ന്യൂഡല്‍ഹി: പുതിയ വോട്ടര്‍മാര്‍ക്കുള്ള 'ഫോം 6'-ല്‍ ഒരു കോമയോ ഫുള്‍സ്റ്റോപ്പോ പോലും മാറ്റിയിട്ടില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്രങ്ങള്‍ വ്യക്തമാക്കിയതായി റിപ്പോര്‍ട്ട്. പരിഷ്‌കരിച്ച ഫോം 6ന് സുപ്രീംകോടതി അനുമതി നല്‍കിയിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കിയതിന് പിന്നാലെ പ്രതിപക്ഷം കമ്മീഷനെതിരെ രംഗത്തെത്തിയിരുന്നു. ഇതിനു മറുപടിയായാണ് കമ്മീഷന്റെ വിശദീകരണം.
എന്നാല്‍, എസ്‌ഐആര്‍ പ്രക്രിയയുടെ ഭാഗമായി ഫോം 6-നൊപ്പം ഒരു അധിക സത്യവാങ്മൂലം ഏര്‍പ്പെടുത്തിയിരുന്നുവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍ സമ്മതിച്ചു. കഴിഞ്ഞ വര്‍ഷം ബിഹാറില്‍ നടന്ന വോട്ടര്‍പട്ടിക പുതുക്കലിന്റെ ഭാഗമായാണ് ഇതിന്റെ പ്രോട്ടോക്കോള്‍ തയ്യാറാക്കിയതെന്നും, കമ്മീഷന്റെ ഭരണഘടനാപരമായ അധികാരപരിധിയില്‍ വരുന്ന കാര്യമാണിതെന്ന് നേരത്തെ കേസ് പരിഗണിച്ചപ്പോള്‍ സുപ്രീംകോടതി നിരീക്ഷിച്ചിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, കേന്ദ്ര സര്‍ക്കാരുമായി ആവശ്യമായ കൂടിയാലോചനകള്‍ നടത്താതെയും ഗസറ്റ് വിജ്ഞാപനം ഇറക്കാതെയും പാര്‍ലമെന്റിന്റെ അംഗീകാരം നേടാതെയും ഫോമില്‍ ഇത്തരത്തില്‍ മാറ്റങ്ങള്‍ വരുത്താനാകില്ലെന്നാണ് നിയമവിദഗ്ധരുടെ അഭിപ്രായം.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ നടപടി ആവശ്യപ്പെട്ട് നല്‍കിയ പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണമുണ്ടായത്. പരിഷ്‌കരിച്ച ഒരു ഫോം 6നും അനുമതി നല്‍കിയിട്ടില്ല. രേഖകള്‍ ഹാജരാക്കുമ്പോള്‍ ഇതില്‍ ആരാണ് മാറ്റങ്ങള്‍ വരുത്തിയതെന്ന് തങ്ങള്‍ക്ക് കാണണമെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി മോഹന എന്നിവരടങ്ങിയ ബെഞ്ച് ആവശ്യപ്പെട്ടു. ഇതിനു പിന്നാലെ, ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായും നിയമവിരുദ്ധമായും ഫോം 6ല്‍ മാറ്റം വരുത്തിയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആരോപിച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനങ്ങളിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി ഇന്ത്യന്‍ എക്‌സ്പ്രസ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി ഫയല്‍ ചെയ്തത്. അപേക്ഷകന്റെ പൂര്‍വികരുടെ വിവരങ്ങളും മുന്‍പത്തെ വോട്ടര്‍പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട വിവരങ്ങളും ചോദിക്കുന്നതിനായി സോഫ്റ്റ്വെയറില്‍ മാറ്റങ്ങള്‍ വരുത്തിയതിനെ മറ്റു രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ എതിര്‍ത്തിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. നിയമപരമായ നടപടിക്രമങ്ങള്‍ പാലിക്കാതെ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി എടുത്ത തീരുമാനങ്ങള്‍ ഭരണഘടനാ വിരുദ്ധവും റദ്ദാക്കേണ്ടതുമാണെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates