അഹമ്മദാബാദ്: ക്ഷേത്രത്തിലേക്കുള്ള കാര്‍ഗോ റോപ്‌വേ കേബിള്‍ പൊട്ടിവീണുണ്ടായ അപകടത്തില്‍ ആറ് മരണം. ഗുജറാത്തിലെ പഞ്ച്മഹല്‍ ജില്ലയിലെ പ്രശസ്തമായ പാവഗഡ് ക്ഷേത്രത്തിലേക്കുള്ള റോപ്‌വേ ആണ് പൊട്ടിവീണത്. ആറ് മരണങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് പോലീസ് സൂപ്രണ്ട് ഹരേഷ് ദുധത്തിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ശനിയാഴ്ച വൈകീട്ട് 3.30 ഓടെയായിരുന്നു അപകടം.
മരിച്ചവരില്‍ മൂന്ന് പേര്‍ പ്രദേശവാസികളും രണ്ട് പേര്‍ കശ്മീരില്‍ നിന്നുള്ളവരും ഒരാള്‍ രാജസ്ഥാനില്‍ നിന്നുള്ളയാളുമാണ്. അപകടസ്ഥലത്ത് രക്ഷാ പ്രവര്‍ത്തനം തുടരുകയാണെന്നും പൊലീസും അഗ്‌നിശമന സേനയും സജീവമായി രംഗത്തുണ്ടെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു. അപകടത്തിന്റെ കൃത്യമായ കാരണം അന്വേഷിച്ചുവരികയാണ് എന്നും ഗോധ്ര-പഞ്ച്മഹല്‍ റേഞ്ച് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പൊലീസ് രവീന്ദ്ര അസാരി പറഞ്ഞു.
സമുദ്ര നിരപ്പില്‍ നിന്നും ഏകദേശം 800 മീറ്റര്‍ ഉയരത്തിലാണ് പാവഗഡ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. എല്ലാ വര്‍ഷവും ഏകദേശം 2.5 ദശലക്ഷം സന്ദര്‍ശകര്‍ എത്തുന്ന ആരാധനാലയം കുടിയാണിത്. ക്ഷേത്രത്തില്‍ എത്താന്‍ തീര്‍ത്ഥാടകര്‍ 2000 പടികള്‍ കയറുകയോ കേബിള്‍ കാറുകള്‍ ഉപയോഗിക്കുകയോ വേണം. കുറച്ച് ദിവസങ്ങളായി തുടരുന്ന പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് തീര്‍ത്ഥാടകരെ കൊണ്ട് പോകുന്ന റോപ്‌വേ പ്രവര്‍ത്തിച്ചിരുന്നില്ല. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി സാധനങ്ങള്‍ എത്തിക്കാന്‍ ഉപയോഗിച്ചിരുന്നതാണ് അപകടം സംഭവിച്ച റോപ്‌വേ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates