ന്യൂഡല്‍ഹി: ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപത്ത് നിര്‍ത്തിയിട്ട കാറിലുണ്ടായ ഉഗ്രസ്‌ഫോടനത്തില്‍ ഒന്‍പത് പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിന് പിന്നാലെ മഹാരാഷ്ട്രയിലെയും ഉത്തര്‍പ്രദേശിലെയും പ്രധാന സ്ഥലങ്ങളിലെല്ലാം അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി. മുംബൈ, ലഖ്‌നൗ ഉള്‍പ്പടെയുള്ള നഗരങ്ങളില്‍ പൊലീസ് സുരക്ഷ ശക്തമാക്കി.
അതേസമയം, ഡല്‍ഹി സ്‌ഫോടനത്തില്‍ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പരിക്കേറ്റവരുടെ നിലഗുരുതരമാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍. രാത്രി ഏഴുമണിയോടെ മെട്രോ സ്‌റ്റേഷന് സമീപത്ത് നിര്‍ത്തിയിട്ട കാര്‍ പൊട്ടിത്തെറിക്കുകയായിരുന്നെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. രണ്ടുകാറുകള്‍ ഒരേസമയം പൊട്ടിത്തെറിക്കുകയായിരുന്നെന്നും തുടര്‍ന്ന് സമീപത്തുണ്ടായിരുന്ന മറ്റു വാഹനങ്ങളിലേക്ക് തീ പടരുകയായിരുന്നെന്നുമാണ് വിവരം.
ഉഗ്രസ്‌ഫോടനം ഉണ്ടായതിന് പിന്നാലെ ആ നിമിഷം തങ്ങളെല്ലാം കൊല്ലപ്പെടുമെന്ന് തോന്നിയതായി ദൃക്‌സാകിഷികള്‍ പറഞ്ഞു, സ്‌ഫോടനത്തിന് ശേഷം നടുറേഡില്‍ ശരീരഭാഗങ്ങള്‍ ചിതറികിടക്കുന്നത് കണ്ടതായും പ്രദേശത്തെ കടയുടമ പറഞ്ഞു. 'എന്റെ ജീവിതത്തില്‍ ഒരിക്കലും ഇത്രയും വലിയ ശബ്ദമുള്ള സ്‌ഫോടനം ഞാന്‍ കേട്ടിട്ടില്ല. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ ഞാന്‍ മൂന്ന് തവണ വീണുപോയി. എല്ലാവരും മരിച്ചുപോകുമെന്ന് തോന്നി' കടയുടമ പറഞ്ഞു.
ചെങ്കോട്ട മെട്രോസ്റ്റേഷന്റെ ഒന്നാംനമ്പര്‍ ഗേറ്റിന് സമീപത്തായിരുന്നു കാര്‍ പൊട്ടിത്തെറിച്ചത്. കാറിന് സമീപത്തുണ്ടായിരുന്ന നാലോളം വാഹനങ്ങള്‍ക്ക് തീപിടിച്ച് പൂര്‍ണമായും തകര്‍ന്നു. മുപ്പതികലധികം വാഹനങ്ങള്‍ക്ക് കേടുപാട് സംഭവിച്ചിട്ടുണ്ട്. പരിക്കേറ്റവരെ ലോക് നായിക് ജയപ്രകാശ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.വിവരമറിഞ്ഞ് ഡല്‍ഹി അഗ്‌നിരക്ഷാസേനയുടെ ഇരുപതോളം യൂണിറ്റുകള്‍ സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. അരമണിക്കൂറിനുള്ളില്‍ തീ നിയന്ത്രണവിധേയമാക്കിയെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. സംഭവത്തെത്തുടര്‍ന്ന് മെട്രോസ്റ്റേഷന്‍ പരിസരം പൂര്‍ണമായും പൊലീസിന്റെ നിയന്ത്രണത്തിലാക്കി. മേഖലയില്‍നിന്ന് ജനങ്ങളെ ഒഴിപ്പിച്ചു. പരിശോധന നടത്താനായി ഫൊറന്‍സിക് സംഘം ഉള്‍പ്പെടെ സ്ഥലത്തെത്തിയിട്ടുണ്ട്.
ബോംബ് സ്‌ക്വാഡ് അടക്കം സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഡല്‍ഹി പൊലീസ് കമ്മിഷണറുമായി ഫോണില്‍ സംസാരിച്ചു. സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി ദേശീയ പതാക ഉയര്‍ത്തുന്ന ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്‌ഫോടനം അതീവ ഗൗരവത്തോടെയാണ് സുരക്ഷ സേനകള്‍ നോക്കിക്കാണുന്നത്. നിരവധി വിനോദ സഞ്ചാരികള്‍ വരുന്ന മേഖലയാണിത്. രാജ്യത്തെ ഏറ്റവും വലിയ മാര്‍ക്കറ്റുകളില്‍ ഒന്നായ ചാന്ദ്‌നി ചൗക്കും സമീപമാണ്.
ജമ്മു കശ്മീര്‍ സ്വദേശികളായ ഡോക്ടര്‍മാരെ പൊലീസ് ഇന്ന് രാവിലെ അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ നിന്ന് ആയുധങ്ങള്‍ അടക്കം പിടിച്ചെടുത്തിരുന്നു. ഇതിനുപിന്നാലെയാണ് സ്‌ഫോടനം നടക്കുന്നത്. ചെങ്കോട്ടയ്ക്കു സമീപം ഒരു സിഖ് സംഘടനയുടെ പരിപാടി നാളെ നടക്കാനാരിക്കുകയായിരുന്നു. അതിനുവേണ്ടിയുള്ള പന്തല്‍ അടക്കം കെട്ടിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates