

ഫിഫ ലോകകപ്പിന്റെ രണ്ടാമത്തെ ക്വാർട്ടർ ഫൈനലിൽ ഇന്ന് ഇന്ത്യൻ സമയം രാത്രി 12.30 മുതൽ 2010ലെ ലോക ചാംപ്യന്മാരായ സ്പെയിനും മുൻ ലോക ഒന്നാം നമ്പർ ടീമായ ബെൽജിയവും സെമിഫൈനൽ ടിക്കറ്റിനായി നേർക്കുനേർ പോരാടാനിറങ്ങുന്നു. മൊറോക്കോയെ പരാജയപ്പെടുത്തി ഫ്രാൻസ് ഇതിനകം തന്നെ സെമിയിൽ ഇടം പിടിച്ചിട്ടുണ്ട്. ടൂർണമെന്റിലുടനീളം മികച്ച ആധിപത്യം പുലർത്തുകയും ഇതുവരെ ഒരു ഗോൾ പോലും വഴങ്ങാതിരിക്കുകയും ചെയ്ത സ്പെയിനാണ് മത്സരത്തിൽ കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത്. മറുഭാഗത്ത് ബെൽജിയമാകട്ടെ, തങ്ങളുടെ സുവർണ തലമുറയിൽ നിന്ന് യുവ താരങ്ങളിലേക്കുള്ള മാറ്റത്തിന്റെ ഘട്ടത്തിലാണ്. ഈ ആവേശപ്പോരാട്ടത്തിൽ കളി തിരിക്കാൻ സാധ്യതയുള്ള നേർക്കുനേർ വരവുകൾ പരിശോധിക്കാം.
ലിയാൻഡ്രോ ട്രൊസാർഡ് (ബെൽജിയം) vs പെഡ്രോ പോറോ (സ്പെയിൻ)
കഴിഞ്ഞ കുറച്ചു മത്സരങ്ങളിലായി ബെൽജിയത്തിന്റെ ഏറ്റവും അപകടകാരിയായ അറ്റാക്കർ ലിയാൻഡ്രോ ട്രൊസാർഡ് ആണ്. ഇടത് വിങ്ങിൽ നിന്ന് അകത്തേക്ക് കയറി കളിച്ച് രണ്ട് ഗോളുകളും രണ്ട് അസിസ്റ്റുകളും താരം ഇതിനകം നേടിയിട്ടുണ്ട്. സ്പെയിനിനായി മിന്നും ഫോമിലുള്ള റൈറ്റ് ബാക്ക് പെഡ്രോ പോറോയെയാണ് ട്രൊസാർഡിനു നേരിടേണ്ടി വരിക. ഒരു ഗോളും രണ്ട് അസിസ്റ്റുകളും നേടിയതിന് പുറമെ 14 ടാക്കിളുകളും 7 ഇന്റർസെപ്ഷനുകളുമായി പ്രതിരോധത്തിലും പോറോ കരുത്തനാണ്. ആഴ്സണൽ, ടോട്ടനം താരങ്ങളായ ഇരുവരും തമ്മിലുള്ള ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ നോർത്ത് ലണ്ടൻ ഡാർബി വൈര്യം ഇതോടെ അന്താരാഷ്ട്ര വേദിയിലേക്കും മാറും. പോറോയുടെ അമിതമായ ആക്രമണ ശൈലിയെ ട്രൊസാർഡ് എങ്ങനെ മുതലെടുക്കും എന്നത് ഈ വിങ്ങിലെ കളി നിർണയിക്കും.
റോഡ്രി (സ്പെയിൻ) vs ഹാൻസ് വനാകെൻ (ബെൽജിയം)
സ്പെയിനിന്റെ ക്യാപ്റ്റനും മധ്യനിരയുടെ നെടുംതൂണുമായ റോഡ്രിയിലൂടെയാണ് അവരുടെ എല്ലാ നീക്കങ്ങളും കടന്നുപോകുന്നത്. എസിഎൽ പരിക്കിൽ നിന്നുള്ള നീണ്ട മോചനത്തിന് ശേഷം 2024ലെ ബാലൺ ഡി ഓൺ ജേതാവ് കൂടിയായ റോഡ്രി തന്റെ പഴയ ഫോമിലേക്ക് തിരിച്ചെത്തിക്കഴിഞ്ഞു. കളി നിയന്ത്രിക്കുന്നതിലും എതിരാളികളുടെ കൗണ്ടർ അറ്റാക്കുകൾ തടയുന്നതിലും അദ്ദേഹം മിടുക്കനാണ്. എന്നാൽ ബെൽജിയം പരിശീലകൻ റൂഡി ഗാർഷിയ പരിചയസമ്പന്നനായ കെവിൻ ഡി ബ്രുയ്നെയെ മാറ്റി പകരം ഇറക്കിയ ഹാൻസ് വനാകെൻ ആയിരിക്കും റോഡ്രിയുടെ പ്രധാന എതിരാളി. പ്രീ ക്വാർട്ടറിൽ യുഎസിനെതിരെ ഒരു ഗോളും അസിസ്റ്റും നേടി വനാകെൻ കോച്ചിന്റെ വിശ്വാസം കാത്തുസൂക്ഷിച്ചിരുന്നു. ശാരീരികമായി കരുത്ത് കൂടിയ വനാകെനും റോഡ്രിയും തമ്മിൽ മധ്യനിരയിൽ നടക്കുന്ന പോരാട്ടം കളിയുടെ ഗതി മാറ്റും.
ലമീൻ യമാൽ (സ്പെയിൻ) vs മാക്സിം ഡി കുയ്പർ (ബെൽജിയം)
പരിക്കിൽ നിന്ന് മോചിതനായി എത്തിയ ലമീൻ യമാൽ തന്നെയാണ് ഇപ്പോഴും സ്പെയിനിന്റെ ഏറ്റവും വലിയ ആക്രമണ ആയുധം. കളം നിറഞ്ഞു കളിക്കുന്ന താരം ഇതുവരെ ഒരു ഗോളും 14 ഗോൾ അവസരങ്ങളും സൃഷ്ടിച്ചിട്ടുണ്ട്. യമാലിനെ തടയുക എന്ന വലിയ ദൗത്യം ബെൽജിയത്തിന്റെ ലെഫ്റ്റ് ബാക്ക് മാക്സിം ഡി കുയ്പറിനാണ്. പ്രതിരോധത്തിൽ 12 ടാക്കിളുകളും 9 ഇന്റർസെപ്ഷനുകളുമായി തിളങ്ങുന്ന ഡി കുയ്പർ ഒരു ആക്രമണ ശൈലിയുള്ള ഡിഫെൻഡറാണ്. ഡി കുയ്പർ ആക്രമണത്തിനായി മുന്നോട്ടു കയറുമ്പോൾ ഉണ്ടാകുന്ന വിടവ് യമാൽ മുതലെടുക്കുമോ, അതോ യമാലിനെ പ്രതിരോധത്തിലാക്കാൻ ഡി കുയ്പറിന് സാധിക്കുമോ എന്നത് കണ്ടറിയാം.
ഡാനി ഓൽമോ (സ്പെയിൻ) vs യൂറി ടീലേമാൻസ് (ബെൽജിയം)
മികേൽ മെറിനോയ്ക്ക് പകരം ഡാനി ഓൽമോ എത്തുന്നതോടെ സ്പെയിനിന്റെ മധ്യനിരയ്ക്ക് കൂടുതൽ മൂർച്ച കൂടും. എതിരാളികളുടെ ഡിഫൻസിനും മിഡ്‌ഫീൽഡിനും ഇടയിലുള്ള ചെറിയ ഇടങ്ങൾ കണ്ടെത്തി പന്ത് സ്വീകരിക്കുന്നതിൽ ഓൽമോ വിദഗ്ദ്ധനാണ്. ബെൽജിയത്തിന്റെ ക്യാപ്റ്റനും കളി നിയന്ത്രിക്കുന്നവനുമായ ടീലേമാൻസിന് ഓൽമോയെ മാർക്ക് ചെയ്യുക എന്നത് കടുത്ത വെല്ലുവിളിയായിരിക്കും. ടീലേമാൻസിന്റെ കണ്ണ് വെട്ടിച്ച് ഓൽമോ മുന്നേറിയാൽ അത് ബെൽജിയത്തിന്റെ പ്രതിരോധ നിരയ്ക്ക് വലിയ അപകടം സൃഷ്ടിക്കും.
ഡോഡി ലുകേബാകിയോ (ബെൽജിയം) vs മാർക് കുക്കുറേയ (സ്പെയിൻ)
18 ടാക്കിളുകളും 11 ഇന്റർസെപ്ഷനുകളുമായി സ്പെയിനിന്റെ പ്രതിരോധത്തിൽ ഒരു വലിയ മതിൽ പോലെയാണ് മാർക് കുക്കുറേയ നിലയുറപ്പിച്ചിരിക്കുന്നത്. ജെറമി ഡോക്കുവിന് പകരം ബെൽജിയം നിരയിലെത്തിയ ഡോഡി ലുകേബാകിയോ ആയിരിക്കും കുക്കുറേയയുടെ എതിരാളി. മികച്ച ശാരീരിക കരുത്തും വേഗതയുമുള്ള ലുകേബാകിയോയെ ഉപയോഗിച്ച് കുക്കുറേയയുടെ വിങ്ങിലൂടെ കൗണ്ടർ അറ്റാക്കുകൾ നടത്താനാകും ബെൽജിയം ശ്രമിക്കുക.
ചാൾസ് ഡി കെറ്റെലെയർ (ബെൽജിയം) vs പോവ് കുബാർസി (സ്പെയിൻ)
യുഎസിനെതിരായ മത്സരത്തിൽ രണ്ട് ഗോളുകൾ നേടി തിളങ്ങിയ ചാൾസ് ഡി കെറ്റെലെയർ ആണ് ബെൽജിയത്തിന്റെ പ്രധാന സ്ട്രൈക്കർ. ഒരു 'ഫാൾസ് നയൻ' ആയി കളിക്കുന്ന അദ്ദേഹത്തിന്റെ നീക്കങ്ങൾ പ്രവചനാതീതമാണ്. സ്പെയിനിന്റെ 19 വയസുകാരനായ പ്രതിരോധ വിസ്മയം പോവ് കുബാർസി ആയിരിക്കും ഡി കെറ്റെലെയറെ നേരിടുക. ഇതുവരെ ഈ ടൂർണമെന്റിൽ ഒരു ഗോൾ പോലും വഴങ്ങാത്ത സ്പാനിഷ് പ്രതിരോധത്തിന്റെ കരുത്താണ് കുബാർസി. ഈ രണ്ട് യുവതാരങ്ങൾ തമ്മിലുള്ള പോരാട്ടം മത്സരത്തിലെ ഏറ്റവും ആകർഷകമായ കാഴ്ചയായിരിക്കും.
പകരക്കാരുടെ സ്വാധീനം നിർണാകം
മത്സരത്തിന്റെ അവസാന മിനിറ്റുകളിൽ പകരക്കാരായി ഇറങ്ങുന്ന താരങ്ങളായിരിക്കും കളിയുടെ ഫലം നിശ്ചയിക്കുക. ബെൽജിയം നിരയിൽ രണ്ടാം പകുതിയിൽ ഇറങ്ങാൻ സാധ്യതയുള്ള കെവിൻ ഡി ബ്രുയ്‌നെ, റൊമേലു ലുകാകു (ഈ ടൂർണമെന്റിൽ 3 ഗോളുകൾ നേടിയിട്ടുണ്ട്) എന്നിവരുടെ സാന്നിധ്യം സ്പാനിഷ് പ്രതിരോധത്തിന് കടുത്ത ഭീഷണിയാണ്.
മറുഭാഗത്ത്, പോർച്ചുഗലിനെതിരെ അവസാന നിമിഷത്തിൽ ഗോൾ നേടി ഹീറോ ആയ മികേൽ മെറിനോയും, കഴിഞ്ഞ മത്സരത്തിൽ മികച്ച അസിസ്റ്റ് നൽകിയ ഫെറാൻ ടോറസും ആയിരിക്കും സ്പെയിനിന്റെ പ്രധാന ആയുധങ്ങൾ. നോക്കൗട്ട് മത്സരങ്ങളിൽ അവസാന നിമിഷങ്ങളിലെ തന്ത്രപരമായ മാറ്റങ്ങൾ തന്നെയാണ് വിജയപരാജയങ്ങൾ നിർണയിക്കുക.