Narendra Modi PTI
India

മുഴുവന്‍ ജമ്മു കശ്മീരിനെയും ഇന്ത്യയുടെ ഭാഗമാക്കാന്‍ സര്‍ദാര്‍ പട്ടേല്‍ ശ്രമിച്ചു, തടഞ്ഞത് നെഹ്‌റു: നരേന്ദ്രമോദി

കോണ്‍ഗ്രസിന്റെ തെറ്റ് കാരണം രാജ്യം പതിറ്റാണ്ടുകളായി അതിന്റെ പ്രത്യാഘാതം അനുഭവിച്ചു കൊണ്ടിരിക്കുകയാണെന്ന് മോദി

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ജമ്മു കശ്മീരിനെ മുഴുവനായി ഇന്ത്യയുടെ ഭാഗമാക്കാനുള്ള നീക്കം തടഞ്ഞത് പ്രധാനമന്ത്രിയായിരുന്ന ജവാഹര്‍ ലാല്‍ നെഹ്‌റുവായിരുന്നുവെന്ന് പ്രധാനമന്ത്രി  നരേന്ദ്രമോദി. ജമ്മുകശ്മീരിനെ പൂര്‍ണമായും ഇന്ത്യയുടെ ഭാഗമാക്കാനാണ് രാജ്യത്തിന്റെ ആദ്യ ആഭ്യന്തരമന്ത്രിയായിരുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ശ്രമിച്ചത്. എന്നാല്‍ പ്രധാനമന്ത്രിയായിരുന്ന നെഹ്‌റു ഇടപെട്ട് ഈ നീക്കം തടയുകയായിരുന്നുവെന്ന് മോദി ആരോപിച്ചു.

സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 150-ാം ജന്മദിനത്തില്‍ രാഷ്ട്രീയ ഏകതാ ദിവസ് ആഘോഷത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. മറ്റ് നാട്ടുരാജ്യങ്ങളെ ഒന്നിപ്പിച്ചതുപോലെ, മുഴുവന്‍ കശ്മീരിനെയും ഒന്നിപ്പിക്കാന്‍ സര്‍ദാര്‍ പട്ടേല്‍ ആഗ്രഹിച്ചു. എന്നാല്‍ നെഹ്റു അദ്ദേഹത്തിന്റെ ആഗ്രഹം പൂര്‍ത്തീകരിക്കുന്നത് തടഞ്ഞു. കശ്മീരിനെ വിഭജിച്ചു, പ്രത്യേക ഭരണഘടനയും പ്രത്യേക പതാകയും നല്‍കി. കോണ്‍ഗ്രസിന്റെ ഈ തെറ്റ് കാരണം രാജ്യം പതിറ്റാണ്ടുകളായി അതിന്റെ പ്രത്യാഘാതം അനുഭവിച്ചു കൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

സ്വാതന്ത്ര്യാനന്തരം 550-ലധികം നാട്ടുരാജ്യങ്ങള്‍ ഏകീകരിക്കുന്നതില്‍ സര്‍ദാര്‍ പട്ടേല്‍ വഹിച്ച പങ്ക് വളരെ പ്രശംസനീയമാണെന്ന് മോദി പറഞ്ഞു. അസാധ്യമെന്ന് കരുതിയ ദൗത്യമാണ് അദ്ദേഹം സാധ്യമാക്കിയത്. 'ഏക ഇന്ത്യ, ഉത്കൃഷ്ട ഇന്ത്യ' എന്ന ആശയം സര്‍ദാര്‍ പട്ടേലിനെ സംബന്ധിച്ചിടത്തോളം, പരമപ്രധാനമായിരുന്നു. ചരിത്രം എഴുതാന്‍ സമയം പാഴാക്കുകയല്ല വേണ്ടത്, പകരം ചരിത്രം സൃഷ്ടിക്കാന്‍ കഠിനാധ്വാനം ചെയ്യുക എന്നതായിരുന്നു പട്ടേലിന്റെ വിശ്വാസമെന്ന് മോദി പറഞ്ഞു.

പ്രസംഗത്തിന് മുമ്പായി, ഗുജറാത്തിലെ നര്‍മ്മദ ജില്ലയിലെ ഏകതാ നഗറിലെ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 182 മീറ്റര്‍ ഉയരമുള്ള പ്രതിമയില്‍ നരേന്ദ്ര മോദി പുഷ്പാര്‍ച്ചന നടത്തി. ഇന്ത്യയുടെ ഉരുക്കു മനുഷ്യന്‍ എന്നറിയപ്പെടുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ജന്മദിനം, 2014 മുതല്‍ രാഷ്ട്രീയ ഏകതാ ദിവസ് (ദേശീയ ഐക്യ ദിനം) ആയി ആചരിച്ചു വരുന്നു. രാഷ്ട്രീയ ഏകതാ ദിവസിന്റെ ഭാഗമായി വിവിധ പരിപാടികളും സംഘടിപ്പിച്ചിരുന്നു.

Prime Minister Narendra Modi said that Sardar Vallabhbhai Patel, had wanted to fully integrate Jammu and Kashmir into India, but was prevented from doing so by Jawaharlal Nehru

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

SCROLL FOR NEXT