ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പ്രഭാഷണം നടത്തുന്നു PTI
India

ചീഫ് ജസ്റ്റിസിന്റെ ലണ്ടനിലെ പരിപാടിക്കിടെ നാടകീയ രംഗങ്ങള്‍; പാറ്റ പരാമര്‍ശത്തില്‍ ചോദ്യം ഉന്നയിച്ച് വിദ്യാര്‍ഥികള്‍, അപലപിച്ച് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍- വിഡിയോ

ഇംഗ്ലണ്ടില്‍ ഇന്ത്യന്‍ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പങ്കെടുത്ത പരിപാടിക്കിടെ നാടകീയ രംഗങ്ങള്‍

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ലണ്ടന്‍: ഇംഗ്ലണ്ടില്‍ ഇന്ത്യന്‍ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പങ്കെടുത്ത പരിപാടിക്കിടെ നാടകീയ രംഗങ്ങള്‍. ലണ്ടന്‍ സര്‍വകലാശാലയില്‍ ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ പ്രഭാഷണത്തിന് ശേഷം നടന്ന ചോദ്യോത്തര വേളയില്‍ ഇന്ത്യയില്‍ വിയോജിപ്പുകളെ അടിച്ചമര്‍ത്തുന്നുവെന്ന ആരോപണത്തെക്കുറിച്ചും അദ്ദേഹത്തിന്റെ സമീപകാലത്തെ 'പാറ്റ' പരാമര്‍ശത്തെക്കുറിച്ചും സദസ്സിലുണ്ടായിരുന്ന ചിലര്‍ ചോദ്യങ്ങള്‍ ഉന്നയിച്ചത് ശക്തമായ വാക്കേറ്റത്തിന് ഇടയാക്കി. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇന്ത്യന്‍ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പങ്കെടുത്ത പരിപാടിക്കിടെ സദസ്സിലെ ചിലരുടെ ഭാഗത്ത് നിന്ന് ഉണ്ടായത് മര്യാദകേടായ പെരുമാറ്റമായിരുന്നുവെന്ന് ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമീഷന്‍ അപലപിച്ചു.

ജൂണ്‍ 4-ന് ലണ്ടന്‍ സര്‍വകലാശാലയിലെ ബിര്‍ബെക്കില്‍ 'ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും അന്താരാഷ്ട്ര നിയമവും' എന്ന വിഷയത്തിലായിരുന്നു ചീഫ് ജസ്റ്റിസ് പ്രഭാഷണം നടത്തിയത്. ചീഫ് ജസ്റ്റിസ് നടത്തിയ പ്രസംഗത്തിന് ശേഷമുള്ള ചോദ്യോത്തര വേളയിലായിരുന്നു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. സദസ്സില്‍ ഉണ്ടായിരുന്ന ഒരാള്‍ ഇന്ത്യയിലെ ജനാധിപത്യ പാരമ്പര്യത്തെക്കുറിച്ചും വിയോജിപ്പുകളോടുള്ള വര്‍ദ്ധിച്ചുവരുന്ന ശത്രുതയെക്കുറിച്ചും ചീഫ് ജസ്റ്റിസിനോട് ചോദ്യം ചോദിക്കാന്‍ ശ്രമിച്ചു. മറ്റൊരു വ്യക്തി, ഇന്ത്യയില്‍ വെച്ച് ചീഫ് ജസ്റ്റിസ് നടത്തിയ 'പാറ്റ' പരാമര്‍ശത്തെക്കുറിച്ച് ചോദ്യം ഉന്നയിച്ചു. ഉടന്‍ തന്നെ മോഡറേറ്റര്‍ ഇടപെട്ട് ചര്‍ച്ച പെട്ടെന്ന് തന്നെ അവസാനിപ്പിച്ചു. 'ആദരവോടെ പറയട്ടെ, ഈ ചോദ്യം പരിഗണിക്കാന്‍ എനിക്ക് കഴിയില്ല, കാരണം ഇന്നത്തെ വിഷയം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെയും അന്താരാഷ്ട്ര നിയമത്തെയും കുറിച്ചുള്ളതാണ്.'- സംഘാടകര്‍ പറഞ്ഞു. ചിലര്‍ എഴുന്നേറ്റു നില്‍ക്കുകയും ആംഗ്യങ്ങള്‍ കാണിക്കുകയും ചെയ്യുന്നതുള്‍പ്പെടെ പരിപാടിക്കിടെ ഉണ്ടായ പ്രതിഷേധങ്ങള്‍ വിഡിയോ ക്ലിപ്പുകളില്‍ വ്യക്തമാണ്.

