സീമ ഹൈദര്‍ സച്ചിന്‍ മീണയ്ക്കൊപ്പം Facebook
India

'ഞാന്‍ ഇപ്പോള്‍ ഇന്ത്യയുടെ മരുമകളാണ്, എന്നെ ഇവിടെ ജീവിക്കാന്‍ അനുവദിക്കണം'; മോദിയോട് അഭ്യര്‍ഥിച്ച് സീമ ഹൈദര്‍

പഹല്‍ഗാം ഭീകരാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ പാക് പൗരന്‍മാരോട് രാജ്യം വിടാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചതോടെ സീമ ഹൈദറിന് ഇന്ത്യയില്‍ തുടരാനാവില്ലെന്നതാണ് ഇപ്പോഴത്തെ സാഹചര്യം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പബ്ജി ഗെയിമിലൂടെ പ്രണയത്തിലാവുകയും കാമുകനൊപ്പം ജീവിക്കാന്‍ ഇന്ത്യയിലെത്തുകയും ചെയ്ത പാകിസ്ഥാന്‍ യുവതിയെ ഇന്ത്യക്കാര്‍ മറക്കാന്‍ ഇടയില്ല. ഒരിടവേളയ്ക്ക് ശേഷം സീമ ഹൈദര്‍ വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിക്കുകയാണ്. താനിപ്പോള്‍ ഇന്ത്യയുടെ മരുമകളാണെന്നും രാജ്യത്ത് തുടരാന്‍ അനുവദിക്കണം എന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും യുപി മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനോടും അഭ്യര്‍ത്ഥിക്കുകയാണ് സീമ ഹൈദര്‍. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയിലാണ് സീമ ഹൈദറിന്റെ അഭ്യര്‍ഥന. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാക് പൗരന്‍മാരോട് രാജ്യം വിടാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചതോടെ സീമ ഹൈദറിന് ഇന്ത്യയില്‍ തുടരാനാവില്ലെന്നതാണ് ഇപ്പോഴത്തെ സാഹചര്യം.

2023 ലാണ് സീമ ഹൈദര്‍ സച്ചിന്‍ മീണയെ തേടി ഇന്ത്യയിലെത്തുന്നത്. കറാച്ചി സ്വദേശിയായ യുവതി നേരത്ത വിവാഹിതയായിരുന്നു. ഈ ബന്ധത്തിലുള്ള നാല് കുട്ടികളുമായാണ് നേപ്പാള്‍ വഴി സീമ ഹൈദര്‍ ഇന്ത്യയിലെത്തിയത്. സച്ചിന്‍ മീണയെ വിവാഹം ചെയ്യുകയും ഈ ബന്ധത്തില്‍ ഒരു കുഞ്ഞിന് ജന്‍മം നല്‍കുകയും ചെയ്തിരുന്നു. നിലവില്‍ ഹിന്ദുമതം സ്വീകരിച്ച സീമ പാകിസ്ഥാന്‍ പൗരന്‍ അല്ലെന്നാണ് ഉയര്‍ത്തുന്ന വാദം.

ഇന്ത്യ പാകിസ്ഥാന്‍ ബന്ധം മോശമായ സാഹചര്യത്തില്‍ സീമയ്ക്ക് ഇന്ത്യയില്‍ തുടരാന്‍ സാധിക്കുമെന്ന പ്രതീക്ഷ പങ്കുവയ്ക്കുകയാണ് ഇവരുടെ അഭിഭാഷകന്‍ എ പി സിങ്. സീമയുടെ പൗരത്വം ഇപ്പോള്‍ അവരുടെ ഭര്‍ത്താവുമായി ബന്ധപ്പെട്ടാണ് നില്‍ക്കുന്നത്. അവര്‍ക്കിപ്പോള്‍ ഒരു പുത്രിയുണ്ട്, ഭാരതി മീണ എന്നാണ് കുഞ്ഞിന്റെ പേര്. ഈ സാഹചര്യങ്ങള്‍ നിലനില്‍ക്കെ ഇപ്പോഴത്തെ കേന്ദ്ര നിര്‍ദേശം സീമയെ ബാധിക്കില്ലെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടുന്നു

ഇതിനിടെയാണ് സീമയുടെ അഭ്യര്‍ത്ഥന പുറത്തുവരുന്നത്. 'ഞാന്‍ പാകിസ്ഥാന്റെ മകളാണ്, എന്നാല്‍ ഇപ്പോള്‍ ഇന്ത്യയുടെ മരുമകളാണ്. ഞാനിപ്പോള്‍ ഇന്ത്യയിലെ അഭയാര്‍ത്ഥിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും അറിയിക്കാന്‍ ആഗ്രഹിക്കുന്നു. എന്നെ ഇന്ത്യയില്‍ തുടരാന്‍ അനുവദിക്കണം' എന്നാണ് സീമ പങ്കുവച്ച വീഡിയോയുടെ ഉള്ളടക്കം.

സാധാരണ ഇമിഗ്രേഷന്‍ നടപടിക്രമങ്ങള്‍ ഒഴിവാക്കി നേപ്പാള്‍ അതിര്‍ത്തി വഴി നിയമവിരുദ്ധമായാണ് സീമ രാജ്യത്ത് പ്രവേശിച്ചത്. ഇവര്‍ക്ക് ഇതുവരെയും ഇന്ത്യന്‍ പൗരത്വം ലഭിച്ചിട്ടില്ല. കറാച്ചിയിലെ ഘുലാം ഹൈദറിന്റെ ഭാര്യയായിരിക്കെയാണ് നോയിഡ സ്വദേശിയായ കാമുകന്‍ സച്ചിന്‍ മീണയെ തേടി യുവതി ഇന്ത്യയിലെത്തിയത്. അനധികൃതമായി ഇന്ത്യയിലെത്തിയതിന് യുവതിയെയും ഇവരെ സംരക്ഷിച്ച കുറ്റത്തിന് സച്ചിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതോടെയാണ് ഇവരെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

സ്വര്‍ണ വിലയില്‍ ഇടിവ്, പവന് 240 രൂപ കുറഞ്ഞു

'തുളസി'യെപ്പോലെ ഒറ്റയ്ക്ക് ആണെന്ന് തോന്നിയിട്ടുണ്ടോ എപ്പോഴെങ്കിലും ?; സോഷ്യൽ മീഡിയയിൽ ചർച്ചയായി മ്യൂസിക് വിഡിയോ

മുഹമ്മദ് ഷിയാസിനെ എവിടെ നിര്‍ത്തും?, സതീശന്‍റെ വിശ്വസ്തന് സീറ്റായില്ല, എറണാകുളത്ത് നാലു മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് തലവേദന

മുഖം തിളങ്ങാൻ ഈ 3 ആയുർവേദ എണ്ണകൾ മതി

SCROLL FOR NEXT