ന്യൂഡൽഹി: രാജ്യത്തെ മത്സരപരീക്ഷകളിലെ ചോദ്യപേപ്പർ ചോർച്ചയും ക്രമക്കേടുകളും തടയുന്നതിനായി വ്യവസ്ഥകൾ കൂടുതൽ കർശനമാക്കിക്കൊണ്ടുള്ള ബിൽ പാസ്സാക്കിയതിൽ കേന്ദ്രസർക്കാരിനെ അഭിനന്ദിച്ച് സാമൂഹ്യ പ്രവർത്തകൻ സോനം വാങ്ചുക്. ഇന്ത്യയിലെ പരീക്ഷാ സമ്പ്രദായത്തെ പരിഷ്‌കരിക്കുന്നതിലേക്കുള്ള മികച്ച ചുവടുവെപ്പാണ് ബില്ലെന്നും വാങ്ചുക് അഭിപ്രായപ്പെട്ടു.
വിദ്യാഭ്യാസരംഗത്തെ സമഗ്രമായി പരിഷ്‌കരിക്കുന്നതിലേക്ക് ബിൽ വഴിതെളിക്കുമെന്ന പ്രത്യാശയും അദ്ദേഹം പ്രകടിപ്പിച്ചു. എക്‌സിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് വാങ്ചുക്കിന്റെ പ്രതികരണം. പരീക്ഷാ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ നിയമനടപടികൾ എടുക്കില്ലെന്ന ഉറപ്പ് കേന്ദ്രസർക്കാർ പാലിക്കണമെന്നും സോനം വാങ്ചുക് ആവശ്യപ്പെട്ടു.
ലോക്സഭയ്ക്ക് പിന്നാലെ രാജ്യസഭയും ബിൽ പാസ്സാക്കിയിരുന്നു. ഇതോടെ ബിൽ ഇനി അംഗീകാരത്തിനായി രാഷ്ട്രപതിയുടെ മുന്നിലെത്തും. അതേസമയം, ആവർത്തിച്ചുണ്ടാകുന്ന ചോദ്യപേപ്പർ ചോർച്ചയ്ക്ക് പിന്നിലെ ഘടനാപരമായ പ്രശ്‌നങ്ങൾ തടയുന്നതിൽ ബിൽ പരാജയമാണെന്നാണ് പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ കോക്രോച്ച് ജനതാ പാർട്ടി അഭിപ്രായപ്പെട്ടത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates