Supreme Court declares right to walk on safe footpaths a fundamental right 
India

നടപ്പാതയിലെ സുരക്ഷിത സഞ്ചാരം മൗലികാവകാശം; നിയമം കൊണ്ടുവരണമെന്ന് സുപ്രീംകോടതി

'മോട്ടോര്‍ വാഹനങ്ങളുടെ സഞ്ചാരത്തേക്കാള്‍ മുന്‍ഗണന കാല്‍നടയാത്രയ്ക്ക് നല്‍കണം'

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Bijeesh

ന്യൂഡല്‍ഹി: ഫുട്പാത്തിലൂടെ സുരക്ഷിതമായി നടക്കുകയെന്നത് ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശമാണെന്ന് സുപ്രീംകോടതി. ഇക്കാര്യം വ്യക്തമാക്കി സര്‍ക്കാര്‍ പ്രത്യേക നിയമം കൊണ്ടുവരണമെന്ന് കോടതി നിര്‍ദേശിച്ചു. നടപ്പാതയ്ക്ക്‌ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മിക്കാനും സംരക്ഷിക്കാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും മുന്‍സിപ്പല്‍ അധികൃതര്‍ക്കും ബാധ്യതയുണ്ടെന്ന് നിയമത്തില്‍ വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

'ഭരണഘടനയുടെ മൂന്നാം ഭാഗം പ്രകാരം നടക്കാനുള്ള അവകാശം ഒരു മൗലികാവകാശമാണ്. അനുച്ഛേദം 19ലെ വിവിധ ഉപവകുപ്പുകള്‍, അനുച്ഛേദം 21 എന്നിവ ഉറപ്പുനല്‍കുന്ന സ്വതന്ത്രമായി സഞ്ചരിക്കാനുള്ള അവകാശത്തിന്റെ അവിഭാജ്യ ഘടകമാണിത്. കൃത്യമായി വേര്‍തിരിച്ച നടപ്പാതകള്‍ കാല്‍നടയാത്രക്കാരുടെ അവകാശ പരിധിയില്‍ വരും. ഈ അവകാശങ്ങള്‍ക്കാണ് പ്രാഥമിക പരിഗണന നല്‍കേണ്ടത്. മോട്ടോര്‍ വാഹനങ്ങളുടെ സഞ്ചാരത്തേക്കാള്‍ മുന്‍ഗണന കാല്‍നടയാത്രയ്ക്ക് നല്‍കണം' -ജസ്റ്റിസുമാരായ പിഎസ് നരസിംഹ, അതുല്‍ എസ് ചന്ദൂര്‍ക്കര്‍ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

ഫുട്പാത്തിലൂടെ നടക്കാനുള്ള മൗലികാവകാശം നടപ്പാക്കേണ്ടത് അധികൃതരുടെ കടമയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. 'ഒരു റോഡുണ്ടെങ്കില്‍ അവിടെ കാല്‍നടയാത്രക്കാര്‍ക്കായി കൃത്യമായി വേര്‍തിരിച്ചതും നന്നായി പരിപാലിക്കുന്നതുമായ നടപ്പാതകള്‍ ഉണ്ടെന്ന് ഉറപ്പാക്കേണ്ടത് അധികൃതരുടെ കടമയാണ്. നഗര വികസന അതോറിറ്റികള്‍, മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകള്‍, മുന്‍സിപ്പാലിറ്റികള്‍, പഞ്ചായത്തുകള്‍ എന്നിവര്‍ക്കാണ് ഈ ഉത്തരവാദിത്തം. നടക്കുക എന്നത് ജീവിതത്തില്‍ ഒഴിച്ചുകൂടാനാകാത്ത കാര്യമായതിനാല്‍, നടപ്പാതകള്‍ നിര്‍മിക്കാനും സംരക്ഷിക്കാനും അവര്‍ ബാധ്യസ്ഥരാണ്' -ബെഞ്ച് നിരീക്ഷിച്ചു.

നടപ്പാതകളിലൂടെ നടക്കാനുള്ള അവകാശം ലംഘിക്കപ്പെട്ടാല്‍ പൗരന്മാര്‍ക്ക് നഷ്ടപരിഹാരത്തിനും, അവകാശം പുനഃസ്ഥാപിച്ചു കിട്ടാനായി ഭരണഘടനാപരവും നിയമപരവുമായ മാര്‍ഗങ്ങള്‍ തേടാമെന്നും കോടതി കൂട്ടിച്ചേര്‍ത്തു. 1988-ലെ മോട്ടോര്‍ വാഹന നിയമപ്രകാരം ലഭ്യമായ പരിഹാരങ്ങള്‍ക്ക് പുറമെയായിരിക്കും ഇത്.

കര്‍ണാടകയില്‍ അഞ്ചു വയസ്സുകാരന്‍ വാഹനാപകടത്തില്‍ മരിച്ചതുമായി ബന്ധപ്പെട്ട മോട്ടോര്‍ അപകട ക്ലെയിം കേസിലാണ് സുപ്രീംകോടതിയുടെ സുപ്രധാന വിധി. പിതാവിനൊപ്പം സ്‌കൂളിലേക്ക് നടന്നുപോവുകയായിരുന്ന കുട്ടിയെ പിന്നില്‍ നിന്നെത്തിയ ടാങ്കര്‍ ലോറി ഇടിക്കുകയായിരുന്നു. അരക്കെട്ടിനും ശരീരത്തിന്റെ കീഴ്ഭാഗത്തിനും ഗുരുതര പരിക്കേറ്റ കുട്ടി ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. 25 ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ട് കുട്ടിയുടെ പിതാവ് കോടതിയെ സമീപിക്കുകയായിരുന്നു.

2016 മെയ് 30ന് മോട്ടോര്‍ അപകട ക്ലെയിംസ് ട്രൈബ്യൂണല്‍ കുട്ടിയുടെ കുടുംബത്തിന് 6 ശതമാനം പലിശയോടെ 7.82 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ചിരുന്നു. എന്നാല്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ അപ്പീലില്‍ ഹൈക്കോടതി ഈ തുക 4.70 ലക്ഷമായി കുറച്ചു. ഹൈക്കോടതിയുടെ ഈ നടപടി തെറ്റാണെന്ന് വിലയിരുത്തിയ സുപ്രീംകോടതി, നഷ്ടപരിഹാര തുക 11,44,628 രൂപയായി ഉയര്‍ത്തുകയും ഇത് രണ്ടു മാസത്തിനകം നല്‍കാന്‍ ഉത്തരവിടുകയും ചെയ്തു.

കോടതിയുടെ നിരീക്ഷണങ്ങള്‍

അപകടം നടന്ന റോഡില്‍ നടപ്പാതയോ കാല്‍നടയാത്രക്കാര്‍ക്ക് റോഡ് മുറിച്ചുകടക്കാനുള്ള സൗകര്യങ്ങളോ ഇല്ലായിരുന്നുവെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. റോഡ് ഉപയോഗത്തെക്കുറിച്ചുള്ള നമ്മുടെ അവകാശ നിയമങ്ങളില്‍ മാറ്റം വരുത്തുകയും അതിനനുസരിച്ചുള്ള കടമകള്‍ തിരിച്ചറിയുകയും ചെയ്യുന്നത് വരെ ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാനാവില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു.

'നടക്കാനുള്ള അവകാശം ജീവിതവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ഇന്ത്യയുടെ അതിര്‍ത്തിക്കുള്ളില്‍ എവിടെയും സ്വതന്ത്രമായി സഞ്ചരിക്കാന്‍ എല്ലാ പൗരര്‍ക്കും അവകാശമുണ്ടെന്ന് വ്യക്തമാക്കുന്ന അനുച്ഛേദം 19(1)(ഡി) വഴി ഭരണഘടന ഇത് ഉറപ്പുനല്‍കുന്നുണ്ട്. മനുഷ്യന്‍ വാഹനങ്ങള്‍ ഉപയോഗിച്ചു തുടങ്ങുന്നതിനും എത്രയോ മുന്‍പ് തന്നെ നടക്കാന്‍ ആരംഭിച്ചിരുന്നു. വാഹനങ്ങളില്‍ സഞ്ചരിക്കാനുള്ള അവകാശത്തേക്കാള്‍ മുന്‍പുള്ളതാണ് നടക്കാനുള്ള പ്രാഥമിക അവകാശം.

കാല്‍നടയാത്രക്കാരുടെ അവകാശം സംരക്ഷിക്കുന്നതില്‍ നമ്മള്‍ പരാജയപ്പെട്ടു എന്നത് വിചിത്രമാണ്. വാഹനങ്ങളുടെ വരവോടെ നമ്മുടെ ഭാവനകള്‍ മാറിപ്പോയതാകാം ഇതിന് കാരണം. മോട്ടോര്‍ വാഹനങ്ങള്‍ക്ക് അനുയോജ്യമായ റോഡുകള്‍ നിര്‍മ്മിക്കുന്നതിലാണ് നമ്മുടെ സര്‍ക്കാരുകളും അധികൃതരും ശ്രദ്ധ കേന്ദ്രീകരിച്ചത്. ആദ്യകാലത്ത് വാഹനങ്ങള്‍ ധനികരുടെ പക്കല്‍ മാത്രമായിരുന്നതിനാല്‍ ഇതൊരു വരേണ്യ ചിന്താഗതിയുടെ ഭാഗമായിരുന്നു. എന്നാല്‍ പില്‍ക്കാലത്ത് വിലകുറഞ്ഞ വാഹനങ്ങള്‍ വിപണിയിലെത്തുകയും മോട്ടോര്‍ വാഹനങ്ങള്‍ റോഡുകള്‍ കീഴടക്കുകയും ചെയ്തതോടെ കാല്‍നടയാത്രക്കാര്‍ റോഡുകളില്‍ നിന്ന് പൂര്‍ണമായി പാര്‍ശ്വവത്കരിക്കപ്പെട്ടു. വാഹനാപകടങ്ങളില്‍ കാല്‍നടയാത്രക്കാര്‍ മരിക്കുന്നത് പതിവായി മാറുന്ന സാഹചര്യം അവസാനിക്കണം' -കോടതി വ്യക്തമാക്കി.

മോട്ടോര്‍ വാഹന നിയമം കാല്‍നടയാത്രക്കാരുടെ മൗലികാവകാശത്തെ അംഗീകരിക്കുന്ന ഒന്നല്ലെന്നും, പലപ്പോഴും അത് കാല്‍നടയാത്രക്കാരുടെ അവകാശങ്ങളെ ഹനിക്കുന്നതാണെന്നും കോടതി വിമര്‍ശിച്ചു. സുരക്ഷിതമായ നടപ്പാതകളുടെ അഭാവം വലിയ പ്രശ്‌നമായി മാറിയിരിക്കുകയാണ്. വിശാലവും തടസ്സമില്ലാത്തതുമായ നടപ്പാതകള്‍ക്ക് നഗരങ്ങളുടെയും ഗ്രാമങ്ങളുടെയും മുഖച്ഛായ മാറ്റാന്‍ സാധിക്കും. ഇന്ത്യന്‍ സംസ്‌കാരത്തിലും രാഷ്ട്രീയത്തിലും നടത്തത്തിന് വലിയ പ്രാധാന്യമുണ്ടെന്ന് കോടതി ഓര്‍മ്മിപ്പിച്ചു.

സ്വാതന്ത്ര്യ സമരത്തിന്റെ പല ആശയങ്ങളും രൂപപ്പെട്ടത് നടത്തത്തിലൂടെയാണ്. ആ അര്‍ത്ഥത്തില്‍ നടത്തം എന്നത് വെറുമൊരു ചലനമല്ല; അത് ഭരണഘടന ഉറപ്പുനല്‍കുന്ന ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെയും (അനുച്ഛേദം 19(1)(എ)), സംഘടിക്കാനുള്ള അവകാശത്തിന്റെയും (അനുച്ഛേദം 19(1)(ബി)) ഭാഗമാണ്. 'കാല്‍നടയാത്രക്കാരന്‍' എന്ന വാക്ക് ഇന്ന് ഒരു പരിഹാസപ്പേരായി മാറിയിരിക്കുന്നു. പൊതുവിടങ്ങള്‍ മോട്ടോര്‍ വാഹനങ്ങള്‍ ഉള്ളവരുടെ മാത്രം കുത്തകയായി മാറരുത്. ഗ്രാമങ്ങളിലും നഗരങ്ങളിലും ഉള്ള പൊതുസ്ഥലങ്ങള്‍ എല്ലാവര്‍ക്കുമായി തുല്യമായി വീതിക്കപ്പെടണം' -ബെഞ്ച് വ്യക്തമാക്കി.

Supreme Court declares right to walk on safe footpaths a fundamental right, seeks law

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നീറ്റ് ചോദ്യച്ചോര്‍ച്ച: ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജന്തര്‍ മന്തറില്‍ ഇന്ന് കോക്രോച്ച് പാര്‍ട്ടി പ്രതിഷേധം

ജാവലിൻ പറന്നത് 85.69 മീറ്റർ മാത്രം; നീരജ് ചോപ്രയ്ക്ക് നിരാശ

കുടുംബശ്രീയിൽ അക്കൗണ്ടന്റ് ആകാം; ബി.കോം, പ്രവൃത്തിപരിചയം യോഗ്യത, ജില്ലകളിൽ നിയമനം ലഭിക്കും

ബ്രസീൽ വിജയ വഴിയിൽ, ജന്തര്‍ മന്തറില്‍ കോക്രോച്ച് പാര്‍ട്ടി പ്രതിഷേധം... ഇന്നത്തെ 5 പ്രധാന വാർത്തകൾ

'പയ്യന് വേണ്ടി അമ്പതോളം സ്കൂളുകളിൽ ഓഡിഷൻ നടത്തി, എവിടെ തുടങ്ങണമെന്ന് കൺഫ്യൂഷനുണ്ടായിരുന്നു'; 'ബാലൻ' കാസ്റ്റിങിനെക്കുറിച്ച് ​ഗണപതി