ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിയുമായി ഒത്തുകളിച്ചെന്ന് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ആയിരക്കണക്കിന് രേഖകള്‍ പരിശോധിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തട്ടിപ്പ് കണ്ടെത്തിയതെന്നും ഇതിനായി ആറു മാസമെടുത്തെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കര്‍ണാടകയിലെ മഹാദേപുര മണ്ഡലത്തില്‍ ഒരുലക്ഷത്തലധികം വോട്ട് മോഷണം നടന്നതായും ഇവിടെ ബിജെപി വിജയിച്ചത് 33000 വോട്ടിനാണെന്നും രാഹുല്‍ പറഞ്ഞു
ചില തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഞെട്ടിച്ചതായി രാഹുല്‍ പറഞ്ഞു. മഹാരാഷ്ട്രയില്‍ അസാധാരണ പോളിങ്ങായിരുന്നു. അഞ്ച് മാസത്തിനിടെ വന്‍ തോതില്‍ വോട്ടര്‍മാരെ ചേര്‍ത്തു. ഒരു കോടി വോട്ടര്‍മാരെയാണ് പുതുതായി ചേര്‍ത്തത്. 5 മണി കഴിഞ്ഞപ്പോള്‍ പോളിങ് പലയിടത്തും കുതിച്ചുയര്‍ന്നു. മഹാരാഷ്ട്രയില്‍ രേഖകള്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ നശിപ്പിച്ചു. കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടും കമ്മിഷന്‍ വോട്ടര്‍ പട്ടിക നല്‍കിയില്ല. സിസിടിവി ദൃശ്യങ്ങള്‍ 45 ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ നശിപ്പിച്ചു. തെരഞ്ഞെടുപ്പ് കമ്മിഷന്‍ പലതും ഒളിക്കുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ഒരാള്‍ക്ക് ഒരു വോട്ട് എന്ന ഭരണഘടനാപരമായ അവകാശം എത്രമാത്രം സുരക്ഷിതമാണെന്ന് പരിശോധിക്കണമെന്നും രാഹുല്‍ പറഞ്ഞു. ഒരു ലോക്സഭാ മണ്ഡലത്തിലെ വോട്ടര്‍ പട്ടിക പരിശോധിച്ചപ്പോള്‍ ആകെയുള്ള 6.5 ലക്ഷം വോട്ടര്‍മാരില്‍ 1.5 ലക്ഷം പേരും വ്യാജന്മാരാണെന്നു കണ്ടെത്തി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപി സര്‍ക്കാരുണ്ടാക്കിയത് ഈ തട്ടിപ്പിലൂടെ നേടിയ സീറ്റുകള്‍ ഉപയോഗിച്ചാണ്. രാജ്യത്തെ തെരഞ്ഞെടുപ്പ് സംവിധാനത്തില്‍, 2014 മുതല്‍ എന്തോ കുഴപ്പം സംഭവിക്കുന്നുണ്ടെന്ന സംശയം നേരത്തേ തന്നെയുണ്ട്. രാജസ്ഥാന്‍, മധ്യപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഒരു സീറ്റ് പോലും ലഭിക്കുന്നില്ല. ഇത് അത്ഭുതകരമാണെന്നും രാഹുല്‍ വ്യക്തമാക്കി.
വീട്ടു നമ്പര്‍ പല വോട്ടര്‍മാര്‍ക്കുമില്ലെന്ന് രാഹുല്‍ പറഞ്ഞു. പലതിലും വീട്ടു നമ്പര്‍ പൂജ്യമെന്നാണ് വോട്ടര്‍ പട്ടികയിലുള്ളത്. 80 പേരുള്ള കുടുംബം ഒരു മുറിയില്‍ കഴിയുന്നതായി വോട്ടര്‍ പട്ടികയിലെ വിലാസത്തിലുണ്ട്. മറ്റൊരു മുറിയില്‍ 46 പേര്‍ കഴിയുന്നതായാണ് രേഖകള്‍. പരിശോധിച്ചപ്പോള്‍ ഇവിടെയെങ്ങും ആളുകളെ കണ്ടെത്താനായില്ല. ആര്‍ക്കും ഇവരെ അറിയില്ല. 40,009 തെറ്റായ മേല്‍വിലാസങ്ങള്‍ കോണ്‍ഗ്രസ് അന്വേഷണത്തില്‍ കണ്ടെത്തി. ഒരു വിലാസത്തില്‍ മാത്രം 10,452 വോട്ടര്‍മാര്‍ ഉണ്ട്. തെരഞ്ഞെടുപ്പ് കമ്മിഷന്റെ ചില പട്ടികകളില്‍ വോട്ടര്‍മാരുടെ ഫോട്ടോ ഇല്ല. വളരെ ചെറിയ രീതിയില്‍, തിരിച്ചറിയാനാകാതെ ഫോട്ടോ കൊടുത്ത ലിസ്റ്റുകളുമുണ്ട്. 33,000 പേര്‍ ഒരു മണ്ഡലത്തില്‍ രണ്ടുതവണ വോട്ട് ചെയ്തു. 68 പേര്‍ക്ക് വോട്ട് ബിയര്‍ പാര്‍ലറിന്റെ വിലാസത്തിലാണെന്നും രാഹുല്‍ പറഞ്ഞു.
2024 ല്‍ അധികാരത്തില്‍ തുടരാന്‍ മോദിക്ക് 25 സീറ്റുകള്‍ 'മോഷ്ടിച്ചാല്‍' മതിയായിരുന്നു; ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 33,000 ല്‍ താഴെ വോട്ടുകള്‍ക്ക് 25 സീറ്റുകള്‍ നേടിയെന്നും രാഹുല്‍ പറഞ്ഞു. വോട്ടര്‍ പട്ടികയിലെ ക്രമക്കേടില്‍ കോടതി ഇടപെടണമെന്നും രാഹുല്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates