ജയ്പൂര്‍: തെരുവ് നായ വിഷയത്തില്‍ സുപ്രീം കോടതി ഉത്തരവ് നടപ്പാക്കുന്ന ആദ്യ സംസ്ഥാനമാകാനുള്ള തയാറെടുപ്പുകള്‍ ആരംഭിച്ച് രാജസ്ഥാന്‍. 2023ലെ എബിസി റൂള്‍ (ജനന നിയന്ത്രണ) കര്‍ശനമായി നടപ്പാക്കണമെന്ന് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍, കൗണ്‍സിലുകള്‍, മുന്‍സിപ്പാലിറ്റികള്‍ തുടങ്ങിയവക്ക് സ്വയംഭരണ വകുപ്പ് നിര്‍ദേശം നല്‍കി.
പുതിയ നടപടി പ്രകാരം എല്ലാ വാര്‍ഡിലും ലൊക്കാലിറ്റികളും തെരുവ് നായകള്‍ക്ക് വേണ്ടിയുള്ള ഫീഡിങ് പോയിന്റുകള്‍ ഒരുക്കും. ഇവയുടെ മേല്‍ നോട്ടം റെസിഡന്‍സ് വെല്‍ഫെയര്‍ അസോസിയേഷനുകള്‍ക്കും മറ്റു സംഘടനകള്‍ക്കുമായിരിക്കും.
പേവിഷ ബാധയുള്ളവക്ക് പോലും ഭക്ഷണവും വെള്ളവും ഫീഡിങ് പോയിന്റുകളില്‍ ലഭ്യമാക്കും. സുപ്രീംകോടതി ഉത്തരവനുസരിച്ച് രാജസ്ഥാന്‍ പൊതു സുരക്ഷയും മൃഗ സംരക്ഷണവും ഉറപ്പ് വരുത്തുന്നതിനുള്ള സന്തുലിത നടപടി ക്രമങ്ങള്‍ എടുക്കുന്ന ആദ്യ സംസ്ഥാനമാകുമെന്ന് തദ്ദേശ വകുപ്പ് സെക്രട്ടറി രവി ജയ്ന്‍ പറഞ്ഞു.
എല്ലാ മുന്‍സിപ്പല്‍ ബോഡികളും ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് മുപ്പത് ദിവസത്തിനുള്ളില്‍ സമര്‍പ്പിക്കണമെന്നാണ് ഉത്തരവ്. നായകളുടെ വന്ധ്യംകരണം, പേവിഷ വാക്‌സിന്‍, തുടങ്ങിയവ എല്ലാ നഗരങ്ങളിലും നടപ്പാക്കണമെന്ന് ഉത്തരവില്‍ പറയുന്നു. പിടികൂടുന്ന തെരുവു നായകളെ വന്ധ്യംകരിച്ച്, വാക്‌സിനും നല്‍കിയ ശേഷം അതേ സ്ഥലത്ത് തന്നെ തുറന്നു വിടും. സുതാര്യത ഉറപ്പു വരുത്തുന്നതിനായി എബിസി സെന്ററുകളില്‍ സിസിടിവി കാമറകള്‍ സ്ഥാപിക്കും.
പരിശീലനം ലഭിച്ചവര്‍ക്ക് മാത്രമാണ് നായ്ക്കളെ പിടികൂടാന്‍ അനുമതി ഉള്ളത്. അതുപോലെ 6 മാസത്തില്‍ താഴെയുള്ളവയെ വന്ധ്യംകരിക്കാന്‍ പാടില്ലെന്നും ഉത്തരവില്‍ പറയുന്നു. നടപടിക്രമങ്ങളുടെ മേല്‍ നോട്ടത്തിന് മൃഗ സംരക്ഷണ പ്രവര്‍ത്തകരെയും എന്‍ജിഒ അംഗങ്ങളെയും ഏല്‍പ്പിക്കും. നായ്ക്കളെ പിടികൂടുന്നതിന് ഒന്നിന് 200 രൂപയും വന്ധ്യംകരണത്തിന് 1450 രൂപയുമാണ് മൃഗ സംരക്ഷണ വകുപ്പ് നല്‍കാന്‍ നിശ്ചയിച്ചിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates