ന്യൂഡൽഹി: ഡൽഹിയിലെ സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രത്തിന്റെ ബേസ്‌മെന്റില്‍ വെള്ളം കയറി മൂന്ന് വിദ്യാർത്ഥികൾ മരിച്ച സംഭവത്തിൽ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. റാവൂസ് കോച്ചിങ് സെന്റർ ഉടമ, കോർഡിനേറ്റർ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഭാരതീയ ന്യാസ സംഹിതയിലെ 105, 106 (1), 115 (2), 290 and 35 എന്നീ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തത്.
കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ടിനും മാനേജ്മെന്റിനും അവിടത്തെ ഡ്രെയിനേജിൻ്റെ അറ്റകുറ്റപ്പണിക്ക് ഉത്തരവാദികളായവർക്കും എതിരെയാണ് കേസെടുത്തിട്ടുള്ളത്. മരിച്ച മൂന്നു വിദ്യാർത്ഥികളെയും തിരിച്ചറിഞ്ഞതായും, അവരുടെ വീടുകളിൽ വിവരം അറിയിച്ചതായും ഡിസിപി എം ഹർഷവർധൻ അറിയിച്ചു. അപകടത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
മരിച്ച മൂന്നു വിദ്യാർത്ഥികളിൽ ഒരാൾ മലയാളിയാണ്. എറണാകുളം സ്വദേശി നിവിൻ ഡെല്‍വിന്‍ (28) ആണ് മരിച്ചത്. ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ (ജെഎന്‍യു) ഗവേഷക വിദ്യാര്‍ത്ഥിയാണ് നിവിൻ. ഉത്തർപ്രദേശിലെ അംബേദ്കർ ജില്ലയിൽ നിന്നുള്ള ശ്രേയ യാദവ് (25), തെലങ്കാന സ്വദേശിനി തന്യ സോണി (25) എന്നിവരാണ് മരിച്ചത്.
ശനിയാഴ്ച വൈകീട്ട് ഏഴ് മണിയോടെയാണ് സംഭവം. ഡല്‍ഹിയിലെ ഓൾഡ് രാജേനന്ദ്രനഗറിലുള്ള റാവൂസ് എന്ന യുപിഎസ് സി പരിശീലന കേന്ദ്രത്തിലാണ് വെള്ളംകയറിയത്. ഡ്രെയിനേജ് തകര്‍ന്നതാണ് ബേസ്‌മെന്റിലേക്ക് വെള്ളം കയറാന്‍ കാരണമെന്നാണ് പറയപ്പെടുന്നത്.
അപകടസമയത്ത് 40 ഓളം വിദ്യാര്‍ത്ഥികളാണ് അക്കാദമിയുടെ ബേസ്മെന്റിലെ ലൈബ്രറിയിൽ ഉണ്ടായിരുന്നത്. പലരും ഇവിടെ നിന്ന് മുകളിലെ നിലയിലേക്ക് ഓടിക്കയറി രക്ഷപ്പെട്ടു. ബേസ്മെന്റിൽ കുടുങ്ങിയ 14 ഓളം വിദ്യാര്‍ത്ഥികളെ പിന്നീട് ഫയര്‍ഫോഴ്സും എൻഡിആര്‍എഫ് ഉദ്യോഗസ്ഥരുമെത്തി രക്ഷിപ്പെടുത്തി. കെട്ടിടത്തിലെ വെള്ളം നീക്കിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
സംഭവത്തിന് പിന്നാലെ വലിയ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തി. കോച്ചിങ് സെന്ററിന് പുറത്ത് റോഡില്‍ വിദ്യാര്‍ത്ഥികള്‍ മുദ്രാവാക്യങ്ങളുമായി ധര്‍ണയിരുന്നു. എഫ്ഐആറിന്റെ കോപ്പി പുറത്ത് വിടണം, സംഭവത്തിൽ കസ്റ്റഡിയിലെടുത്തവരുടെ വിവരങ്ങൾ പങ്കുവെക്കണം തുടങ്ങിയ ആവശ്യമാണ് പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾ മുന്നോട്ട് വെക്കുന്നത്. കെട്ടിടത്തിൽ വെള്ളം കയറുന്നത് ആദ്യത്തെ സംഭവമല്ലെന്നും അനധികൃതമായാണ് കോച്ചിങ് സെന്ററിലെ ലൈബ്രറി പ്രവർത്തിക്കുന്നതെന്നും വിദ്യാർത്ഥികൾ ആരോപിക്കുന്നത്.
സ്ഥലത്തെത്തിയ എഎപി എംപി സ്വാതിമലിവാളിനെതിരെ വിദ്യാർത്ഥികൾ പ്രതിഷേധിച്ചു. സംഭവം ഡൽഹി മുനിസിപ്പിൽ കോർപ്പറേഷന്റെ വീഴ്ചയെന്ന് സ്വാതി മലിവാള്‍ ആരോപിച്ചു. വെള്ളക്കെട്ട് നിയന്ത്രിക്കുന്നതിൽ കോർപ്പറേഷന് ഗുരുതര വീഴ്ച പറ്റിയെന്നും സ്വാതി കുറ്റപ്പെടുത്തി. എംപിക്കെതിരെ ഗോ ബാക്ക് മുദ്രാവാക്യം വിളിച്ച പ്രതിഷേധക്കാരെ അനുനയിപ്പിക്കാൻ സ്വാതി ശ്രമം നടത്തിയെങ്കിലും വിദ്യാർത്ഥികൾ വഴങ്ങിയില്ല. സംഭവത്തിൽ മന്ത്രി അതിഷി അന്വേഷണത്തിന് ഉത്തരവിട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates