

ന്യൂഡല്‍ഹി: ചോദ്യപേപ്പര്‍ ചോര്‍ച്ചയ്‌ക്കെതിരായ ബില്‍ രാജ്യസഭയും പാസ്സാക്കി. പ്രതിപക്ഷത്തിന്റെ വാക്കൗട്ടിനിടെ, ശബ്ദവോട്ടോടെയാണ് ബില്‍ രാജ്യസഭ പാസ്സാക്കിയത്. പ്രതിപക്ഷം നിര്‍ദേശിച്ച ഭേദഗതികള്‍ സഭ തള്ളി. ബില്ലിന് ലോക്‌സഭ കഴിഞ്ഞ ദിവസം അംഗീകാരം നല്‍കിയിരുന്നു.
കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിങ് ആണ് 'പൊതുപരീക്ഷാ (അനഭിലഷണീയ മാര്‍ഗ്ഗങ്ങള്‍ തടയല്‍) ഭേദഗതി ബില്‍, 2026' (Public Examinations Amendment Bill, 2026) രാജ്യസഭയില്‍ അവതരിപ്പിച്ചത്. ബില്ലിന്മേല്‍ ഏഴു മണിക്കൂര്‍ ചര്‍ച്ച അനുവദിക്കുമെന്ന് ചെയര്‍മാന്‍ സി പി രാധാകൃഷ്ണന്‍ അറിയിച്ചു.
പരീക്ഷാക്രമക്കേടുകള്‍ക്കെതിരായ പ്രക്ഷോഭത്തിനിടെ വിദ്യാര്‍ഥികള്‍ക്ക് നേരെ പൊലീസ് പെല്ലറ്റ് ആക്രമണം നടത്തിയതില്‍ കേന്ദ്രമന്ത്രി അമിത് ഷായ്‌ക്കെതിരെ പ്രതിപക്ഷം ഇന്നും ശക്തമായ വിമര്‍ശനം ഉന്നയിച്ചു. വിദ്യാര്‍ഥികളെ ആക്രമിക്കാന്‍ ഉത്തരവിട്ടത് അമിത് ഷാ ആണെന്ന മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പരാമര്‍ശം ബഹളത്തിനിടയാക്കി.
രാജ്യത്തെ മത്സരപരീക്ഷകളിലെ ചോദ്യപേപ്പര്‍ ചോര്‍ച്ചയും ക്രമക്കേടുകളും തടയുന്നതിനായി വ്യവസ്ഥകള്‍ കൂടുതല്‍ കര്‍ശനമാക്കുന്നതാണ് ബില്‍. ചോദ്യ പേപ്പര്‍ ചോര്‍ത്തല്‍ അടക്കമുള്ള പ്രവൃത്തികളില്‍ലേര്‍പ്പെടുന്നവര്‍ക്ക് അഞ്ചു വര്‍ഷം മുതല്‍ 10 വര്‍ഷം വരെ ജയില്‍ ശിക്ഷയും 50 ലക്ഷം രൂപ വരെ പിഴയും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു.
സംഘടിത കുറ്റകൃത്യമെങ്കില്‍ മിനിമം 7 വര്‍ഷം തടവും 10 കോടി രൂപ പിഴയും ശിക്ഷ ലഭിക്കും. ഇത്തരം കുറ്റങ്ങള്‍ വിചാരണ ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അതിവേഗ കോടതി രൂപീകരിക്കാന്‍ ബില്‍ അധികാരം നല്‍കുന്നു. കൂടാതെ, കുറ്റപത്രം സമര്‍പ്പിച്ച തീയതി മുതല്‍ മൂന്ന് മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്നും ബില്ലില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates