

സോണിയ ഗാന്ധിക്കും രാജീവ് ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരെ സംഘപരിവാർ നടത്തുന്ന അധിക്ഷേപ പരാമർശങ്ങളിൽ പരിഹസിച്ച് നടി പാർവതി തിരുവോത്ത്. സോണിയ ഗാന്ധി തന്റെ ഭര്‍ത്താവിന്റെ മടിയില്‍ ഇരിക്കുന്നത് വലിയ സാംസ്കാരിക ആഘാതമുണ്ടാക്കിയെന്നും എന്നാൽ ബിൽക്കിസ് ബാനുവിനെ ബലാത്സംഗം ചെയ്തവർ സ്വതന്ത്രരായി നടക്കുന്നത് സംസ്കാരത്തിന്റെ ഭാഗമാണോ എന്ന് പാർവതി ചോദിക്കുന്നു.
ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു പാര്‍വതിയുടെ പ്രതികരണം. "സോണിയ ഗാന്ധി തന്റെ ഭര്‍ത്താവിന്റെ മടിയില്‍ ഇരിക്കുന്നത് വലിയ സാംസ്കാരിക ആഘാതമുണ്ടാക്കി. എന്നാൽ ബിൽക്കിസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്തവർ സ്വതന്ത്രരായി വിഹരിക്കുന്നത് നിങ്ങളുടെ സംസ്‌കാരത്തിന്റെ ഭാഗമാണോ ? ജസ്റ്റ് മനുസ്മൃതി തിങ്സ്, 5000 വര്‍ഷം പഴക്കമുള്ള സംസ്‌കാരമാണ് സാറേ..." പാർവതി കുറിച്ചു.
രാജീവ് ഗാന്ധിയും സോണിയയും തമ്മിലുള്ള പ്രണയത്തിന്റെ ആഴത്തെക്കുറിച്ച് രാഹുല്‍ ഗാന്ധി പറഞ്ഞ വാക്കുകളെയാണ് സംഘപരിവാർ അധിക്ഷേപിച്ചത്. തന്റെ കുട്ടിക്കാലത്ത് ഭക്ഷണം കഴിക്കുമ്പോഴെല്ലാം അമ്മ അച്ഛന്റെ മടിയില്‍ ഇരിക്കാറുണ്ടെന്നായിരുന്നു രാഹുലിന്റെ വാക്കുകള്‍. പൊതുവേദിയില്‍ പാലിക്കേണ്ട മര്യാദകളും മാന്യതയും രാഹുല്‍ ഗാന്ധി ലംഘിച്ചതായാണ് സംഘപരിവാർ ആരോപിച്ചത്.
സോണിയയുടെ ഓര്‍മക്കുറിപ്പായ 'ബിലോങിങ്: എ ജേര്‍ണി ഓഫ് ലവ്' എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിലാണ് രാഹുല്‍ തന്റെ മാതാപിതാക്കളെക്കുറിച്ചുള്ള വ്യക്തിപരമായ ഓര്‍മകള്‍ പങ്കുവെച്ചത്. എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്ന സമയത്ത് മാതാപിതാക്കള്‍ എത്രമാത്രം വാത്സല്യത്തോടെയാണ് പെരുമാറിയിരുന്നതെന്ന് രാഹുല്‍ ഓര്‍മിച്ചു. 'ഊണുമേശയില്‍ പപ്പയുണ്ടാകും... പപ്പയുടെ മടിയില്‍ മമ്മിയും'.
എല്ലാ കുടുംബത്തിലും ഇങ്ങനെയാണെന്നായിരുന്നു താൻ വിശ്വസിച്ചിരുന്നത്. എന്നാല്‍ സുഹൃത്തുക്കളുടെ വീടുകള്‍ സന്ദര്‍ശിക്കാന്‍ തുടങ്ങിയപ്പോഴാണ് ഓരോ കുടുംബത്തിലും സ്ഥിതി വ്യത്യസ്തമാണെന്ന് മനസിലായതെന്നും രാഹുൽ പറഞ്ഞിരുന്നു. ഇതുകേട്ട സോണിയ ചെറിയ ചമ്മലോടെ വേദിയിലിരുന്ന് പുഞ്ചിരിച്ചു.
എന്നാല്‍ ഇത്രയും പ്രധാനപ്പെട്ട ഒരു ദിവസം രാഹുൽ ഗാന്ധി തന്റെ സ്വന്തം അമ്മയെപ്പോലും പരസ്യമായി നാണംകെടുത്തിയെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ ആരോപിച്ചു. കുടുംബബന്ധങ്ങളിലെ ബഹുമാനത്തെക്കുറിച്ചും പൊതുജീവിതത്തിലെ ലക്ഷ്മണരേഖയെക്കുറിച്ചും രാഹുലിന് ധാരണയില്ലെന്നായിരുന്നു യുപി ബിജെപി അധ്യക്ഷന്‍ പങ്കജ് ചൗധരിയുടെ വിമര്‍ശനം.
ഇതിനുപിന്നാലെ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധിയും രംഗത്തെത്തിയിരുന്നു. കര്‍ണാടകയിലെ ഹൊയ്‌സലേശ്വര ക്ഷേത്രത്തിലെ ശിവപാര്‍വതി ശില്‍പത്തിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു രാഹുലിന്റെ പ്രതികരണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates