ജമ്മു കശ്മീരിലെ ജനങ്ങളുടെ കാത്തിരിപ്പ് അവസാനിക്കുന്നു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ചെനാബ് റെയില്‍ പാലം (Chenab bridge) പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂണ്‍ 6 ന് രാജ്യത്തിന് സമര്‍പ്പിക്കും. കശ്‌മീരിലെ കത്ര-ശ്രീനഗർ വന്ദേ ഭാരത്പ്ര ധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും.
മഞ്ഞു മൂടിക്കിടക്കുന്ന ചെനാബ് റെയില്‍ പാലത്തിലൂടെയുള്ള യാത്ര ഏതു സഞ്ചാരിയെയും ആകർഷിക്കുന്ന ഒന്നാണ്. അത് കൊണ്ട് തന്നെ കൂടുതൽ സഞ്ചാരികൾ കശ്മീരിലേക്ക് എത്തുമെന്നും അതിലൂടെ ടൂറിസം മേഖലയിൽ വീണ്ടും ഉണർവ്വ് സൃഷ്ടിക്കാനാകുമെന്നുമാണ് പ്രതീക്ഷ. ഒപ്പം കശ്‌മീർ ജനതയുടെ വിശ്വാസം നേടി എടുക്കാൻ ആകുമെന്നാണ് കേന്ദ്രത്തിന്റെ കണക്ക് കൂട്ടൽ. അതിർത്തി കടന്നുള്ള പാകിസ്ഥാൻ അക്രമണങ്ങൾക്ക് വികസനത്തിലൂടെ ഇന്ത്യ നൽകുന്ന മറുപടി കൂടെയാണ് ചെനാബ് റെയില്‍ പാലമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.
ലോക പ്രശസ്‌തമായ ഈഫല്‍ ടവറിനേക്കാള്‍ 35 മീറ്റര്‍ ഉയരം കൂടുതലാണ് ചെനാബ് റെയില്‍ പാലത്തിന്. 1315 മീറ്റര്‍ നീളമുള്ള പാലം നദിയില്‍ നിന്ന് 359 മീറ്റര്‍ (1179 അടി) ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ജമ്മു കശ്‌മീരിലെ റിയാസി ജില്ലയില്‍ ബക്കലിനും കൗരിക്കും ഇടയില്‍ ചെനാബ് നദിക്കു കുറുകെയാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. വടക്ക് വശത്തുള്ള 650 മീറ്റർ നീളമുള്ള വയഡക്‌ട് ഉൾപ്പെടെ പാലത്തിൻ്റെ ആകെ നീളം 1315 മീറ്ററാണ്. ആകെ 119 കിലോമീറ്റർ നീളമുള്ള 36 തുരങ്കങ്ങളും ഏകദേശം 1,000 പാലങ്ങളും ഇതിൽ ഉൾപ്പെടുന്നു.
കൊടുങ്കാറ്റ് മുതൽ ഭീകരാക്രമണം ഉള്‍പ്പെടെയുള്ള ഏത് പ്രതിസന്ധി ഘട്ടവും നേരിടാനുള്ള കരുത്തും ശക്തിയും പാലത്തിനുണ്ട്. ദക്ഷിണ കൊറിയയിലെ അഫ്‌കോൺസ് ഇൻഫ്രാസ്ട്രക്ചർ, അൾട്രാ കൺസ്ട്രക്ഷൻ & എഞ്ചിനിയറിങ് കമ്പനി, വിഎസ്എൽ ഇന്ത്യ എന്നിവ തമ്മിലുള്ള സംയുക്ത സംരംഭമായ മെഴ്‌സേഴ്‌സൺ ചെനാബ് ബ്രിഡ്‌ജ് പ്രോജക്‌ട് അണ്ടർടേക്കിങ് ആണ് കരാര്‍ ഏറ്റെടുത്തത്. ഉയര്‍ന്ന പര്‍വത നിരകള്‍, പ്രതികൂലമായ കാലാവസ്ഥ ഉള്‍പ്പെടെ വിവിധ പ്രതിസന്ധികള്‍ മറികടന്നാണ് ചെനാബ് പാലം നിര്‍മിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates