ന്യൂഡൽഹി: ഇന്ത്യയിൽ ജനനനിരക്ക് ഗണ്യമായി കുറഞ്ഞുവരുന്ന പശ്ചാത്തലത്തിൽ, രണ്ടിൽ കൂടുതൽ കുട്ടികളുള്ളവരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് അയോഗ്യരാക്കുന്ന നിയമത്തിൻെറെ പ്രസക്തി നഷ്ടപ്പെട്ടിരിക്കുയാണെന്ന് സുപ്രീം കോടതി. ജനസംഖ്യാ വർദ്ധനവിനെക്കുറിച്ചുള്ള പഴയ ഭയമൊക്കെ മാറി രാജ്യത്ത് വലിയ ജനസംഖ്യാ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടെന്നും, അതിനാൽ ഇത്തരം നിയമങ്ങളുടെ അടിസ്ഥാനം തന്നെ തകർന്നിരിക്കുകയാണെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് പിഎസ് നരസിംഹ, ജസ്റ്റിസ് അലോക് ആരാധെ എന്നിവരടങ്ങിയ ബെഞ്ചാണ് സുപ്രധാനമായ ഈ നിരീക്ഷണങ്ങൾ നടത്തിയത്.
2003-ൽ ഹരിയാനയിലെ കേസിലാണ് രണ്ടിൽ കൂടുതൽ കുട്ടികളുള്ളവർക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വിലക്കേർപ്പെടുത്തിയ നിയമത്തിന്റെ ഭരണഘടനാ സാധുത അന്നത്തെ മൂന്നംഗ ബെഞ്ച് ശരിവെച്ചിരുന്നത്. എന്നാൽ ഈ വിധി പുനഃപരിശോധിക്കണമെന്നും, വിഷയം കൂടുതൽ അംഗങ്ങളുള്ള വലിയ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടുകയാണെന്നും കോടതി വ്യക്തമാക്കി. മഹാരാഷ്ട്ര വില്ലേജ് പഞ്ചായത്ത് ആക്ട് പ്രകാരം മൂന്നാം കുട്ടി ജനിച്ചതിന്റെ പേരിൽ കകോഡ ഗ്രാം പഞ്ചായത്ത് മുൻ സർപഞ്ച് മംഗള ഭീംറാവുവിന് നേരിട്ട അയോഗ്യത കോടതി റദ്ദാക്കുകയും ചെയ്തു.
2003-ൽ സുപ്രീം കോടതി ഈ നിയമം ശരിവെക്കുമ്പോൾ ഇന്ത്യയുടെ മൊത്തത്തിലുള്ള പ്രജനന നിരക്ക് മൂന്ന് ആയിരുന്നുവെങ്കിൽ, നിലവിലത് 1.9 ആയി കുറഞ്ഞിരിക്കുകയാണെന്ന് കോടതി ചൂണ്ടിക്കാണിച്ചു. തലമുറ മാറ്റ നിരക്ക് 2.1 ആണ്. പ്രജനന നിരക്ക് ഇതിലും താഴേക്ക് പോകുന്നത് ഭാവിയിൽ രാജ്യത്ത് പ്രായമായവരുടെ എണ്ണം വർദ്ധിക്കുന്നതിനും തൊഴിലെടുക്കുന്നവരുടെ അനുപാതം കുറയുന്നതിനും കാരണമാകും. ഈ മാറ്റങ്ങൾ ഉൾക്കൊണ്ടില്ലെങ്കിൽ രാജ്യം ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും കോടതി മുന്നറിയിപ്പ് നൽകി.
നേരത്തെ ജാവേദ് കേസിലെ വിധിയിൽ ഉപയോഗിച്ച ന്യായീകരണങ്ങളെയും കോടതി ചോദ്യം ചെയ്തു. അത്തരം നിയമങ്ങൾ തുടരുന്നത് ഒരു വിഭാഗം ജനങ്ങളെ രാഷ്ട്രീയ പ്രതിനിധത്വത്തിൽ നിന്ന് പൂർണ്ണമായും പുറന്തള്ളുന്നതിന് കാരണമാകുന്നുവെന്ന് കോടതി നിരീക്ഷിച്ചു. പൊതുരംഗത്ത് പ്രവർത്തിക്കാനുള്ള ഒരാളുടെ കഴിവിനെ ഇത് ബാധിക്കുന്നില്ല. കുട്ടികളെ ജന്മം നൽകുന്നതും ജനാധിപത്യ പ്രക്രിയയിൽ പങ്കെടുക്കുന്നതും തമ്മിൽ ബന്ധിപ്പിക്കുന്നത് ഭരണഘടനയുടെ 21-ാം അനുച്ഛേദം ഉറപ്പുനൽകുന്ന പ്രത്യുൽപാദന സ്വാതന്ത്യത്തിന്റെ ലംഘനമാണെന്നും കോടതി കൂട്ടിച്ചേർത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates