ഡല്‍ഹി സ്‌ഫോടനത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലെത്തി കാണുന്ന പ്രധാനമന്ത്രി 
India

'വേഗം സുഖം പ്രാപിക്കട്ടെ'; ഭൂട്ടാനില്‍ നിന്നെത്തിയതിന് പിന്നാലെ ആശുപത്രിയിലെത്തി മോദി

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ആശുപത്രിക്ക് പുറത്ത് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.

സമകാലിക മലയാളം ഡെസ്ക്

ന്യുഡല്‍ഹി: ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരെ സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ടുദിവസത്തെ ഭൂട്ടാന്‍ സന്ദര്‍ശനം കഴിഞ്ഞ് ഡല്‍ഹിയില്‍ മടങ്ങി എത്തിയതിന് തൊട്ടുപിന്നാലെയാണ് മോദി ലോക്‌നായക് ആശുപത്രിയിലെത്തിയത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ആശുപത്രിക്ക് പുറത്ത് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.

'എല്‍എന്‍ജെപി ആശുപത്രി സന്ദര്‍ശിക്കുകയും ഡല്‍ഹി സ്‌ഫോടനത്തില്‍ പരിക്കേറ്റവരെ കാണുകയും ചെയ്തു. അവര്‍ വേഗത്തില്‍ സുഖം പ്രാപിക്കാന്‍ പ്രാര്‍ഥിക്കുന്നു. ഈ ആക്രമണത്തിന് പിന്നിലെ നിഗൂഡ ശക്തികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരും'- മോദി എക്‌സില്‍ കുറിച്ചു

തിങ്കളാഴ്ച വൈകുന്നേരം 6.55 ഓടെയാണ് ചെങ്കോട്ടയ്ക്ക് സമീപത്ത് കാര്‍ സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തില്‍ 13 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്ക് ഏല്‍ക്കുകയും ചെയ്തു. സ്ഫോടനത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് പിടിയിലായ ഫരീദാബാദ് ഭീകരസംഘവുമായി ബന്ധമുള്ള ഡോക്ടറും ചാവേര്‍ ബോംബറുമായ ഉമര്‍ നബി ആണ് ആക്രമണം നടത്തിയത് എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. റെയ്ഡില്‍, അമോണിയം നൈട്രേറ്റ് ഉള്‍പ്പെടെ ഏകദേശം 2,900 കിലോഗ്രാം ബോംബ് നിര്‍മ്മാണ വസ്തുക്കള്‍ അധികൃതര്‍ കണ്ടെടുത്തിരുന്നു.

അതിനിടെ ചെങ്കോട്ടയ്ക്ക് സമീപത്തെ സ്ഫോടനത്തില്‍ എന്‍ഐഎ അന്വേഷണം ഊര്‍ജ്ജിതമാക്കി.കഴിഞ്ഞ ദിവസം ഫരീദാബാദ്, സഹറന്‍പുര്‍ എന്നിവിടങ്ങളില്‍ നിന്ന് അറസ്റ്റിലായ ഡോക്ടര്‍മാരായ ആദില്‍, മുസ്മീല്‍, ഷഹീനാ എന്നിവരെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യും. ആക്രമണത്തില്‍ പാക് ഭീകര സംഘടന ആയ ജയ്ഷെ മുഹമ്മദിന്റെ പങ്ക് സംശയിക്കുമ്പോഴും ഇതുവരെയും സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല.

സ്ഫോടനത്തിന് ഉപയോഗിച്ച വെളുത്ത ഹ്യുണ്ടായ് ഐ 20 കാര്‍ ഹരിയാനയിലെ ഫരീദാബാദിലെ അല്‍-ഫലാഹ് മെഡിക്കല്‍ കോളജ് കാമ്പസിനുള്ളില്‍ ഏകദേശം 11 ദിവസത്തോളം പാര്‍ക്ക് ചെയ്തിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി. ആക്രമണത്തിന്റെ ദിവസം രാവിലെ ചാവേര്‍ ബോംബര്‍ എന്ന് സംശയിക്കപ്പെടുന്ന ഡോ. ഉമര്‍ നബി കോളജ് കാമ്പസില്‍ നിന്ന് കാര്‍ പുറത്തേയ്ക്ക് ഓടിച്ചുകൊണ്ടുപോകുകയായിരുന്നുവെന്നും അധികൃതര്‍ വ്യക്തമാക്കി. തുടര്‍ന്നായിരുന്നു സ്ഫോടനം.

PM Modi Meets Delhi Blast Victims At Hospital After Returning From Bhutan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിപിഐ വീണ്ടും ഉടക്കി, ഒടുവില്‍ പിഎം ശ്രീ മരവിപ്പിക്കാന്‍ കേന്ദ്രത്തിന് കത്ത്

വിവാഹാഘോഷത്തിനിടെ വരന് നേരെ ആക്രണം, കുത്തിപ്പരിക്കേല്‍പ്പിച്ചു; ആക്രമിയെ ഡ്രോണ്‍ കാമറ പിന്തുടര്‍ന്നത് രണ്ട് കിലോമീറ്റര്‍

എം ബി ബി എസ്/ബി ഡി എസ് പ്രവേശനം; ഓപ്ഷൻ നൽകാം

'കഴക്കൂട്ടത്ത് സിപിഎം- ബിജെപി ഡീല്‍; കടകംപള്ളി ഇഷ്ടക്കാര്‍ക്ക് സീറ്റ് നല്‍കി'; തിരുവന്തപുരത്ത് സിപിഎമ്മില്‍ വിമതപ്പട

കൊതുകിനെ തുരത്താൻ ഈ ഒരു സവാള വിളക്ക് മതി

SCROLL FOR NEXT