SFI Instagram Delhi HC Center-Center-Tirunelveli
India

ഇൻസ്റ്റഗ്രാം അക്കൗണ്ട് റദ്ദാക്കിയതിനെതിരായ അപ്പീലിൽ കേന്ദ്രത്തിന്റെ കാലതാമസം: എസ്എഫ്ഐ ഡൽഹി ഹൈക്കോടതിയിൽ

കേന്ദ്ര അപ്പലേറ്റ് സമിതിക്കെതിരെ വിദ്യാർഥി സംഘടന; 30 ദിവസത്തിനകം തീർപ്പാക്കണമെന്ന ചട്ടം ലംഘിച്ചെന്ന് ഹർജി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

ന്യൂഡൽഹി: ഡൽഹി ഘടകത്തിന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ട് മെറ്റ സ്ഥിരമായി റദ്ദാക്കിയതിനെതിരെ നൽകിയ പരാതിയിൽ കേന്ദ്ര സർക്കാർ രൂപീകരിച്ച ഗ്രീവൻസ് അപ്പലേറ്റ് കമ്മിറ്റി നടപടിയെടുക്കാൻ അനാവശ്യമായി കാലതാമസം വരുത്തുന്നുവെന്ന് ആരോപിച്ച് സ്റ്റുഡന്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. സിപിഎമ്മിന്റെ വിദ്യാർഥി സംഘടനയായ എസ്എഫ്ഐ നൽകിയ ഹർജി ജസ്റ്റിസ് അമിത് മഹാജൻ അധ്യക്ഷനായ ബെഞ്ച് ഇന്ന് പരിഗണിക്കും.

2018 മുതൽ പ്രവർത്തിച്ചുവരുന്നതും പതിമൂവായിരത്തോളം ഫോളോവേഴ്സുള്ളതുമായ 'എസ്എഫ്ഐ ഡൽഹി' എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ട് കഴിഞ്ഞ ജൂലൈ അഞ്ചിനാണ് മെറ്റ സ്ഥിരമായി പ്രവർത്തനരഹിതമാക്കിയത്. തങ്ങളുടെ നിബന്ധനകൾ ലംഘിച്ച മറ്റൊരു അക്കൗണ്ടുമായി ഈ പേജിന് ബന്ധമുണ്ടെന്നും അക്കൗണ്ട് സുതാര്യതയുമായി ബന്ധപ്പെട്ട കമ്മ്യൂണിറ്റി മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നും ആരോപിച്ചായിരുന്നു നടപടി. എന്നാൽ ഏത് അക്കൗണ്ടുമായാണ് ബന്ധമുള്ളതെന്നോ എന്ത് ലംഘനമാണ് നടത്തിയതെന്നോ വ്യക്തമാക്കാൻ ഇൻസ്റ്റഗ്രാം തയ്യാറായില്ലെന്ന് വിദ്യാർഥി സംഘടന ചൂണ്ടിക്കാട്ടുന്നു.

അക്കൗണ്ട് റദ്ദാക്കിയ നടപടിക്കെതിരെ ജൂലൈ ഏഴിന് ഇൻസ്റ്റഗ്രാമിന് തന്നെ സംഘടന അപ്പീൽ നൽകിയിരുന്നു. തുടർന്ന് ജൂലൈ ഒൻപതിന് മെറ്റയുടെ ഗ്രീവൻസ് ഓഫീസർക്കും പരാതി നൽകി. എന്നാൽ ഇവരിൽനിന്ന് യാതൊരുവിധ മറുപടിയും ലഭിക്കാത്തതിനെത്തുടർന്ന് ഓഗസ്റ്റ് 12-നാണ് കേന്ദ്ര സർക്കാരിന്റെ ഗ്രീവൻസ് അപ്പലേറ്റ് കമ്മിറ്റിയെ സമീപിച്ചത്. ഐടി ചട്ടങ്ങളിലെ റൂൾ 3 എ (4) പ്രകാരം ഇത്തരം പരാതികളിൽ പരമാവധി 30 ദിവസത്തിനകം ജിഎസി അന്തിമ തീരുമാനമെടുക്കേണ്ടതുണ്ട്. എന്നാൽ ഒരു മാസത്തിലധികം പിന്നിട്ടിട്ടും ജിഎസിയുടെ വെബ്സൈറ്റിൽ അപ്പീൽ ഇപ്പോഴും 'പരിഗണനയിലാണ്' എന്ന് മാത്രമാണ് കാണിക്കുന്നതെന്ന് ഹർജിയിൽ പറയുന്നു

അഭിഭാഷകനായ നമൻ കുമാർ മുഖേനയാണ് എസ്എഫ്ഐ ഹൈക്കോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്തത്. അപ്പീലുകളിൽ കേന്ദ്ര സമിതി അകാരണമായി കാലതാമസം വരുത്തുന്നത് ഭരണഘടനയുടെ അനുച്ഛേദം 14, 19(1)(എ), 19(1)(ജി), 21 എന്നിവ ഉറപ്പുനൽകുന്ന അഭിപ്രായസ്വാതന്ത്ര്യവും മൗലികാവകാശങ്ങളും ലംഘിക്കുന്നതാണെന്നും, ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിച്ചുകൊണ്ട് അപ്പീലിൽ അടിയന്തര തീരുമാനമെടുക്കാൻ ഗ്രീവൻസ് അപ്പലേറ്റ് കമ്മിറ്റിക്ക് നിർദ്ദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

The Students' Federation of India (SFI) has moved the Delhi High Court, alleging an inordinate delay by the Central Government’s Grievance Appellate Committee (GAC) in adjudicating its appeal against Meta's permanent disabling of its official Delhi unit Instagram handle

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ലൈംഗിക ആവശ്യം നിരസിച്ചതിന് പ്രമുഖ നടന്‍ നായികയെ ആക്രമിച്ചു, മനഃപൂര്‍വം വീഴ്ത്തി നടിയെ സ്റ്റണ്ട് മാസ്റ്റര്‍ നിരന്തരം ശല്യം ചെയ്തു'; മലയാള സിനിമയിലെ ചൂഷണത്തിന്റെ അറിയാക്കഥകളുമായി പുസ്തകം

ചിരകിയ തേങ്ങ ഫ്രിഡ്ജിലോ ഫ്രീസറിലോ? ശരിയായി സൂക്ഷിക്കേണ്ട രീതി

'8000 വർഷം ജീവിച്ച ഒരാളുടെ മനസിൽ എന്തൊക്കെ കാണും ?'; നിവിൻ പോളി- റാം ചിത്രം 'യേഴു കടൽ യേഴു മലൈ' ട്രെയ്‌‌ലർ

സമയമായി... ഹൈക്കോടതിയിൽ ഓഫീസ് അറ്റൻഡർ ഒഴിവുകൾ; അപേക്ഷ എങ്ങനെ സമർപ്പിക്കാം?

അന്ധവിശ്വാസ ചൂഷണവും മന്ത്രിവാദവും തടയാന്‍ നിയമം; കരട് ബില്‍ സമര്‍പ്പിച്ച് വിദഗ്ധ സമിതി