ചെന്നൈ: തീവണ്ടിയാത്രയിൽ ഹെഡ്‍ഫോൺ ശീലമാക്കാൻ യാത്രക്കാരോട് അഭ്യർത്ഥിച്ച് റെയിൽവേ. ഉച്ചത്തിൽ മൊബൈൽഫോണിൽ സംസാരിക്കുന്നതും ഇയർഫോൺ ഇല്ലാതെ സംഗീതം കേൾക്കുന്നതും ഒഴിവാക്കണമെന്നാണ് റെയിൽവേ യാത്രക്കാർക്ക് നൽകുന്ന നിർദ്ദേശം. സഹയാത്രികർക്ക് ശല്യമാകുന്നതരത്തിൽ മൊബൈൽഫോണും ലാപ്ടോപ്പും ഉപയോഗിക്കരുതെന്നും നിങ്ങളുടെ യാത്ര മറ്റുള്ളവർക്ക് ബുദ്ധിമുട്ടാകാതിരിക്കട്ടെയെന്നും ഇന്ത്യൻ റെയിൽവേയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു. യാത്രക്കിടയിൽ കോച്ചിൽ ഉയരുന്ന ശബ്ദം ശല്യമാകുന്നുവെന്ന പരാതികൾ വർധിച്ചതിനെത്തുടർന്നാണ് നിർദ്ദേശം.
റിസർവ് കോച്ചുകളിലെ രാത്രിയാത്രക്കും പ്രത്യേക നിയമങ്ങൾ നിലവിലുണ്ട്. രാത്രി പത്തുമണി മുതൽ രാവിലെ ആറുമണിവരെയുള്ള സമയം യാത്രകളിൽ ശബ്ദം, വെളിച്ചം, ടിക്കറ്റ് പരിശോധന എന്നിവക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ബർത്തുകളിലെ നൈറ്റ് ലൈറ്റ് ഒഴികെയുള്ള എല്ലാ ലൈറ്റുകളും ഓഫ് ചെയ്യണം. ഈ സമയത്തിനു ശേഷം ട്രെയിനിൽ കയറുന്നവർക്ക് നിയന്ത്രണങ്ങളിൽ ഇളവുനൽകിയിട്ടുമുണ്ട്. നിയമം ലംഘിച്ചാൽ കർശന നടപടി നേരിടേണ്ടി വരുമെന്നും റെയിൽവേ ഓർമ്മപ്പെടുത്തുന്നു.
മിഡിൽ ബർത്ത് യാത്രക്കാർക്ക് രാത്രി 10 മണിക്കും രാവിലെ 6 മണിക്കും ഇടയിൽ മാത്രമേ ബർത്ത് നിവർത്താൻ അനുവാദമുള്ളൂ എന്നും റെയിൽവേ പറയുന്നു. ലോവർ ബർത്തിൽ യാത്രചെയ്യുന്നവർക്ക് തടസ്സമാകുന്ന വിധം മിഡിൽ ബർത്ത് നിവർത്തി ഉപയോഗിക്കുന്നതിനെതിരെയും നടപടിയുണ്ടാകും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates