Jharkhand High Court file
India

ജീവനാംശം എത്ര നൽകണം? ഗണിത സൂത്രങ്ങളില്ല; നിർണ്ണായക നിരീക്ഷണവുമായി ഹൈക്കോടതി

വിവാഹമോചനം അനുവദിച്ച ഫാമിലി കോടതി വിധി ശരിവെച്ചുകൊണ്ടായിരുന്നു ഡിവിഷന്‍ ബെഞ്ചിന്റെ നിരീക്ഷണം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ആതിര അഗസ്റ്റിന്‍

റാഞ്ചി: ജീവനാംശം നിര്‍ണയിക്കുന്ന സമയത്ത് ഭാര്യയുടെ സാമ്പത്തിക സുരക്ഷിതത്വവും ഭര്‍ത്താവിൻറെ വരുമാന ശേഷിയും തമ്മില്‍ സന്തുലിതാവസ്ഥ പാലിക്കണമെന്ന് ജാര്‍ഖണ്ഡ് ഹൈക്കോടതി. ഇതിനായി പ്രത്യേക ഗണിത സൂത്രങ്ങളൊന്നും ഉപയോഗിക്കാനാകില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

വിവാഹമോചനം അനുവദിച്ച കുടംബ കോടതി വിധി ശരിവെച്ചുകൊണ്ടായിരുന്നു ഡിവിഷന്‍ ബെഞ്ചിന്റെ നിരീക്ഷണം. അപ്പീല്‍ നിലനില്‍ക്കെ ഭര്‍ത്താവ് രണ്ടാം വിവാഹം കഴിച്ചതിനാല്‍ ഇരുവരും തമ്മില്‍ ഒത്തുതീര്‍പ്പിനുള്ള സാധ്യതകള്‍ ഇല്ലാതായെന്ന് ചൂണ്ടിക്കാട്ടി, ഭാര്യയ്ക്ക് 30 ലക്ഷം രൂപ ജീവനാംശമായി നല്‍കാന്‍ ഭര്‍ത്താവിനോട് നിര്‍ദ്ദേശിച്ചു.

ഹിന്ദു വിവാഹ നിയമ പ്രകാരം ഭര്‍ത്താവിന് വിവാഹമോചനം അനുവദിച്ച ലാതേഹാര്‍ കുടംബ കോടതി പ്രിന്‍സിപ്പല്‍ ജഡ്ജിയുടെ വിധിക്കെതിരെയാണ് ഭാര്യ ഹൈക്കോടതിയെ സമീപിച്ചത്.

അപ്പീല്‍ പരിഗണനയിലിരിക്കെ, കുടംബ കോടതിയില്‍ നിന്ന് വിവാഹമോചന വിധി സമ്പാദിച്ച ശേഷം ഭര്‍ത്താവ് രണ്ടാമതും വിവാഹം കഴിച്ചതായി കോടതി നിരീക്ഷിച്ചു. ഈ സാഹചര്യത്തില്‍ ഇരുവരും തമ്മില്‍ വീണ്ടും ഒന്നാകാന്‍ സാധ്യതയില്ലെന്ന് ബെഞ്ച് വിലയിരുത്തി. തുടര്‍ന്ന്, വിവാഹമോചനത്തിന്റെ നിയമപരമായ സാധുതയില്‍ അപ്പീലുമായി മുന്നോട്ട് പോകുന്നില്ലെന്നും, സ്ഥിര ജീവനാംശത്തിന്റെ കാര്യത്തില്‍ മാത്രം തര്‍ക്കം പരിഹരിക്കണമെന്നും ഇരുഭാഗവും കോടതിയെ അറിയിച്ചു.

തനിക്ക് ജോലിയൊന്നുമില്ലെന്നും വഴിയോരത്ത് പച്ചക്കറിക്കട നടത്തുന്ന അമ്മയെ സഹായിക്കുക മാത്രമാണ് ചെയ്യുന്നതെന്നും, ദിവസേന 200 മുതല്‍ 300 രൂപ വരെ മാത്രമാണ് വരുമാനമെന്നും ഭാര്യ സത്യവാങ്മൂലത്തിലൂടെ വ്യക്തമാക്കി. എന്നാല്‍, ഭര്‍ത്താവ് പൊലീസില്‍ കോണ്‍സ്റ്റബിളായി ജോലി ചെയ്യുകയാണെന്നും പ്രതിമാസം മൊത്തം 66,097 ശമ്പളവും പിടുത്തങ്ങള്‍ക്ക് ശേഷം കൈയില്‍ 40,354 ലഭിക്കുന്നുണ്ടെന്നും വെളിപ്പെടുത്തി.

