ന്യൂഡല്‍ഹി : രാജ്യത്ത് താപനില ഉയരുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശം.
'സ്വയം ഹൈഡ്രേറ്റഡ് ആയിരിക്കുക, ശാരീരിക അസ്വാസ്ഥ്യങ്ങള്‍ അവഗണിക്കാതിരിക്കുക' എന്ന സന്ദേശമാണ് പ്രധാനമന്ത്രി പങ്കുവെച്ചത്. രാജ്യത്തെ വിവിധ ഭാഗങ്ങളിലായി ഉഷ്ണതരംഗ മുന്നറിയിപ്പുകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് നിര്‍ണായക ആഹ്വാനം.
ഡല്‍ഹി, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഹരിയാന, പഞ്ചാബ്, ബിഹാര്‍ തുടങ്ങിയ വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ താപനില 45 ഡിഗ്രി സെല്‍ഷ്യസിന് മുകളിലെത്തി. ചില പ്രദേശങ്ങളില്‍ രാത്രിയിലും ചൂട് കുറഞ്ഞിട്ടില്ല. ഡല്‍ഹി ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
അടുത്ത ദിവസങ്ങളിലും സ്ഥിതി ഗുരുതരമായിരി തുടരാമെന്ന മുന്നറിയിപ്പാണ് കാലാവസ്ഥാ വകുപ്പ് നല്‍കുന്നത്. ഉഷ്ണതരംഗം വിവിധ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നതിനാല്‍ ജനങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നാണ് അധികൃതരുടെ നിര്‍ദേശം.
പരമാവധി വെള്ളം കുടിക്കണമെന്നും നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നിടത്ത് ദീര്‍ഘനേരം ചെലവഴിക്കരുതെന്നും ക്ഷീണം, തലകറക്കം, ശ്വാസതടസം തുടങ്ങിയ ലക്ഷണങ്ങള്‍ അവഗണിക്കരുതെന്നും പ്രധാനമന്ത്രിയുടെ ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു. കുട്ടികള്‍, മുതിര്‍ന്നവര്‍, ആരോഗ്യ പ്രശ്‌നങ്ങളുള്ളവര്‍ എന്നിവരെ ചൂട് കൂടുതല്‍ ബാധിക്കുമെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി.
ചൂട് സംബന്ധമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഈ വര്‍ഷം ഗണ്യമായി ഉയര്‍ന്നതായി ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. സൂര്യാഘാതം, നിര്‍ജലീകരണം, തളര്‍ച്ച തുടങ്ങിയ കാരണങ്ങളാല്‍ നിരവധി പേര്‍ ചികിത്സ തേടിയിട്ടുണ്ട്. നിര്‍മാണ തൊഴിലാളികള്‍, കര്‍ഷകര്‍, റോഡുകളില്‍ ജോലി ചെയ്യുന്ന ആളുകള്‍ ഉള്‍പ്പെടെ ഉച്ചസമയത്ത് തൊഴില്‍ നിയന്ത്രിക്കണമെന്ന നിര്‍ദേശവും പല സംസ്ഥാനങ്ങളിലും പുറപ്പെടുവിച്ചിരിക്കുകയാണ്.
വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ ചൂടിനെ നേരിടാന്‍ അടിയന്തര നടപടികളും ആരംഭിച്ചിട്ടുണ്ട്. സ്‌കൂളുകളുടെ സമയക്രമത്തില്‍ മാറ്റം വരുത്തുക, പൊതുസ്ഥലങ്ങളില്‍ കുടിവെള്ള സൗകര്യം ഏര്‍പ്പെടുത്തുക, മെഡിക്കല്‍ ക്യാമ്പുകള്‍ തുടങ്ങുക, ഹീറ്റ് ആക്ഷന്‍ പ്ലാനുകള്‍ നടപ്പാക്കുക തുടങ്ങിയവയാണ് സുപ്രധാന നടപടികള്‍.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യയില്‍ ഉഷ്ണതരംഗങ്ങളുടെ ദൈര്‍ഘ്യവും തീവ്രതയും വര്‍ധിച്ചുവരികയാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. നഗരപ്രദേശങ്ങളിലെ കോണ്‍ക്രീറ്റ് വ്യാപനവും ഹരിതമേഖല കുറയുന്നതും സ്ഥിതി കൂടുതല്‍ വഷളാക്കുന്നുവെന്നാണ് പരിസ്ഥിതി പഠനങ്ങള്‍ വ്യക്തമാക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates