ന്യൂഡൽഹി: ആഗോളതലത്തിൽ തരംഗമായ 'ഗ്രാൻഡ് തെഫ്റ്റ് ഓട്ടോ 6' (ജിടിഎ 6) വീഡിയോ ഗെയിം പുറത്തിറങ്ങിയ ദിനത്തിൽ, ഗെയിമിന്റെ രണ്ട് പതിപ്പുകൾക്കിടയിലുള്ള കാലയളവിലെ ഇന്ത്യയുടെ വികസന നേട്ടങ്ങൾ താരതമ്യം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുവാക്കളെ ആകർഷിക്കുന്നതിനായി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പ്രത്യേക സ്ലൈഡുകളിലൂടെയാണ് 2013-ൽ ജിടിഎ 5 പുറത്തിറങ്ങിയ കാലത്തെ ഇന്ത്യയും, 2026-ൽ ജിടിഎ 6 എത്തുമ്പോഴുള്ള ഇന്ത്യയും തമ്മിലുള്ള മാറ്റങ്ങൾ പ്രധാനമന്ത്രി എടുത്തുകാട്ടിയത്. എന്നാൽ ഗെയിമിലെ കുറ്റവാളികളായ കേന്ദ്രകഥാപാത്രങ്ങളെ ചൂണ്ടിക്കാട്ടി കോൺഗ്രസ് പ്രധാനമന്ത്രിയുടെ പോസ്റ്റിനെ പരിഹസിച്ചു.
'ഇന്ത്യ തികച്ചും പുതിയൊരു കളിയാണ് കളിക്കുന്നത്' എന്ന കുറിപ്പോടെയാണ് പ്രധാനമന്ത്രി പത്ത് സ്ലൈഡുകൾ പങ്കുവെച്ചത്. 2013-14 കാലഘട്ടത്തിലെ യുപിഎ ഭരണത്തിൽ നിന്ന് എൻഡിഎ ഭരണത്തിലേക്കെത്തുമ്പോൾ വിവിധ മേഖലകളിലുണ്ടായ മുന്നേറ്റം ഗ്രാഫിക്സുകളുടെ സഹായത്തോടെയാണ് അവതരിപ്പിച്ചിരിക്കുന്നത്. ഒരുകാലത്ത് 'ദുർബലമായ അഞ്ച്' സമ്പദ്‌വ്യവസ്ഥകളിൽ ഒന്നായി വിശേഷിപ്പിക്കപ്പെട്ടിരുന്ന ഇന്ത്യ ഇന്ന് ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയായി മാറിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തെ ദാരിദ്ര്യം 27 ശതമാനത്തിൽ നിന്ന് അതിദാരിദ്ര്യം 2.6 ശതമാനത്തിലേക്ക് കുറയ്ക്കാൻ സാധിച്ചതായും അദ്ദേഹം വ്യക്തമാക്കി.
സ്വച്ഛ് ഭാരത് അഭിയാനിലൂടെ ശുചിത്വ പരിരക്ഷ 39 ശതമാനത്തിൽ നിന്ന് 100 ശതമാനത്തിലെത്തിയെന്നും സൗരോർജ്ജ ശേഷി 2.82 ജിഗാവാട്ടിൽ നിന്ന് 175 ജിഗാവാട്ടായി ഉയർന്നെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു. ബഹിരാകാശ മേഖലയിൽ മുൻപ് സ്റ്റാർട്ടപ്പുകൾ ഒന്നും ഇല്ലാതിരുന്ന സ്ഥാനത്ത് ഇന്ന് 440 ബഹിരാകാശ സ്റ്റാർട്ടപ്പുകളുണ്ട്. റെയിൽവേ വൈദ്യുതീകരണം 20 ശതമാനത്തിൽ നിന്ന് 99.6 ശതമാനത്തിലേക്കെത്തിയതായും, ഒരു ജി.ബി. ഇന്റർനെറ്റ് നിരക്ക് 308 രൂപയിൽ നിന്ന് 7.51 രൂപയായി കുറഞ്ഞതായും അദ്ദേഹം കണക്കുകൾ നിരത്തി. പ്രതിരോധ ഉപകരണങ്ങളുടെ ഇറക്കുമതിക്കാരായിരുന്ന ഇന്ത്യ ഇന്ന് 80-ലധികം രാജ്യങ്ങളിലേക്ക് ആയുധങ്ങൾ കയറ്റുമതി ചെയ്യുന്നുണ്ടെന്നും, 182 ജില്ലകളിലുണ്ടായിരുന്ന നക്സൽ ബാധിത പ്രദേശങ്ങൾ ഇന്ന് പൂജ്യമായി കുറഞ്ഞെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, പ്രധാനമന്ത്രിയുടെ ജിടിഎ പരാമർശത്തിനെതിരെ രൂക്ഷമായ പരിഹാസവുമായാണ് കോൺഗ്രസ് രംഗത്തെത്തിയത്. യുവാക്കളിലേക്ക് എത്താനുള്ള നിരാശാജനകമായ ശ്രമത്തിന്റെ ഭാഗമായാണ് പ്രധാനമന്ത്രി ജിടിഎ 5, ജിടിഎ 6 ചിത്രങ്ങൾ ഉപയോഗിച്ചതെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് എക്സിൽ കുറിച്ചു. ഈ വീഡിയോ ഗെയിമിന്റെ കഥ ഒരു കുറ്റവാളി ജോഡിയെ പിന്തുടരുന്നതാണെന്ന് ഓർക്കണമെന്നും, അത് എത്രത്തോളം ഉചിതമാണെന്നും അദ്ദേഹം പരിഹസിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates