ന്യൂഡല്‍ഹി: രാജ്യത്തിന്റെ വിദ്യാഭ്യാസ സമ്പ്രദായം പൂര്‍ണമായും തകര്‍ത്തുവെന്ന് ആരോപിച്ച് നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി. 'വിശ്വഗുരു' എന്ന് അവകാശപ്പെടുന്ന സര്‍ക്കാരിനു ഒരു പരീക്ഷ പോലും കൃത്യമായി നടത്താന്‍ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ സര്‍വകലാശാലകളിലേക്കുള്ള ബിരുദ പ്രവേശനത്തിനുള്ള സിയുഇടി യുജി 2026 പരീക്ഷ ഇന്നു നടന്നപ്പോള്‍ ചില കേന്ദ്രങ്ങളില്‍ സാങ്കേതിക തകരാറിനെ തുടര്‍ന്ന് വൈകിയിരുന്നു. ഇതിനു പിന്നാലെയാണ് രാഹുലിന്റെ പ്രതികരണം.
നീറ്റ്, സിബിഎസ്ഇ, എസ്എസ്സി, ഇന്ന് സിയുഇടി. നാലു പരീക്ഷകള്‍. ഒരു കോടി വിദ്യാര്‍ഥികള്‍. ഒന്നുപോലും കൃത്യമായി നടത്താന്‍ കഴിഞ്ഞില്ല, എക്‌സില്‍ ഹിന്ദിയില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. വിശ്വഗുരു എന്ന് അവകാശപ്പെടുന്നു. പക്ഷേ ഒരു പരീക്ഷ പോലും നടത്താന്‍ കഴിയുന്നില്ല. മോദിജി മുഴുവന്‍ വിദ്യാഭ്യാസ സമ്പ്രദായവും പൂര്‍ണമായും തകര്‍ത്തു. നിങ്ങള്‍ ഭാവി നശിപ്പിക്കുന്ന അതേ തലമുറ തന്നെ നിങ്ങളോട് കണക്ക് ചോദിക്കുമെന്നും രാഹുല്‍ കുറ്റപ്പെടുത്തി.
സര്‍ക്കാരിന്റെ നിലനില്‍പ്പിനെക്കുറിച്ച് മാത്രമാണ് മോദിക്ക് കരുതലെന്നും ലക്ഷക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവിയെക്കുറിച്ച് ആശങ്കയില്ലെന്നും ഇന്നലെയും ആരോപിച്ചിരുന്നു. ചോദ്യ പേപ്പര്‍ ചോര്‍ച്ചയുടെ പശ്ചാത്തലത്തില്‍ നീറ്റ് പരീക്ഷ എഴുതിയ വിദ്യാര്‍ഥികളുമായി താന്‍ നേരത്തെ നടത്തിയ സംഭാഷണത്തിന്റെ വിഡിയോയും പരീക്ഷാ സംവിധാനത്തെക്കുറിച്ചുള്ള അവരുടെ ആശങ്കകളും രാഹുല്‍ പങ്കുവച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates