റായ് ബറേലി റെയിൽവേ സ്റ്റേഷൻ  ഫെയ്സ്ബുക്ക്
India

ഇന്ദിരയെ ഞെട്ടിച്ച മണ്ഡലം, രണ്ടു തവണ ബിജെപിക്കൊപ്പം നിന്ന റായ്ബറേലി; രാഹുലിന് കാര്യങ്ങള്‍ എളുപ്പമോ?

സ്വാതന്ത്ര്യത്തിനു ശേഷം മൂന്നു തവണയൊഴികെ കോണ്‍ഗ്രസിനെ പിന്തുണച്ച മണ്ഡലമാണ് റായ് ബറേലി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഗാന്ധി കുടുംബത്തോട് അചഞ്ചലമായ കൂറ് പുലര്‍ത്തുമ്പോഴും ഇന്ദിരാഗാന്ധിയെ തോല്‍പ്പിച്ച ചരിത്രവും റായ്ബറേലിക്കുണ്ട്. തെരഞ്ഞെടുപ്പ് ജീവിതത്തില്‍ ഇന്ദിര നേരിട്ട ഏക പരാജയവും റായ്ബറേലിയില്‍ നിന്നാണ്. ഗാന്ധി കുടുംബത്തിലെ പുതുതലമുറ നേതാവ് ഇത്തവണ മത്സരിക്കാനെത്തുമ്പോള്‍, മണ്ഡലത്തിലെ അഞ്ച് നിയമസഭ സീറ്റില്‍ ഒന്നില്‍ പോലും കോണ്‍ഗ്രസില്ല. ഇത് റായ്ബറേലിയിലെ പോരാട്ടം രാഹുലിന് കടുപ്പമേറിയതാക്കുന്നു.

ഗാന്ധി കുടുംബവുമായി അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്നതാണ് യുപിയിലെ റായ്ബറേലി മണ്ഡലം. ലഖ്‌നൗവില്‍ നിന്നും 82 കിലോമീറ്റര്‍ തെക്കു കിഴക്കായി സായി നദീതിരത്തുള്ള റായ്ബറേലി മണ്ഡലത്തില്‍ മത്സരിക്കാനായി രാഹുല്‍ എത്തുന്നതോടെ മണ്ഡലവും ഗാന്ധി കുടുംബവും തമ്മിലുള്ള ബന്ധം കൂടുതല്‍ അരക്കിട്ടുറപ്പിക്കുകയാണ്.

സ്വാതന്ത്ര്യത്തിനു ശേഷം മൂന്നു തവണയൊഴികെ കോണ്‍ഗ്രസിനെ പിന്തുണച്ച മണ്ഡലമാണ് റായ് ബറേലി. 1952 ല്‍ മുന്‍പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഭര്‍ത്താവ് ഫിറോസ് ഗാന്ധിയാണ് റായ്ബറേലിയില്‍ ആദ്യ വിജയം നേടുന്നത്. 1957 ലും ഫിറോസ് ഗാന്ധി വിജയം ആവര്‍ത്തിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഫിറോസ് ഗാന്ധിയുടെ മരണശേഷം 1960 ല്‍ ആര്‍ പി സിങ്ങും 1962 ല്‍ ബൈജ്‌നാഥ് കുരീലും വിജയിച്ചു. ഇരുവരും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായിരുന്നു. 1967 ല്‍ ഇന്ദിരാഗാന്ധി റായ്ബറേലിയില്‍ മത്സരിക്കാനെത്തുകയും വിജയിക്കുകയും ചെയ്തു. 1971ലും ഇന്ദിര വിജയം തുടര്‍ന്നു.

എന്നാല്‍ അടിയന്തരാവസ്ഥയ്ക്കുശേഷം നടന്ന 1977 ലെ തെരഞ്ഞെടുപ്പില്‍ റായ്ബറേലി ഇന്ദിരാഗാന്ധിയെ തോല്‍പ്പിച്ചു. ജനതാപാര്‍ട്ടിയുടെ രാജ് നാരായണ്‍ ആണ് ഇന്ദിരയെ പരാജയപ്പെടുത്തിയത്. എന്നാല്‍ 1980 ല്‍ ഇന്ദിര വീണ്ടും റായ്ബറേലിയില്‍ വിജയിച്ചു. മധേക്കില്‍ കൂടി വിജയിച്ച ഇന്ദിര റായ്ബറേലിയിലെ എംപിസ്ഥാനം കൈയൊഴിഞ്ഞു.

1980 ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ അരുണ്‍ നെഹ്‌റുവാണ് വിജയിച്ചത്. 1984 ലും അരുണ്‍ നെഹ്‌റു വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 1989 ലും 1991ലും നെഹ്‌റു കുടുംബത്തിലെ ബന്ധുവായ ഷീല കൗളാണ് വിജയിച്ചത്. 1996 ല്‍ അശോക് സിങ്ങിലൂടെ റായ് ബറേലി ബിജെപി പിടിച്ചെടുത്തു. 1998ലും അശോക് സിങ് വിജയം തുടര്‍ന്നു. 1999ല്‍ സതീഷ് ശര്‍മ്മയിലൂടെയാണ് കോണ്‍ഗ്രസ് മണ്ഡലം തിരിച്ചു പിടിക്കുന്നത്.

2004 മുതല്‍ 2019 വരെ സോണിയാഗാന്ധിയാണ് തുടര്‍ച്ചയായി റായ്ബറേലിയില്‍ നിന്നും വിജയിക്കുന്നത്. ആരോഗ്യകാരണങ്ങളാല്‍ സോണിയാഗാന്ധി രാജ്യസഭയിലേക്ക് മാറിയതോടെയാണ് റായ്ബറേലിയില്‍ രാഹുലിന് വഴിയൊരുങ്ങിയത്. ഏതാനും ദശകങ്ങളായി റായ്ബറേലിഗാന്ധി കുടുംബത്തോട് വിശ്വസ്തത പുലര്‍ത്തുമ്പോള്‍ത്തന്നെ, മണ്ഡലത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടി ഏറെക്കുറെ ക്ഷയിച്ച നിലയിലാണ്.

അഞ്ച് അസംബ്ലി സീറ്റുകളില്‍ നാലെണ്ണം- ബച്റവാന്‍ (എസ്സി), ഹര്‍ചന്ദ്പൂര്‍, സറേനി, ഉഞ്ചഹാര്‍ എന്നിവ സമാജ്വാദി പാര്‍ട്ടിയുടെയും സദര്‍ സീറ്റ് ബി ജെ പിയുടെയും കൈവശമാണ്. ഗാന്ധി കുടുംബം ദീര്‍ഘകാലമായി മണ്ഡലത്തില്‍ സജീവ ബന്ധം പുലര്‍ത്താത്തതും ഇടനിലക്കാരായ നേതാക്കളുടെ കടന്നുവരവും സാധാരണ പ്രവര്‍ത്തകരെയും ലോക്കല്‍ നേതാക്കളെയും കോണ്‍ഗ്രസില്‍ നിന്നും അകറ്റി. പഴയ തലമുറയിലെ വോട്ടര്‍മാര്‍ ഇപ്പോഴും വൈകാരികമായി ഗാന്ധിയോട് ചായ്വുള്ളവരാണെങ്കിലും കോണ്‍ഗ്രസിന് മണ്ഡലത്തില്‍ പഴയ കരുത്തില്ല. യുവതലമുറ നരേന്ദ്രമോദിയോട് ആഭിമുഖ്യം പുലര്‍ത്തുന്നതും കോണ്‍ഗ്രസിന് വെല്ലുവിളിയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം എന്നെക്കാള്‍ ചെറുപ്പം; ദാരിദ്ര്യം മാറിയിട്ടില്ല, വിശക്കുന്ന വയറുകള്‍ കണ്ടുകൊണ്ടായിരിക്കണം വികസനം'

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

വോട്ടര്‍ പട്ടികയിലെ ക്രമക്കേട് ആരോപണം; കൊടുവള്ളി നഗരസഭ സെക്രട്ടറിയെ മാറ്റാന്‍ നിര്‍ദേശിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

വിദ്യാർത്ഥികൾക്ക് പൂജ്യം മാർക്ക്, സ്കൂൾ ജീവനക്കാർക്ക് 200,000 ദിർഹം പിഴ, പരീക്ഷയിൽ ക്രമക്കേട് കാണിച്ചാൽ കടുത്ത നടപടിയുമായി യുഎഇ

ബിഹാറില്‍ വീണ്ടും എന്‍ഡിഎ; മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതല്‍ പിന്തുണ തേജസ്വിക്ക്; അഭിപ്രായ സര്‍വേ

SCROLL FOR NEXT