ന്യൂഡല്‍ഹി: ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോനിയുടെ ആത്മകഥയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആമുഖം. 'ഐ ആം ജോര്‍ജിയ മൈ റൂട്ട്സ്, മൈ പ്രിന്‍സിപ്പിള്‍സ്' എന്ന മെലോണിയുടെ ആത്മകഥയുടെ ഇന്ത്യന്‍ പതിപ്പിനാണ് നരേന്ദ്ര മോദി അവതാരിക എഴുതിയിരിക്കുന്നത്. സമകാലികരായ നേതാക്കളില്‍ അസാധാരണ വ്യക്തിത്വത്തിന് ഉടമ എന്നാണ് ഇറ്റാലിയന്‍ പ്രധാനമന്ത്രിയെ മോദി ആമുഖത്തില്‍ വിശേഷിപ്പിച്ചിരിക്കുന്നത്.
പ്രധാനമന്ത്രിയുടെ റേഡിയോ അഭിസംബോധനാ പരിപാടിയുടെ പേരായ 'മന്‍ കി ബാത്ത്' എന്ന വിശേഷണമാണ് മോദി പുസ്തകത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. മെലോനിയുമായുള്ള വ്യക്തി ബന്ധത്തെ കുറിച്ചും അവതാരികയില്‍ മോദി പരാമര്‍ശികുന്നുണ്ട്. മാതൃത്വം, ദേശീയത, പാരമ്പര്യം എന്നിവയുടെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച നേതാവാണ് മെലോനിയെന്നും നരേന്ദ്ര മോദി പറയുന്നു. പുസ്തകം ഉടന്‍ ഇന്ത്യയില്‍ പുറത്തിറങ്ങും.
രാഷ്ട്രീയത്തില്‍ സജീവമായ സ്ത്രീയെന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങള്‍, അവിവാഹിതയായ അമ്മയെന്ന നിലയില്‍ നേരിടേണ്ടിവന്ന വെല്ലുവിളികള്‍, അപവാദ പ്രചാരണങ്ങള്‍, വിവേചനങ്ങള്‍ എന്നിവ ഉള്‍പ്പെടെയാണ് പുസ്തകത്തില്‍ മെലോനി പറയുന്നുത്. ഗര്‍ഭിണിയായിരിക്കെ നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണം, വ്യക്തിപരമായ പോരാട്ടങ്ങള്‍ എന്നിവയും പുസ്തകതത്തില്‍ വിഷയമാണ്. സ്ത്രീകളെ പ്രതിനിധീകരിക്കാന്‍ വേണ്ടി മാത്രം ആകരുത് ഒരു സ്ത്രീ രാഷ്ട്രീയത്തില്‍ പ്രവേശിക്കേണ്ടതെന്നും, മാതൃത്വവും രാഷ്ട്രീയ പ്രവര്‍ത്തനവും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നതാണ് എന്നുമാണ് പുസ്തകത്തിന്റെ ഉള്ളടക്കം എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
2021ല്‍ ഇറ്റാലിയന്‍ സര്‍ക്കാരില്‍ പ്രതിപക്ഷത്തിരിക്കെയാണ് ആത്മകഥ ആദ്യമായി പ്രസിദ്ധീകരിച്ചത്. അന്ന് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട പുസ്തകമായിരുന്നു 'ഐ ആം ജോര്‍ജിയ മൈ റൂട്ട്സ്, മൈ പ്രിന്‍സിപ്പിള്‍സ്'. 2025 ജൂണില്‍ പുറത്തിറങ്ങിയ പുസ്തകത്തിന്റെ യുഎസ് പതിപ്പും പുറത്തിറങ്ങിയിരുന്നു. യുഎസ് പ്രസിഡന്റിന്റെ മൂത്ത മകന്‍ ഡൊണാള്‍ഡ് ട്രംപ് ജൂനിയറാണ് യുഎസ് പതിപ്പിന്റെ ആമുഖം എഴുതിയിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates