നരേന്ദ്രമോദിയും അമിത് ഷായും  പിടിഐ
India

'സംസ്ഥാനത്തിനു മേലുള്ള കടന്നാക്രമണം': 131-ാം ഭരണഘടനാ ഭേദഗതി ബില്ലിനെച്ചൊല്ലി വിവാദം; പഞ്ചാബ് വിരുദ്ധ ബില്ലെന്ന് അകാലിദള്‍

കേന്ദ്രസര്‍ക്കാര്‍ നീക്കം ഫെഡറല്‍ തത്വങ്ങള്‍ക്ക് എതിരാണെന്ന് അകാലിദൾ നേതാവ് സുഖ്ബീര്‍ സിങ് ബാദല്‍ ആരോപിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ചണ്ഡീഗഡില്‍ ഭരണഘടനാ ഭേ​ദ​ഗതി കൊണ്ടുവന്ന്, ലെഫ്റ്റനന്റ് ഗവര്‍ണറെ നിയമിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം വിവാദമാകുന്നു. ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ പഞ്ചാബിലെ ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടി, കോണ്‍ഗ്രസ്, ശിരോമണി അകാലിദള്‍ ( എസ് എ ഡി ) പാര്‍ട്ടികളാണ് രംഗത്തു വന്നത്. ചണ്ഡിഗഡിനെ ആര്‍ട്ടിക്കിള്‍ 240 ന്റെ പരിധിയിൽ ഉൾപ്പെടുത്തി, ലെഫ്റ്റനന്റ് ഗവര്‍ണറെ നിയമിച്ച് നേരിട്ടു ഭരിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം പഞ്ചാബിനെതിരായ ആക്രമണമാണെന്നാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ ആരോപിക്കുന്നത്.

കേന്ദ്രഭരണ പ്രദേശമായ ചണ്ഡീഗഢിനെ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 240 ന്റെ പരിധിയില്‍ ഉള്‍പ്പെടുത്താനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. ഇതുവഴി കേന്ദ്രസര്‍ക്കാരിന് നേരിട്ട് ഇടപെടാനും നിയമനിര്‍മ്മാണങ്ങള്‍ നടത്താനും അധികാരം ലഭിക്കും. 2025 ഡിസംബര്‍ 1 മുതല്‍ ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ ഇതുസംബന്ധിച്ച ഭരണഘടന (131 ഭേദഗതി) ബില്‍ അവതരിപ്പിക്കുമെന്ന് രാജ്യസഭാ വെബ്സൈറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ നടപടിയാണ് പഞ്ചാബില്‍ രൂക്ഷമായ എതിര്‍പ്പിന് വഴിവെച്ചിട്ടുള്ളത്.

കേന്ദ്രസര്‍ക്കാര്‍ നീക്കം പഞ്ചാബ് തലസ്ഥാനത്തിന്മേലുള്ള സംസ്ഥാനത്തിന്റെ അധികാരം ദുര്‍ബലപ്പെടുത്തുമെന്നാണ് എഎപി പറയുന്നത്. ഭരണഘടനാ ഭേദഗതി പഞ്ചാബിന്റെ താല്‍പ്പര്യങ്ങള്‍ക്ക് എതിരാണ്. പഞ്ചാബിലെ ഗ്രാമങ്ങളെ പിഴുതെറിഞ്ഞ് നിര്‍മ്മിച്ച കേന്ദ്രഭരണ പ്രദേശമാണ് ചണ്ഡീഗഡ്. സംസ്ഥാനത്തിന്റെ അവകാശം നഷ്ടപ്പെടാന്‍ സര്‍ക്കാര്‍ അനുവദിക്കില്ല. അതിനായി ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ പറഞ്ഞു.

ഭരണഘടനാ ഭേദഗതി ബില്‍ പഞ്ചാബിനു നേര്‍ക്കുള്ള കടന്നാക്രമണമാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. ബില്ലിനെതിരെ സംസ്ഥാനത്തെ രാഷ്ട്രീയപാര്‍ട്ടികള്‍ ഐക്യത്തോടെ നിലകൊള്ളണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ പര്‍താപ് സിംഗ് ബജ്വ ആഹ്വാനം ചെയ്തു. ബില്ലിനെതിരെ എന്‍ഡിഎ മുന്‍ സഖ്യകക്ഷിയായ ശിരോമണി അകാലിദളും രംഗത്തെത്തി. കേന്ദ്രസര്‍ക്കാര്‍ നീക്കം ഫെഡറല്‍ തത്വങ്ങള്‍ക്ക് എതിരാണ്. പഞ്ചാബ് വിരുദ്ധ ബില്ലാണ്. സംസ്ഥാനത്തിന്റെ അവകാശങ്ങള്‍ കവര്‍ന്നെടുക്കാനുള്ള നീക്കമാണെന്നും അകാലിദള്‍ നേതാവ് സുഖ്ബീര്‍ സിങ് ബാദല്‍ ആരോപിച്ചു.

നിലവിൽ പഞ്ചാബ് ഗവർണറാണ് ചണ്ഡീഗഢ് ഭരിക്കുന്നത്. 1984 ജൂൺ 1 മുതൽ ഈ സംവിധാനമാണ് നിലനിൽക്കുന്നത്. നേരത്തെ, കേന്ദ്രഭരണ പ്രദേശത്തിന്റെ അഡ്മിനിസ്ട്രേറ്ററായി ഒരു സ്വതന്ത്ര ചീഫ് സെക്രട്ടറി പ്രവർത്തിച്ചിരുന്നു. 2016 ൽ മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കെ ജെ അൽഫോൺസിനെ നിയമിച്ചുകൊണ്ട് കേന്ദ്രം ഈ ക്രമീകരണം പുനഃസ്ഥാപിക്കാൻ ശ്രമിച്ചെങ്കിലും പഞ്ചാബിലെ രാഷ്ട്രീയ പാർട്ടികളുടെ ശക്തമായ എതിർപ്പിനെത്തുടർന്ന് അത് പിൻവലിക്കുകയായിരുന്നു. പഞ്ചാബിലെ രാഷ്ട്രീയ നേതൃത്വം, പാർട്ടികൾക്കതീതമായി, ചണ്ഡീഗഢ് പഞ്ചാബിന്റെ യഥാർത്ഥ തലസ്ഥാനമാണെന്ന് വാദിക്കുകയും ഭരണഘടനയുടെ (131-ാം ഭേദഗതി) ബില്ലിനെ എതിർക്കുമെന്ന് വ്യക്തമാക്കി രം​ഗത്തു വരികയുമാണ് ചെയ്തിട്ടുള്ളത്.

The central government's move to bring a constitutional amendment in Chandigarh and appoint a Lieutenant Governor is causing controversy. Akali Dal alleged that the bill is anti-Punjab.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

90FPS ഗെയിമിങ്ങ്, VC കൂളിങ്, ഫാസ്റ്റ് ചാര്‍ജിങ്; റിയല്‍മിയുടെ പുതിയ ഫോണ്‍ ഉടന്‍ വിപണിയില്‍

സംഘടനാ യൂണിറ്റുകള്‍ പിരിച്ചുവിട്ടു; പ്രശാന്ത് കിഷോറിന്റെ ജന്‍ സുരാജ് പാര്‍ട്ടിയില്‍ അഴിച്ചുപണി

ആന്റിബയോട്ടിക്ക് കഴിച്ചിട്ട് ഫലമില്ലേ? പ്രശ്നം നിങ്ങളുടെ ഡയറ്റിലാകാം, ഈ ഭക്ഷണങ്ങൾ ഒഴിവാക്കണം

ഇടതോ വലതോ? ഉറക്കത്തിനും ഉണ്ട് ശരിയായ പൊസിഷൻ

'അഹങ്കാരമാണ് രാവണന്റെ പതനത്തിന് കാരണം': ബിജെപിക്കെതിരെ ഒളിയമ്പുമായി ഏക്നാഥ് ഷിന്‍ഡെ

SCROLL FOR NEXT