ഇടക്കാല/സ്ഥിര ജീവനാംശം നല്‍കുന്നതിന്റെ പ്രധാന ലക്ഷ്യം വിവാഹബന്ധം തകരുന്നതിലൂടെ ആശ്രയിച്ചു കഴിയുന്ന പങ്കാളി ദാരിദ്ര്യത്തിലേക്കോ അനാഥത്വത്തിലേക്കോ തള്ളപ്പെടരുത് എന്ന് ഉറപ്പാക്കലാണ്, അല്ലാതെ മറ്റേ പങ്കാളിക്കുള്ള ശിക്ഷയല്ലെന്നും കോടതി നിരീക്ഷിച്ചു. ഇരുവരുടെയും സാമ്പത്തിക നിലവാരം, വരുമാന ശേഷി, ദാമ്പത്യ ജീവിതകാലത്തെ ജീവിതനിലവാരം, ഭാവി ആവശ്യങ്ങള്‍, ജീവനാംശം നല്‍കേണ്ട പങ്കാളിയുടെ ഉത്തരവാദിത്തങ്ങള്‍ എന്നിവ പരിഗണിച്ചായിരിക്കണം തുക നിശ്ചയിക്കേണ്ടതെന്ന് കോടതി വ്യക്തമാക്കി. കൂടാതെ, ഈ വിലയിരുത്തല്‍ ഊഹാപോഹങ്ങളെ അടിസ്ഥാനമാക്കിയാകരുത് എന്നും, ജീവനാംശം നല്‍കേണ്ടയാളുടെ യഥാര്‍ത്ഥ വരുമാനത്തെ അടിസ്ഥാനമാക്കിയായിരിക്കണമെന്നും കോടതി ഊന്നിപ്പറഞ്ഞു.

ഭാര്യയ്ക്ക് ചെറിയ തോതില്‍ വരുമാനമുണ്ടെന്ന കാരണം കൊണ്ട് മാത്രം ജീവനാംശത്തിനുള്ള അവകാശം ഇല്ലാതാകുന്നില്ലെന്നും, വിവാഹ ജീവിതത്തിലുണ്ടായിരുന്ന ജീവിതനിലവാരം പുലര്‍ത്താന്‍ ആ വരുമാനം തികയാതെ വരുമ്പോള്‍ ജീവനാംശത്തിന് അവകാശമുണ്ടെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.

ജീവനാംശം എന്നത് ഒരു ദാനമല്ല, മറിച്ച് ദാമ്പത്യ ബന്ധത്തില്‍ നിന്ന് ഉടലെടുക്കുന്ന തുടര്‍ച്ചയായ അവകാശവും ഉത്തരവാദിത്തവുമാണ്. ഏകദേശം 28 വയസ്സുള്ള ഭാര്യയ്ക്ക് ഇനിയും പതിറ്റാണ്ടുകളോളം ജീവിക്കേണ്ടതുണ്ടെന്നും, അതിനാല്‍ ജീവനാംശം അവര്‍ക്ക് അനുയോജ്യമായ സാമ്പത്തിക സുരക്ഷിതത്വം നല്‍കണമെന്നും കോടതി നിരീക്ഷിച്ചു. ഭര്‍ത്താവിന് മറ്റ് സാമ്പത്തിക ബാധ്യതകള്‍ ഉണ്ടെങ്കിലും, ഭാര്യയ്ക്ക് മാന്യമായ ജീവിതനിലവാരം ഉറപ്പാക്കേണ്ട ഉത്തരവാദിത്തം അദ്ദേഹത്തിനുണ്ടെന്നും ബെഞ്ച് വ്യക്തമാക്കി.

Permanent Alimony Must Balance Wife's Financial Security and Husband's Paying Capacity: Jharkhand High Court

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെണ്‍മക്കള്‍ എന്ന് പറഞ്ഞിട്ടില്ല; മക്കള്‍ക്ക് പകര്‍ന്നു നല്‍കണമെന്നാണ് പറഞ്ഞത്; ഇതില്‍ എന്ത് സ്ത്രീ വിരുദ്ധത?; വിശദീകരണവുമായി മുഖ്യമന്ത്രി

കൈയില്‍ അധിക പണം എത്തിയോ?; വായ്പ ക്ലോസ് ചെയ്യണോ?, നിക്ഷേപിക്കണോ?, ഇങ്ങനെ പ്ലാന്‍ ചെയ്യൂ

ഐഐടി മദ്രാസ് ഡയറക്ടർ 'ഗോമൂത്ര വിദഗ്ധൻ': പ്രിയങ്ക ഗാന്ധിയുടെ പരാമർശത്തിൽ വാക്പോര്; ആരാണ് വി കാമകോടി?

'രാഹുല്‍ ഗാന്ധി 24 മണിക്കൂറും ലഹരിയില്‍; ബാബറി മസ്ജിദ് തകര്‍ത്തപ്പോലെ ഇല്ലാതാക്കും'; ബിജെപി എംഎല്‍എയ്‌ക്കെതിരെ കേസ്

തിയറ്ററിൽ മിസ് ആയോ ? ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ബയോപിക് ഇനി തൊട്ടരികെ; 'മൈക്കൽ' ഒടിടിയിൽ എവിടെ, എപ്പോൾ കാണാം