കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പ് റാലിക്കിടെ ബംഗാൾ ജനതയുടെ പ്രിയപ്പെട്ട തെരുവ് ഭക്ഷണമായ ഝാൽമുരി വാങ്ങി കഴിക്കുന്ന പ്രധാനമന്ത്രി നേരേന്ദ്ര മോദിയുടെ ചിത്രങ്ങളും വിഡിയോയും വൈറൽ. ഷാർഗ്റാമിലെ പലഹാരക്കടയിൽ കയറിയാണ് പ്രധാനമന്ത്രി ഝാൽമുരി പണം കൊടുത്തു വാങ്ങിയത്. കടക്കാൻ പണം ആദ്യ വാങ്ങാൻ തയ്യാറാകുന്നില്ലെങ്കിലും പ്രധാനമന്ത്രി നിർബന്ധിച്ചു പണം കൊടുക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
ഞായറാഴ്ച പുരൂലിയ, ഷാർഗ്റാം, മേദിനിപുർ, ബിഷ്ണുപുർ എന്നിവിടങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ റാലികൾ. അതിനിടെയാണ് അദ്ദേഹം ചെറിയ കടയിൽ കയറി തെരുവു ഭക്ഷണം ആസ്വദിച്ചത്.
പൊരി വച്ചുണ്ടാക്കുന്ന ഒരു പലഹാരമാണ് ഝാൽമുരി. ഉള്ളി, പൊരി, കടല, കടുകെണ്ണ, മുളകുപൊടി, മല്ലിയില, നാരങ്ങാനീര് എന്നിവയെല്ലാം ചേർത്താണ് ഈ പലകഹാരമുണ്ടാക്കുന്നത്.
'ഷാർഗ്റാമിലെ ഝാൽമുരി ഇടവേള' എന്ന ക്യാപ്ഷനോടെ പ്രധാനമന്ത്രി തന്റെ ഔദ്യോഗിക എക്സ് ഹാൻഡിലിൽ വിഡിയോ പങ്കിട്ടു. 'തിരക്കേറിയ ഞായറാഴ്ച പശ്ചിമ ബംഗാളിലെ നാല് റാലികൾക്കിടെ ഷാർഗ്റാമിൽ വച്ച് രുചികരമായ ഝാൽമുരി കഴിച്ചു' എന്ന് അദ്ദേഹം ചിത്രങ്ങൾ പങ്കിട്ടും കുറിച്ചു.
അപ്രതീക്ഷിതമായി പ്രധാനമന്ത്രി കടയിൽ കയറിയതോടെ ചുറ്റും ആളുകളും തടിച്ചു കൂടി. താൻ വാങ്ങിയ ഝാൽമുരി അവിടെ നിന്ന ആൾക്കൂട്ടത്തിലെ പലർക്കും പങ്കിട്ടു നൽകാനും മോദി മറന്നില്ല. പലരോടും കുശലം ചോദിച്ചും മറ്റുമാണ് അദ്ദേഹം സമയം ചെലവിട്ടത്. പലരും പ്രധാനമന്ത്രിയുടെ ചിത്രം ഫോണിൽ പകർത്തുന്നുമുണ്ടായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates