ന്യൂഡൽഹി: കസ്റ്റഡിയിലെടുത്ത സമയം മുതൽ 24 മണിക്കൂറിനുള്ളിൽ പ്രതിയെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കണമെന്ന വ്യവസ്ഥയിൽ സുപ്രീം കോടതിയുടെ സുപ്രധാന വിധി. ഔദ്യോഗികമായി അറസ്റ്റ് രേഖപ്പെടുത്തുന്ന സമയം മുതൽ അല്ല, പകരം പൊലീസ് കസ്റ്റഡിയിലെടുക്കുന്ന നിമിഷം മുതൽ തന്നെ 24 മണിക്കൂർ സമയപരിധി ആരംഭിക്കുമെന്ന് ജസ്റ്റിസ് ഉജ്ജൽ ഭൂയാൻ, ജസ്റ്റിസ് അതുൽ എസ്. ചന്ദൂർക്കർ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ഭരണഘടനയുടെ വകുപ്പ് 22(2) പ്രകാരവും ബിഎൻഎസ്എസ് 56 ാം വകുപ്പ് പ്രകാരവും അറസ്റ്റും കസ്റ്റഡിയും തമ്മിൽ കൃത്രിമമായ വ്യത്യാസങ്ങൾ കൽപ്പിക്കാൻ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു.
അറസ്റ്റിനു മുന്നോടിയായുള്ള കസ്റ്റഡി കാലയളവ് ഒഴിവാക്കാൻ പൊലീസിന് അനുവാദം നൽകുന്ന ഏതൊരു വ്യാഖ്യാനവും ഭരണഘടനാ തത്വങ്ങൾക്ക് എതിരായിരിക്കുമെന്ന് ബെഞ്ച് ചൂണ്ടിക്കാണിച്ചു. ഔദ്യോഗിക അറസ്റ്റിന് മുൻപുള്ള അന്വേഷണം, ചോദ്യം ചെയ്യൽ, പരിശോധന എന്നിവയ്ക്കായി ചെലവഴിക്കുന്ന സമയം 24 മണിക്കൂർ പരിധിയിൽ നിന്ന് ഒഴിവാക്കാൻ കഴിയില്ല. അറസ്റ്റ് ചെയ്ത സ്ഥലത്ത് നിന്ന് മജിസ്ട്രേറ്റ് കോടതിയിലേക്കുള്ള യാത്രാസമയം മാത്രമാണ് ഇതിൽ നിന്നും ഒഴിവാക്കാൻ സാധിക്കുന്ന ഏക കാലയളവെന്നും കോടതി വ്യക്തമാക്കി.
24 മണിക്കൂർ സമയപരിധിക്കുള്ളിൽ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കാത്ത വ്യക്തിയെ ഉടൻ തന്നെ വിട്ടയക്കണം. കസ്റ്റഡിയിലെടുത്ത യഥാർത്ഥ തീയതിയും സമയവും ജുഡീഷ്യൽ മജിസ്ട്രേറ്റുമാർ രേഖപ്പെടുത്തുകയും ഭരണഘടനാപരമായ സമയപരിധി പാലിച്ചിട്ടുണ്ടോ എന്ന് സ്വതന്ത്രമായി പരിശോധിക്കുകയും വേണം. കസ്റ്റഡി കാലാവധി ന്യായമാണോ എന്ന് പരിശോധിച്ച് ആവശ്യമെങ്കിൽ റിമാൻഡ് നിരസിക്കാനുള്ള അധികാരവും മജിസ്ട്രേറ്റിനുണ്ട്. ഒഡീസ, മദ്രാസ്, കേരള ഹൈക്കോടതികളുടെ മുൻകാല വിധികൾ തള്ളിക്കൊണ്ടാണ് സുപ്രീം കോടതി ഈ നിർണ്ണായക ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates