രഹുല്‍ ഗാന്ധി/ പിടിഐ 
India

രാഹുലിന്റെ അയോഗ്യത നീങ്ങും; അപകീര്‍ത്തി കേസ് വിധിക്കു സുപ്രീം കോടതി സ്‌റ്റേ

രാഹുലിനു പരമാവധി ശിക്ഷ നല്‍കിയ വിചാരണക്കോടതി നടപടിക്കു കാരണമൊന്നും കാണുന്നില്ല

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അപകീര്‍ത്തി കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കുറ്റക്കാരനെന്നു കണ്ടെത്തിയ സൂറത്ത് കോടതി വിധി സുപ്രീം കോടതി സ്‌റ്റേ ചെയ്തു. ഇതോടെ വയനാട് ലോക്‌സഭാ മണ്ഡലത്തില്‍നിന്നുള്ള രാഹുല്‍ ഗാന്ധിയുടെ അംഗത്വത്തിനുള്ള അയോഗ്യത നീങ്ങും. എല്ലാ കള്ളന്മാര്‍ക്കും മോദി എന്ന പേരു വന്നതെങ്ങനെ എന്ന പരാമര്‍ശത്തിന്റെ പേരിലാണ്, രാഹുല്‍ കുറ്റക്കാരനാണെന്നു കോടതി വിധിച്ചത്.

രാഹുലിന്റെ പരാമര്‍ശങ്ങള്‍ ഔചിത്യമുള്ളതെന്നു കരുതാനാവില്ലെന്ന്, ജസ്റ്റിസ് ബിആര്‍ ഗവായിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് അഭിപ്രായപ്പെട്ടു. പൊതുരംഗത്തുള്ളവര്‍ പ്രസംഗിക്കുമ്പോള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും കോടതി പറഞ്ഞു. എന്നാല്‍ രാഹുലിനു പരമാവധി ശിക്ഷ നല്‍കിയ വിചാരണക്കോടതി നടപടിക്കു കാരണമൊന്നും കാണുന്നില്ല. അതുകൊണ്ടു കുറ്റക്കാരനെന്നു കണ്ടെത്തിയതു സ്റ്റേ ചെയ്യുകയാണെന്നും അന്തിമ വിധിക്കു വിധേയമായിരിക്കും ഇതെന്നും സുപ്രീം കോടതി വിധിച്ചു.

രാഹുലിന്റെ അപ്പീല്‍ പരിഗണിച്ചപ്പോള്‍ ഇരുപക്ഷത്തിനും പതിനഞ്ചു മിനിറ്റു വീതം വാദങ്ങള്‍ അവതരിപ്പിക്കാമെന്ന് ജസ്റ്റിസ് ബിആര്‍ ഗവായിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് അറിയിച്ചു. അപകീര്‍ത്തി കേസിലെ വിധി സ്റ്റേ ചെയ്യണമെങ്കില്‍ അതിനു തക്ക കാരണം വേണമന്നും ബെഞ്ച് വ്യക്തമാക്കി.

മോദി സമുദായത്തില്‍പ്പെട്ട പതിമൂന്നു കോടി ജനങ്ങളില്‍ ബിജെപി നേതാക്കള്‍ മാത്രമാണ് രാഹുലിനെതിരെ പരാതി നല്‍കിയിട്ടുള്ളതെന്ന്, അദ്ദേഹത്തിനു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ അഭിഷേക് സിങ്വി പറഞ്ഞു. വിധി പറഞ്ഞ കേസിലെ പരാതിക്കാരനായ പൂര്‍ണേഷ് മോദിയാവട്ടെ, യഥാര്‍ഥ മോദി സമുദായക്കാരന്‍ അല്ലെന്നും സിങ്വി ചൂണ്ടിക്കാട്ടി. ഇത് പൂര്‍ണേഷ് മോദി തന്നെ വെളിപ്പെടുത്തിയിട്ടുള്ളതാണെന്നും അഭിഷേക് സിങ്വി പറഞ്ഞു.

ഒരാളെ ഇടിച്ചു താഴ്ത്തുകയെന്ന ഉദ്ദേശ്യത്തോടെ പരാമര്‍ശിച്ചാല്‍ മാത്രമേ അപകീര്‍ത്തി കേസ് നിലനില്‍ക്കുകയുള്ളൂ. 499ാം വകുപ്പില്‍ ഇതു വ്യക്തമായി പറയുന്നുണ്ട്. ഇവിടെ മോദി സമുദായത്തിലെ എല്ലാവരെയും അപകീര്‍ത്തിപ്പെടുത്തുക എന്ന ലക്ഷ്യം രാഹുലിന് ഇല്ലായിരുന്നുവെന്നു വ്യക്തമാണ്. ഇത്തരമൊരു ലക്ഷ്യം രാഹുലിന് ഉണ്ടായിരുന്നുവെന്ന് സാക്ഷികള്‍ ആരും പറഞ്ഞിട്ടില്ല- സിങ്വി പറഞ്ഞു. 

രാഹുലിന്റേത് ധാര്‍മിക അധഃപതനമാണെന്നാണ് വിചാരണക്കോടതി ജഡ്ജി കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനം എന്തെന്ന് സിങ്വി ചോദിച്ചു. ഏതെങ്കിലും നിയമത്തിന്റെയോ കോടതി വിധിയുടെയോ അടിസ്ഥാനത്തിലാണോ ഇത്തരമൊരു നിഗമനത്തില്‍ എത്തിയത്? പരമാവധി ശിക്ഷ വിധിക്കുന്നതിന് തട്ടിക്കൊണ്ടുപോവലോ കൊലപാതകമോ ബലാത്സംഗമോ അല്ല രാഹുലിന്റെ പേരിലുള്ള കുറ്റം. എട്ടു വര്‍ഷമാണ് ഇതിന്റെ പേരില്‍ മാറ്റിനിര്‍ത്തപ്പെടുന്നതെന്ന് സിങ്വി ചൂണ്ടിക്കാട്ടി.

സമാനമായ കുറ്റങ്ങള്‍ ചെയ്തതായി വിധിയില്‍ പറയുന്നുണ്ടല്ലോയെന്നു കോടതി ഓര്‍മിപ്പിച്ചപ്പോള്‍ ഒരു കേസിലും കുറ്റക്കാരനെന്നു കണ്ടെത്തിയിട്ടില്ലെന്ന് സിങ്വി പറഞ്ഞു. കേസുകളെല്ലാം ബിജെപി പ്രവര്‍ത്തകരോ നേതാക്കളോ നല്‍കിയതാണെന്നും സിങ്വി വാദിച്ചു. ഇല്ലാത്ത കുറ്റത്തിന്റെ പേരില്‍ ഒരാള്‍ അയോഗ്യത നേരിടുകയാണ്. കേസ് നിലനില്‍ക്കാനുള്ള സാധ്യത ഇല്ലെന്നു തോന്നിയതുകൊണ്ടാവാം വയനാട് ഉപതെരഞ്ഞെടുപ്പിന് ഇനിയും വിജ്ഞാപനം ഇറക്കാത്തതെന്ന് സിങ്വി പറഞ്ഞു. എന്നാല്‍ രാഷ്ട്രീയ പരാമര്‍ശങ്ങള്‍ വേണ്ടെന്ന കോടതിയുടെ പ്രതികരണത്തെത്തുടര്‍ന്ന് ഇത് സിങ്വി പിന്‍വലിച്ചു.

വാട്‌സ്ആപ്പിലൂടെ ലഭിച്ച പത്ര കട്ടിങ്ങിന്റെ അടിസ്ഥാനത്തിലാണ് രാഹുലിനെതിരെ പരാതി നല്‍കിയത്. തെളിവു നിയമം അനുസരിച്ച് ഇതു നിലനില്‍ക്കില്ല. രാഹുല്‍ അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയെന്നതിന് ഒരു തെളിവുമില്ല. കേസ് രജിസ്റ്റര്‍ ചെയ്ത് 21 മാസത്തിനു ശേഷം സാക്ഷിയായി ബിജെപി നേതാവിനെ കണ്ടെത്തുകയായിരുന്നും സിങ്വി പറഞ്ഞു. 

രാഹുലിന്റെ പ്രസംഗം നേരിട്ടു കേട്ടയാളാണ് സാക്ഷിയെന്ന്, പൂര്‍ണേഷ് മോദിക്കു വേണ്ടി ഹാജരായ മഹേഷ് ജഠ്മലാനി അറിയിച്ചു.  പ്രധാനമന്ത്രിയുടെ പേരു വച്ച് മോദി സമൂദായത്തെ മുഴുവന്‍ അപമാനിക്കലായിരുന്നു രാഹുലിന്റെ ലക്ഷ്യം. അതുകൊണ്ടുതന്നെ മോദി സമുദായത്തില്‍പ്പെട്ട ആര്‍ക്കും കേസ് നല്‍കാന്‍ അവകാശമുണ്ടെന്ന് ജഠ്മലാനി വാദിച്ചു. 

കുറ്റക്കാരനെന്നു കണ്ടെത്തിയാല്‍ അയോഗ്യത വരുന്നത് ലില്ലി തോമസ് കേസിലെ സുപ്രീം കോടതി വിധി അനുസരിച്ചാണ്. ഇപ്പോള്‍ സ്‌റ്റേ ആവശ്യപ്പെട്ട് ആ വിധി മറികടക്കാനാണ് ശ്രമിക്കുന്നതെന്ന് ജഠ്മലാനി പറഞ്ഞു. മണ്ഡലത്തിനു പ്രതിനിധിയില്ലാതാവുന്നത് പ്രശ്‌നമാണെന്ന് കോടതി ഇതിനോടു പ്രതികരിച്ചു. വിചാരണക്കോടതി പരമാവധി ശിക്ഷയാണ് നല്‍കിയിരിക്കുന്നത്. ഇതു എന്തുകൊണ്ടെന്ന വിശദീകരണം ആവശ്യമാണെന്നും ജസ്റ്റിസ് ഗവായ് പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT