Court Symbolic file
India

ഭർത്താവിന്റെ വായ്പയ്ക്ക് ഭാര്യയുടെ എഫ്ഡിയിൽനിന്ന് 19.90 ലക്ഷം പിടിച്ചു; പണം തിരികെ നൽകാൻ എസ്ബിഐക്ക് കോടതി ഉത്തരവ്

ബാങ്കിന്റെ നടപടി ദുരുദ്ദേശ്യപരവും ബാങ്കിങ് വ്യവസ്ഥയ്ക്ക് അപമാനവുമെന്നും കോടതി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

ലഖ്‌നൗ: അന്തരിച്ച ഭർത്താവിന്റെ പേരിലുള്ള വ്യക്തിഗത വായ്പാ കുടിശ്ശിക തീർക്കാനായി വിധവയായ ഭാര്യയുടെ സ്ഥിരനിക്ഷേപത്തിൽ (എഫ്ഡി) നിന്ന് 19,90,693 രൂപ അനധികൃതമായി തട്ടിയെടുത്ത സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് (എസ്ബിഐ) അലഹബാദ് ഹൈക്കോടതിയുടെ കനത്ത പ്രഹരം. പിടിച്ചെടുത്ത 19.90 ലക്ഷം രൂപയും അതിന്റെ പലിശയും ഉടൻ തിരികെ നൽകാൻ ഉത്തരവിട്ട കോടതി, ബാങ്കിന്റെ ക്രൂരമായ നിയമലംഘനങ്ങൾ കാരണം യുവതിക്കുണ്ടായ മാനസിക പീഡനങ്ങൾക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും നിർദ്ദേശിച്ചു.

ജസ്റ്റിസ് ശേഖർ ബി. സറഫ്, ജസ്റ്റിസ് അവധേഷ് കുമാർ ചൗധരി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് എസ്ബിഐയുടെ നടപടികളെ രൂക്ഷമായി വിമർശിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്. സ്ത്രീയുടെ സ്ഥിരനിക്ഷേപം തുടങ്ങിയ ആഷിയാന ശാഖയിൽ നിന്ന് ഭർത്താവിന്റെ ലോൺ അക്കൗണ്ട് നിലനിന്നിരുന്ന ജാനകിപുരം ശാഖയിലേക്ക് രഹസ്യമായി മാറ്റുകയും, പണം മുഴുവൻ വായ്പയിലേക്ക് വകയിരുത്തിയ ശേഷം അക്കൗണ്ട് തിരികെ മാറ്റുകയും ചെയ്ത ബാങ്കിന്റെ തന്ത്രം തികച്ചും ദുരുദ്ദേശ്യപരമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ബാങ്കിങ് വ്യവസ്ഥയ്ക്കും വിശ്വാസ്യതയ്ക്കും തന്നെ തീരാക്കളങ്കമാണ് ഇത്തരം നടപടികളെന്നും ബെഞ്ച് നിരീക്ഷിച്ചു.

ലഖ്‌നൗവിലെ ആശുപത്രിയിൽ അസിസ്റ്റന്റ് പ്രൊഫസറായിരുന്ന യുവതിയുടെ ഭർത്താവ് 2020 നവംബറിലാണ് എസ്ബിഐയിൽ നിന്ന് 15 ലക്ഷം രൂപയുടെ വ്യക്തിഗത വായ്പയെടുത്തത്. ഈ വായ്പയിൽ ഭാര്യ ഒപ്പുവെക്കുകയോ, വായ്പയുടെ കോ-ആപ്ലിക്കന്റ്, ജാമ്യക്കാരി, നോമിനി തുടങ്ങിയ യാതൊരു ഉത്തരവാദിത്തങ്ങളും വഹിക്കുകയോ ചെയ്തിരുന്നില്ല. 2021 മെയ് 6-ന് കൊവിഡ് ബാധയെത്തുടർന്ന് ഭർത്താവ് മരണപ്പെട്ടു. നിയമാനുസൃതമായ നടപടികളിലൂടെ കാര്യങ്ങൾ നീക്കുന്നതിന് പകരം വിധവയായ യുവതിയെ പണം ആവശ്യപ്പെട്ട് ബാങ്ക് നിരന്തരം ഭീഷണിപ്പെടുത്താൻ തുടങ്ങി. പലിശയുൾപ്പെടെ 13,87,382 രൂപ ആവശ്യപ്പെട്ട് ബാങ്ക് നോട്ടീസ് അയച്ചു. തുടർന്ന് യുവതിയുടെ ശമ്പള അക്കൗണ്ട് മരവിപ്പിച്ചെങ്കിലും ആർബിഐ ഓംബുഡ്സ്മാൻ ഇടപെട്ട് ഈ വിലക്ക് നീക്കുകയായിരുന്നു.

വായ്പാ തിരിച്ചടവ് സംബന്ധിച്ച് തർക്കപരിഹാര ചർച്ചകൾ നടക്കുന്നതിനിടെയാണ് 2025-ൽ യുവതി തുടങ്ങിയ സ്ഥിരനിക്ഷേപത്തിൽ നിന്ന് 19.90 ലക്ഷം രൂപ എസ്ബിഐ ഏകപക്ഷീയമായി തട്ടിയെടുത്തത്. ഇതിനെതിരെ യുവതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഭാര്യയുമായി ബാങ്കിന് യാതൊരു തരത്തിലുള്ള കരാറോ നിയമപരമായ കടപ്പാടോ ഇല്ലാതിരുന്നിട്ടും അവരുടെ പണം ഭർത്താവിന്റെ വായ്പയ്ക്കായി ബാങ്ക് വകയിരുത്തിയത് ഗുരുതരമായ നിയമലംഘനവും അവിശ്വാസവുമാണെന്ന് കോടതി വ്യക്തമാക്കി.

ഭർത്താവിന്റെ വായ്പാതുക അനന്തരാവകാശിയിൽനിന്ന് ഈടാക്കാൻ ബാങ്കിന് അവകാശമുണ്ടെങ്കിൽപ്പോലും അത് നിയമപരമായ മാർഗ്ഗങ്ങളിലൂടെ മാത്രമേ സാധ്യമാകൂ. സ്വന്തം ഇഷ്ടപ്രകാരം ഉപഭോക്താവിന്റെ എഫ്ഡിയിലേക്ക് കടന്നുകയറുന്നത് ബാങ്കിന്റെ ഭാഗത്തുനിന്നുള്ള ഗുരുതരമായ വഞ്ചനയാണ്. ഇത്തരമൊരു നടപടിയെ ബാങ്കിങ് നിയമത്തിലെവിടെയും ന്യായീകരിക്കാനാവില്ലെന്നും കോടതി അടിവരയിട്ടു. ബാങ്കിന്റെ പെരുമാറ്റം അങ്ങേയറ്റം അപലപനീയമാണെന്ന് വ്യക്തമാക്കിയ കോടതി, പിൻവലിച്ച 19,90,693 രൂപയും ഫിക്സഡ് ഡിപ്പോസിറ്റിന് നൽകിയിരുന്ന പലിശ സഹിതം നാലാഴ്ചയ്ക്കകം യുവതിക്ക് തിരികെ നൽകാനും ഒപ്പം ഒരു ലക്ഷം രൂപ നഷ്ടപരിഹാരം കൈമാറാനും ഉത്തരവിട്ടു.

In a stinging indictment of coercive banking practices, the Allahabad High Court has ordered the State Bank of India (SBI) to refund ₹19,90,693 that it illegally debited from a widow's fixed deposit account towards her late husband's unpaid personal loan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ജയിലിലെ ആശുപത്രി ഞാന്‍ മെച്ചപ്പെടുത്തി, ആര്‍ക്കെങ്കിലും പ്രയോജനപ്പെട്ടതില്‍ സന്തോഷം'; തച്ചങ്കരിയെ പരിഹസിച്ച് ആര്‍ ശ്രീലേഖ

തൃശൂരിലെ സർക്കാർ സ്ഥാപനത്തിൽ 9 തെറാപ്പിസ്റ്റ് ഒഴിവ്; ശമ്പളം 39,690 രൂപ !

അങ്കമാലിയില്‍ യുവാവും യുവതിയും ട്രെയിന്‍ തട്ടി മരിച്ചനിലയില്‍; നാടുവിട്ടത് രണ്ടുദിവസം മുന്‍പ്, അന്വേഷണം

കേരളത്തിലെ ഏതു മണ്ണിലും മള്‍ബറി വളരും; നടീലും പരിപാലനവും സിംപിള്‍, ആരോഗ്യ ഗുണവുമേറെ

ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന് പാകമായ ജേഴ്സി ഇല്ല!