മെയ് 15-ന് ഒരു കേസ് പരിഗണിക്കുന്നതിനിടെ കോടതിയിലാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് 'പാറ്റ' പരാമര്‍ശം നടത്തിയത്. തൊഴിലില്ലാത്ത യുവാക്കള്‍ സമൂഹത്തില്‍ 'പാറ്റകളെപ്പോലെ' 'പരാന്നഭോജികള്‍' ആയി മാറിക്കൊണ്ടിരിക്കുകയാണെന്ന ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശമാണ് ചര്‍ച്ചയായത്. പരാമര്‍ശം വിവാദമായതോടെ, വ്യാജ ബിരുദങ്ങള്‍ സമ്പാദിച്ച് ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെക്കുറിച്ചാണ് താന്‍ ഉദ്ദേശിച്ചതെന്ന് ചീഫ് ജസ്റ്റിസ് പിന്നീട് വ്യക്തത വരുത്തിയിരുന്നു. ചീഫ് ജസ്റ്റിസിന്റെ ഈ പരാമര്‍ശത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് രൂപീകരിച്ച 'കോക്രോച്ച് ജനതാ പാര്‍ട്ടി' എന്ന പരിഹാസാത്മക രാഷ്ട്രീയ പ്രസ്ഥാനവുമായി ബന്ധപ്പെട്ട വ്യക്തികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ വാക്കേറ്റത്തിന്റെ ക്ലിപ്പുകള്‍ ഓണ്‍ലൈനില്‍ വ്യാപകമായി പങ്കുവെച്ചിട്ടുണ്ട്.

ഇതിന് പിന്നാലെയാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പങ്കെടുത്ത പരിപാടി തടസ്സപ്പെടുത്തിയത് ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമീഷന്‍ അപലപിച്ചത്. 'ഇത്തരം മര്യാദകേടായ പെരുമാറ്റം അംഗീകരിക്കാന്‍ കഴിയാത്തതും പൊതുവേദികളില്‍ പുലര്‍ത്തേണ്ട മാന്യമായ ഇടപെടലുകള്‍ക്ക് നിരക്കാത്തതുമാണ്,' -പ്രസ്താവനയില്‍ പറയുന്നു. ഒരു ജനാധിപത്യ സമൂഹത്തില്‍ അഭിപ്രായവ്യത്യാസങ്ങള്‍ സ്വാഭാവികമാണെന്നും എന്നാല്‍ അവ 'മാന്യവും ആദരവുള്ളതുമായ രീതിയില്‍ വേണം പ്രകടിപ്പിക്കാന്‍' എന്നും ഹൈക്കമ്മീഷന്‍ കൂട്ടിച്ചേര്‍ത്തു.

Students disrupt CJI Surya Kant's London lecture; High Commission condemns act

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എന്റെ സഹോദരനെ ഭയപ്പെടുത്താനാകില്ല'; രാഹുലിനെയും പ്രിയങ്കയെയും വിട്ടയച്ചു, കസ്റ്റഡിയില്‍ മൂന്ന് മണിക്കൂര്‍- വിഡിയോ

കേന്ദ്ര സര്‍ക്കാരിന്റേത് ഭീതിയുടെ രാഷ്ട്രീയം, രാഹുല്‍ ഉയര്‍ത്തുന്ന ശബ്ദം ജനങ്ങളുടെ വികാരം: മുഖ്യമന്ത്രി

നേതാക്കളുടെ അറസ്റ്റില്‍ സംസ്ഥാനത്താകെ കോണ്‍ഗ്രസ് പ്രതിഷേധം; കണ്ണൂരിലും ആലപ്പുഴയിലും ട്രെയിന്‍ തടഞ്ഞു

ഓണസമ്മാനം; ബംഗളൂരു - എറണാകുളം റൂട്ടില്‍ സ്‌പെഷ്യല്‍ സര്‍വീസ് പ്രഖ്യാപിച്ച് റെയില്‍വേ

ഉൾവനത്തിൽ അതിക്രമിച്ചു കയറി റീല്‍സ് ചിത്രീകരണം; പിന്നാലെ സഞ്ചാരികളുടെ ഒഴുക്ക്, വ്‌ലോഗര്‍ക്കെതിരെ കേസ്