥാര്‍ത്ഥ്യമാണ്. നിര്‍മാണ തൊഴിലാളികളും മറ്റും രാത്രി ജോലി കഴിഞ്ഞ് ഉറങ്ങാന്‍ ഇടമില്ലാതെ വലയുകയാണ്. അത്തരം ആളുകള്‍ക്ക് ഇത്തരം പ്ലാറ്റ്ഫോമുകള്‍ താരതമ്യേന സുരക്ഷിതമായ വിശ്രമകേന്ദ്രങ്ങളാണ്. അവിടേക്ക് വാഹനങ്ങള്‍ കയറിവന്ന് തങ്ങളെ ഇടിച്ചുതെറിപ്പിക്കും എന്ന് അവര്‍ പ്രതീക്ഷിക്കുന്നില്ല. പ്ലാറ്റ്ഫോമില്‍ കിടന്നുറങ്ങുന്നത് അവര്‍ ഒരു മുന്‍കരുതലോടെ എടുത്ത തീരുമാനമാണെങ്കില്‍ പോലും, അതിനെ ഒരു കാരണവശാലും ഇരകളുടെ ഭാഗത്തുനിന്നുള്ള അശ്രദ്ധയായി ചിത്രീകരിക്കാന്‍ കഴിയില്ല, കോടതി വ്യക്തമാക്കി. നിയമപ്രകാരം വാഹനങ്ങള്‍ ഓടിക്കാന്‍ പാടില്ലാത്ത ഇടങ്ങളില്‍, അത് ഉദ്ദേശിച്ച കാര്യത്തിന് ഉപയോഗിക്കുന്നില്ലെങ്കില്‍ പോലും വാഹനം കയറ്റുന്നത് പൂര്‍ണ്ണമായും നിരോധിച്ചിട്ടുള്ളതാണെന്ന് കോടതി കൂട്ടിച്ചേര്‍ത്തു.
2015 ഒക്ടോബറില്‍ പുലര്‍ച്ചെ 4:30-ഓടെ മാദിപൂര്‍ മെട്രോ സ്റ്റേഷന് താഴെയുള്ള പ്ലാറ്റ്ഫോമില്‍ കിടന്നുറങ്ങുകയായിരുന്ന നാലുപേരുടെ മേലേക്ക് അമിതവേഗതയിലെത്തിയ ട്രക്ക് ഇടിച്ചുകയറിയതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുകയായിരുന്നു കോടതി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപയും പരിക്കേറ്റ മറ്റു രണ്ടുപേര്‍ക്ക് നഷ്ടപരിഹാരവും അനുവദിച്ചു കൊണ്ടാണ് കോടതി ഉത്തരവ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates