മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ ആത്മകഥയായ 'ബിലോങ്ങിങ് എ ജേര്‍ണി ഓഫ് ലവ്' എന്ന പുസ്തകത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. പുസ്തകത്തിലൂടെയുള്ള സോണിയ ഗാന്ധിയുടെ നിരവധി വെളിപ്പെടുത്തലുകള്‍ സാമൂഹിക, രാഷ്ട്രീയ രംഗത്ത് വലിയ ചര്‍ച്ചകള്‍ക്ക് ആണ് വഴിവെച്ചത്. ഇറ്റലിയിലെ ബാല്യകാലം തൊട്ട് കോണ്‍ഗ്രസ് നേതൃത്വത്തിലേക്കുള്ള വരവും 2004ല്‍ പ്രധാനമന്ത്രി പദം നിരസിച്ച തീരുമാനവും ഉള്‍പ്പെടെ പുസ്തകത്തില്‍ പ്രതിപാദിച്ചിരിക്കുന്ന പല കാര്യങ്ങളും മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായി. പുസ്തകത്തിലൂടെ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞ സോണിയ ഗാന്ധിയുടെ കുട്ടിക്കാലത്തെ ഇറ്റലിയിലെ പൂര്‍വ്വിക ഭവനത്തെ മ്യൂസിയമാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ് സിഖ് കുടുംബം.
സോണിയ ഗാന്ധി ജനിച്ച് വളര്‍ന്ന വീട് മ്യൂസിയമാക്കി മാറ്റാന്‍ പദ്ധതിയിടുന്നതായി സുഖ്‌ദേവ് സിങ് കാങ് പറഞ്ഞു. ലൂസിയാനയിലെ ആറ് മുറികളുള്ള ഈ വീട് താന്‍ വാങ്ങിയതായും സുഖ്‌ദേവ് സിങ് അറിയിച്ചു. സോണിയ ഗാന്ധിയുടെ കുടുംബത്തെയും അവരുടെ ആദ്യകാല ജീവിതത്തെയും കുറിച്ചുള്ള ഒരു മ്യൂസിയമാക്കി മാറ്റാനാണ് പദ്ധതി. 2020ലാണ് മൈനോ കുടുബത്തിന്റെ പൂര്‍വ്വിക ഭവനം സുഖ്‌ദേവ് സ്വന്തമാക്കിയത്. സോണിയ ഗാന്ധിയുടെ ആത്മകഥ പുറത്തിറങ്ങിയ ഈസമയം ഈ വീടിനെ മ്യൂസിയമാക്കി മാറ്റാന്‍ അനുയോജ്യമായ സമയമാണെന്നും അദ്ദേഹം കരുതുന്നു.
ഈ വീടിന് മ്യൂസിയമാക്കി മാറ്റുന്നതിന് ആവശ്യമായ എല്ലാ അനുമതികളും നേടിക്കഴിഞ്ഞു. ഈ വീടിന് മുന്നില്‍ 'ഇന്ത്യന്‍ ഹൗസ്, ജനന സ്ഥലം, 1946 ഡിസംബര്‍ 9, സോണിയ ഗാന്ധി' എന്ന് എഴുതിയ ഒരു ബോര്‍ഡ് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ ഈ വീട് ഒരു പ്രധാന ആകര്‍ഷണ കേന്ദ്രമാണ്. ഇന്ത്യയില്‍ നിന്നുള്ള നിരവധി ആളുകള്‍ ഈ സ്ഥലം സന്ദര്‍ശിക്കാറുണ്ട്. ഈ വീട് മാസവാടകയ്ക്ക് നല്‍കാനോ അല്ലെങ്കില്‍ ഗുരുദ്വാരയാക്കി മാറ്റാനോ മറ്റുള്ളവര്‍ നിര്‍ദേശിച്ചിരുന്നുവെങ്കിലും ഇത് പരിപാലിക്കാന്‍ സുഖ്‌ദേവ് തീരുമാനിക്കുകയായിരുന്നു. സോണിയ ഗാന്ധിയെയും അവരുടെ മക്കളായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും കാണാന്‍ ആഗ്രഹമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അവര്‍ എപ്പോള്‍ സന്ദര്‍ശിക്കാന്‍ വന്നാലും സന്തോഷത്തോടെ വീടിന്റെ താക്കോല്‍ അവര്‍ക്ക് കൈമാറുമെന്നും സുഖ്‌ദേവ് കൂട്ടിച്ചേര്‍ത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates