Australian missionary Graham Stuart Staines and his two sons, Dara Singh  x
India

ഗ്രഹാം സ്റ്റെയിൻസ് വധക്കേസ്: പ്രതി ധാരാ സിംഗിന്റെ മോചന ഹർജി തള്ളി ഒഡീഷ സർക്കാർ; സുപ്രീം കോടതിയിൽ അറിയിച്ചു

25 വർഷത്തെ ജയിൽവാസം ചൂണ്ടിക്കാട്ടി നൽകിയ ശിക്ഷാ ഇളവ് അപേക്ഷയാണ് തള്ളിയത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

ന്യൂഡൽഹി: ഓസ്‌ട്രേലിയൻ മിഷനറി ഗ്രഹാം സ്റ്റെയിൻസിനെയും അദ്ദേഹത്തിന്റെ രണ്ട് പിഞ്ചുമക്കളെയും ജീവനോടെ ചുട്ടുകൊന്ന കേസിൽ മുൻകൂട്ടിയുള്ള ജയിൽ മോചനം ആവശ്യപ്പെട്ടുകൊണ്ട് മുഖ്യപ്രതി ധാരാ സിംഗ് എന്ന രവീന്ദ്ര കുമാർ പാൽ നൽകിയ ഹർജി തള്ളിയതായി ഒഡീഷ സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. ഒഡീഷ സ്റ്റേറ്റ് സെന്റൻസ് റിവ്യൂ ബോർഡാണ് ശിക്ഷാ ഇളവ് നൽകണമെന്ന അദ്ദേഹത്തിന്റെ ആവശ്യം നിരസിച്ചത്. ജസ്റ്റിസ് മനോജ് മിശ്ര, ജസ്റ്റിസ് വിജയ് ബിഷ്ണോയ് എന്നിവരടങ്ങിയ ബെഞ്ചിന് മുന്നിലാണ് ഒഡീഷ സർക്കാരിന്റെ അഭിഭാഷകൻ ഇക്കാര്യം വ്യക്തമാക്കിയത്.

കഴിഞ്ഞ ഓഗസ്റ്റ് 31-ന് തന്നെ ധാരാ സിംഗിന്റെ ശിക്ഷാ ഇളവ് ഹർജി തള്ളിക്കൊണ്ട് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയിരുന്നതായി കോടതിയെ ബോധിപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ, സർക്കാരിന്റെ ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ട് റിട്ട് ഹർജിയിൽ ഭേദഗതി വരുത്താൻ ഹർജിക്കാരന് സുപ്രീം കോടതി അനുമതി നൽകുകയും കേസ് പരിഗണിക്കുന്നത് മൂന്നാഴ്ചത്തേക്ക് മാറ്റിവെക്കുകയും ചെയ്തു.

കേസിൽ സംസ്ഥാന സർക്കാർ അന്തിമ തീരുമാനമെടുക്കാൻ വൈകുന്നതിനെതിരെ കഴിഞ്ഞ രണ്ട് തവണ കേസ് പരിഗണിച്ചപ്പോഴും സുപ്രീം കോടതി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. അടുത്ത തവണയും തീരുമാനം അറിയിച്ചില്ലെങ്കിൽ സംസ്ഥാന ആഭ്യന്തര സെക്രട്ടറിയെ നേരിട്ട് വിളിച്ചുവരുത്തേണ്ടി വരുമെന്ന് കോടതി മുന്നറിയിപ്പും നൽകിയിരുന്നു.ഇതിന് പിന്നാലെയാണ് അപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവ് സർക്കാർ പുറപ്പെടുവിച്ചത്. 25 വർഷത്തിലേറെയായി താൻ ജയിൽ ശിക്ഷ അനുഭവിച്ചു വരികയാണെന്നും അതിനാൽ സംസ്ഥാന സർക്കാരിന്റെ മാനദണ്ഡങ്ങൾ പ്രകാരം മോചനത്തിന് അർഹതയുണ്ടെന്നും ചൂണ്ടിക്കാട്ടി 2024-ലാണ് ധാരാ സിംഗ് സുപ്രീം കോടതിയെ സമീപിച്ചത്. വധശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്യപ്പെട്ട തടവുകാർക്ക് 25 വർഷം പൂർത്തിയാകുമ്പോൾ മോചനം പരിഗണിക്കാമെന്ന സംസ്ഥാന നയമാണ് ഹർജിയിൽ ഉന്നയിച്ചത്. അഭിഭാഷകരായ ഹരിശങ്കർ ജെയിൻ, വിഷ്ണു ശങ്കർ ജെയിൻ എന്നിവരാണ് ധാരാസിംഗിനു വേണ്ടി ഹാജരായത്.

പ്രായത്തിന്റെ ചോരത്തിളപ്പിൽ സംഭവിച്ചുപോയ തെറ്റാണെന്നും ഇപ്പോൾ താൻ പൂർണ്ണമായും പശ്ചാത്തപിക്കുന്നുവെന്നും ഹർജിയിൽ പറഞ്ഞിരുന്നു. ശിക്ഷയുടെ പരിഷ്കരണ സിദ്ധാന്തം ഉയർത്തിക്കാട്ടി, ഒരു പരിഷ്കൃത വ്യക്തിയായി സമൂഹത്തിലേക്ക് മടങ്ങാൻ അനുവദിക്കണമെന്നായിരുന്നു ധാരാ സിംഗിന്റെ വാദം. ഇതിനായി മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിലെ പ്രതികൾക്ക് സുപ്രീം കോടതി അകാല മോചനം അനുവദിച്ച 2022-ലെ വിധിന്യായവും ഹർജിക്കാരൻ ചൂണ്ടിക്കാണിച്ചിരുന്നു.

1999 ജനുവരിയിലാണ് ഒഡീഷയിലെ മനോഹർപൂരിൽ വെച്ച് വാനിൽ കിടന്നുറങ്ങുകയായിരുന്ന ഗ്രഹാം സ്റ്റെയിൻസിനെയും പത്തും ആറും വയസ്സുള്ള അദ്ദേഹത്തിന്റെ രണ്ട് ആൺമക്കളെയും ജീവനോടെ ചുട്ടുകൊന്നത്. 2003-ൽ വിചാരണ കോടതി വിധിച്ച വധശിക്ഷ 2005-ൽ ഒറീസ്സ ഹൈക്കോടതി ജീവപര്യന്തമായി ചുരുക്കിയിരുന്നു. പിന്നീട് 2011-ൽ സുപ്രീം കോടതിയും ഈ ജീവപര്യന്ത തടവ് ശരിവെക്കുകയായിരുന്നു.

The Supreme Court was officially informed on September 17 that the Odisha State Sentence Review Board has turned down the premature release petition of Dara Singh, alias Rabindra Kumar Pal, who is serving a life term for the gruesome 1999 murder of Australian missionary Graham Staines and his two young sons

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനധികൃത സ്വത്ത് സമ്പാദനക്കേസ്; ടോമിന്‍ ജെ തച്ചങ്കരി കുറ്റക്കാരന്‍

100 വയസ്സ് പിന്നിട്ടവർ ഒരു ലക്ഷം കടന്നു; ലോകത്തെ ഞെട്ടിച്ച് ജപ്പാന്റെ ദീർഘായുസ് റെക്കോർഡ്

'ലോകത്തുള്ള എല്ലാവരുടെയും ചോദ്യങ്ങൾക്ക് മറുപടി പറയേണ്ട കാര്യമില്ല; അങ്ങനെ പറഞ്ഞിരുന്നെങ്കിൽ അർഥം മാറും'

അജിത് അഗാര്‍ക്കര്‍ പുറത്ത്; ചീഫ് സെലക്ടര്‍ പദവിയിലേക്ക് രണ്ടുപേരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി ബിസിസിഐ

അഡിഡാസ് ഇന്ത്യ ടെക് ഹബ്ബില്‍ കൂട്ടപ്പിരിച്ചുവിടല്‍; 50% ജീവനക്കാരെ ബാധിക്കും