AIMIM Leader Akhtarul Iman 
India

'വധുക്കൾ വേശ്യകളെപ്പോലെയും പുരുഷന്മാർ പന്നികളെപ്പോലെയും'; വിവാഹച്ചടങ്ങുകളെക്കുറിച്ച് അധിക്ഷേപ പരാമർശവുമായി എഐഎംഐഎം നേതാവ്, വിവാദം

ശരിയത്ത് നിയമത്തെക്കുറിച്ച് ഇത്രയധികം ആശങ്കയുണ്ടെങ്കിൽ അദ്ദേഹം അഫ്ഗാനിസ്ഥാനിലേക്ക് പോകണമെന്ന് ബീഹാറിലെ ഭരണകക്ഷിയായ ബിജെ.പി

Author : സമകാലിക മലയാളം ഡെസ്ക്

പട്ന: മുസ്ലിം വിവാഹങ്ങളിലെ ആചാരങ്ങളെയും സ്ത്രീകളുടെ വസ്ത്രധാരണത്തെയും കുറിച്ച് അങ്ങേയറ്റം അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയ എഐഎംഐഎം ബീഹാർ അധ്യക്ഷൻ അക്തറുൽ ഇമാൻ വിവാദത്തിൽ. വിവാഹവേളകളിൽ വധു മുഖം മറയ്ക്കാതെ ഇരിക്കുന്നതും ('മുഹ് ദിഖായി' ചടങ്ങ്), സ്ത്രീകളും പുരുഷന്മാരും ഇടകലർന്ന് നിൽക്കുന്നതും പർദ്ദ ധരിക്കാത്തതുമാണ് അസദുദ്ദീൻ ഒവൈസിയുടെ പാർട്ടി നേതാവിനെ പ്രകോപിപ്പിച്ചത്.

വിവാഹച്ചടങ്ങിൽ മുഖം മറയ്ക്കാതെ ഇരിക്കുന്ന വധുവിനെ പൊതുസ്ഥലത്തിരിക്കുന്ന 'തവായിഫ്' (വേശ്യ) എന്നും, അവരെ നോക്കിനിൽക്കുന്ന പുരുഷന്മാരെ 'പന്നികൾ' എന്നുമാണ് അക്തറുൽ ഇമാൻ വിശേഷിപ്പിച്ചത്. ഒരു പൊതുപരിപാടിയിൽ അദ്ദേഹം നടത്തിയ പ്രസംഗത്തിന്റെ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായതോടെയാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്.

"നമ്മുടെ പുരുഷന്മാരോട് എനിക്ക് ചോദിക്കാനുള്ളത്, നിങ്ങൾക്ക് നാണവും മാനവും നഷ്ടപ്പെട്ടോ എന്നാണ്? ഇത്തരത്തിലുള്ള സ്വതന്ത്രമായ ഇടപഴകൽ പന്നികളുടെ സ്വഭാവമാണ്," വിഡിയോയിൽ ഇമാൻ പറയുന്നു. സ്ത്രീകൾ തല മറയ്ക്കാത്തതിനെയും അദ്ദേഹം വിമർശിച്ചു. "ഇക്കാലത്ത് തലയിൽ തട്ടമിടുന്ന സ്ത്രീകളേക്കാൾ കൂടുതൽ തൊപ്പി ധരിക്കുന്ന പുരുഷന്മാരാണുള്ളത്. ഇസ്ലാമിൽ സ്ത്രീകൾക്ക് പർദ്ദ അത്യന്താപേക്ഷിതമാണ്," അദ്ദേഹം കൂട്ടിച്ചേർത്തു.

രൂക്ഷവിമർശനവുമായി ബിജെ.പിയും കോൺഗ്രസും

അമൂർ എംഎൽഎ കൂടിയായ അക്തറുൽ ഇമാന്റെ പരാമർശങ്ങൾക്കെതിരെ ബിജെപിയും കോൺഗ്രസും ശക്തമായി രംഗത്തെത്തി. പിന്തിരിപ്പൻ മൗലാനയെപ്പോലെയാണ് അദ്ദേഹം സംസാരിക്കുന്നതെന്ന് ഇരുപാർട്ടികളും കുറ്റപ്പെടുത്തി. ശരിയത്ത് നിയമത്തെക്കുറിച്ച് ഇത്രയധികം ആശങ്കയുണ്ടെങ്കിൽ അദ്ദേഹം അഫ്ഗാനിസ്ഥാനിലേക്ക് പോകണമെന്ന് ബീഹാറിലെ ഭരണകക്ഷിയായ ബിജെ.പി പ്രതികരിച്ചു.

"സ്ത്രീകളെ അപമാനിക്കുന്നതും അവരുടെ അവകാശങ്ങളെ ഹനിക്കുന്നതുമായ രീതിയിൽ ഒരു എംഎൽഎ സംസാരിക്കുന്നത് നിർഭാഗ്യകരമാണ്. നമ്മുടെ സ്ത്രീകൾ വിദ്യാഭ്യാസം നേടുകയും ജീവിതത്തിന്റെ എല്ലാ മേഖലകളിലും മികവ് തെളിയിക്കുകയും ചെയ്യുകയാണ്. ശരിയത്തിനെക്കുറിച്ച് അദ്ദേഹത്തിന് ഇത്രയധികം ഉത്കണ്ഠയുണ്ടെങ്കിൽ അഫ്ഗാനിസ്ഥാനിൽ പോയി താമസിക്കട്ടെ," ബിജെപി നേതാവ് ഡാനിഷ് ഇക്ബാൽ പറഞ്ഞു.

ഇമാന്റെ പരാമർശങ്ങൾ "അറപ്പുളവാക്കുന്നതാണെന്ന്" കോൺഗ്രസ് നേതാവ് മുംതാസ് പട്ടേൽ പ്രതികരിച്ചു. സ്ത്രീകളെ ഇത്തരത്തിൽ അപമാനിക്കാൻ ഇസ്ലാം അനുവദിക്കുന്നില്ലെന്നും അവർ വ്യക്തമാക്കി. "മുസ്ലിം സമുദായത്തെ പ്രതിനിധീകരിക്കുന്നു എന്ന് അവകാശപ്പെടുന്ന എ ഐ.എം.ഐ.എം. പോലൊരു പാർട്ടിയിലെ നേതാവ് സ്ത്രീകളെക്കുറിച്ച് ഇത്രയും മോശമായി സംസാരിക്കുന്നത് അങ്ങേയറ്റം അപലപനീയമാണ്. ഇസ്ലാമിൽ ഒരിടത്തും സ്ത്രീകളെ ഇങ്ങനെ താഴ്ത്തിക്കെട്ടുന്നില്ല. ഒരു മുസ്ലിം സ്ത്രീ എന്ന നിലയിൽ ഇത് തികച്ചും തെറ്റാണെന്ന് ഞാൻ കരുതുന്നു," മുംതാസ് പട്ടേൽ പറഞ്ഞു.

പരാമർശത്തിൽ ഉറച്ചുനിന്ന് അക്തറുൽ ഇമാൻ

പ്രതിഷേധം ശക്തമായിട്ടും തന്റെ പരാമർശങ്ങളെ ന്യായീകരിച്ച് അക്തറുൽ ഇമാൻ രംഗത്തെത്തി. വിവാഹിതരായ ഹിന്ദു സ്ത്രീകൾക്ക് സിന്ദൂരത്തേക്കാൾ പ്രധാനമാണ് മുസ്ലിം സ്ത്രീകൾക്ക് പർദ്ദയെന്ന് അദ്ദേഹം വാദിച്ചു. തന്റെ വാക്കുകൾ കടുപ്പമേറിയതായിരിക്കാം, എന്നാൽ "കൃത്യസമയത്ത് ഉണരാൻ വിസമ്മതിക്കുന്ന അനുസരണയില്ലാത്ത കുട്ടിയുടെ മുഖത്തടിക്കുന്നത് പോലെയാണ്" താൻ സംസാരിച്ചതെന്നും, യഥാർത്ഥ വിശ്വാസികളായ മുസ്ലിങ്ങളെ ഉദ്ദേശിച്ചാണ് താൻ ഇത് പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി എ ഗ്രൂപ്പെങ്കില്‍ എട്ടാമത്തെ അത്ഭുതം; രണ്ട് ക്ലൂ തരുന്നു, പനമ്പിള്ളി നഗറിലെ നേതാവ് കാലുപിടിച്ച് അപേക്ഷിച്ചു, വണ്ടിനമ്പര്‍ 2020; ഉണ്ണിത്താന്‍ റീലോഡഡ്

19 സിക്‌സുകള്‍, 181 റണ്‍സ്!!! പ്രിയാംശിന്റെ 'ശ്വാസം നിലപ്പിക്കും' ബാറ്റിങ്! ലോക റെക്കോർഡ്

മാന്യതയുടെ മുഖംമൂടി വലിച്ചുകീറും; എല്ലാം ഡയറിയിലുണ്ട്; കൂടുതല്‍ പറയിക്കരുത്; വെല്ലുവിളിയുമായി ഉണ്ണിത്താന്‍

'സംഘാടകന്‍ തട്ടിപ്പ് കേസില്‍ ഉള്‍പ്പെട്ടയാള്‍'; പരിപാടിയില്‍ നിന്ന് പിന്മാറി മുഖ്യമന്ത്രിയും ആറ് മന്ത്രിമാരും

റാസല്‍ഖൈമയില്‍ ബസും ട്രക്കും തമ്മില്‍ കൂട്ടിയിടിച്ച് അപകടം; 11 പേര്‍ക്ക് ദാരുണാന്ത്യം