shashi tharoor, cjp protest, dharmendra pradhan 
India

'ജെന്‍-സീ പ്രക്ഷോഭത്തില്‍ സിസ്റ്റം വളഞ്ഞു, പക്ഷേ തകര്‍ന്നില്ല'; ഇന്ത്യന്‍ ജനാധിപത്യം വഴക്കമുള്ളതെന്ന് തരൂര്‍

'ഇന്ത്യയില്‍ തെറ്റുകള്‍ തിരുത്താനുള്ള, സ്വയംസജ്ജമായ സംവിധാനമുണ്ട്. മാറുന്ന യാഥാര്‍ത്ഥ്യങ്ങളോട് അതിവേഗം പൊരുത്തപ്പെടാന്‍ കഴിയുന്ന ജനാധിപത്യ രീതി ഇവിടെ നിലനില്‍ക്കുന്നു'

Author : ബിജീഷ് ബാലകൃഷ്ണൻ

ന്യൂഡല്‍ഹി: അയല്‍രാജ്യങ്ങളില്‍ നടന്ന ജെന്‍-സീ പ്രക്ഷോഭങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയുടെ ജനാധിപത്യ സംവിധാനം ഉയര്‍ന്ന പ്രതിരോധശേഷിയും വഴക്കവും പ്രകടിപ്പിച്ചതായി കോണ്‍ഗ്രസ് എംപി ശശി തരൂര്‍. രാജ്യത്ത് അടുത്തിടെ നടന്ന യുവാക്കളുടെ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍, ഇന്ത്യയിലെ രാഷ്ടീയ സംവിധാനം വളഞ്ഞുവെങ്കിലും തകര്‍ന്നുപോയില്ലെന്ന് മുന്‍ നയതന്ത്രജ്ഞന്‍ കൂടിയായ തരൂര്‍ നിരീക്ഷിച്ചു. എന്‍ഡിടിവി വേള്‍ഡ് അന്‍വിക്ഷ സമ്മിറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ദക്ഷിണേഷ്യന്‍ മേഖലയിലെ പ്രമുഖ രാജ്യങ്ങള്‍ യുവജന പ്രക്ഷോഭങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. 2012ല്‍ മ്യാന്‍മറില്‍ ആരംഭിച്ച പ്രക്ഷോഭങ്ങള്‍ക്ക് ശേഷം പാകിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാള്‍, ഒടുവില്‍ ഇന്ത്യയിലും യുവാക്കള്‍ തെരുവിലിറങ്ങി. ഇതിനെയെല്ലാം ജെന്‍-സീ തലമുറയുടെ അമര്‍ഷത്തിന്റെ പ്രതിഫലനമായി കാണാം. എന്നാല്‍ ഇതിനോട് ഓരോ രാജ്യത്തെയും ഭരണകൂടവും രാഷ്ട്രീയ സംവിധാനവും പ്രതികരിച്ച രീതിയിലാണ് വ്യത്യാസമുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി.

ബംഗ്ലാദേശിലും ശ്രീലങ്കയിലും പ്രക്ഷോഭം നേരിടാനാവാതെ ഭരണാധികാരികള്‍ക്ക് രാജ്യം വിട്ടോടേണ്ടി വരികയും പുതിയ ഭരണാധികാരികള്‍ അധികാരമേല്‍ക്കുകയും ചെയ്തു. നേപ്പാളില്‍ ഭരണമാറ്റം ഉണ്ടായെങ്കിലും പുതിയ തെരഞ്ഞെടുപ്പിലൂടെയാണ് അത് സംഭവിച്ചത്. മ്യാന്‍മറിലും പാകിസ്ഥാനിലും സൈന്യം അധികാരം പിടിച്ചെടുക്കുകയോ തങ്ങളുടെ നിയന്ത്രണത്തിലുള്ള സര്‍ക്കാരുകളെ പ്രതിഷ്ഠിക്കുകയോ ചെയ്തു. എന്നാല്‍ ഇതില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്തമാണ് ഇന്ത്യയുടെ സാഹചര്യമെന്ന് തരൂര്‍ അഭിപ്രായപ്പെട്ടു.

ഇന്ത്യയില്‍ തെറ്റുകള്‍ തിരുത്താനുള്ള, സ്വയംസജ്ജമായ സംവിധാനമുണ്ട്. മാറുന്ന യാഥാര്‍ത്ഥ്യങ്ങളോട് അതിവേഗം പൊരുത്തപ്പെടാന്‍ കഴിയുന്ന ജനാധിപത്യ രീതി ഇവിടെ നിലനില്‍ക്കുന്നു. അതിനാല്‍ത്തന്നെ യുവജനങ്ങളുടെ ആവശ്യങ്ങളോട് പ്രതികരിക്കാന്‍ ഭരണകൂടം നിര്‍ബന്ധിതരായി. പ്രതിപക്ഷത്തിന്റെ ആവശ്യങ്ങളോട് സാധാരണയായി രാജിവെച്ച് പ്രതികരിക്കാത്ത ബിജെപി സര്‍ക്കാരിന് പോലും പ്രക്ഷോഭത്തെ തുടര്‍ന്ന് കേന്ദ്രമന്ത്രിയുടെ രാജി സ്വീകരിക്കേണ്ടി വന്നത് ജനാധിപത്യത്തിന്റെ വഴക്കത്തിനുള്ള തെളിവാണ്.

പൊതുജനങ്ങളുടെ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ തക്കവണ്ണം ജനാധിപത്യം ചടുലമായിരിക്കണം എന്ന തിരിച്ചറിവാണ് ഇന്ത്യന്‍ സംവിധാനം നല്‍കുന്നതെന്നും, പ്രതിപക്ഷത്തെ നേതാവ് എന്ന നിലയില്‍ ഇന്ത്യയുടെ ജനാധിപത്യപരമായ ഈ സ്വഭാവം തനിക്ക് വലിയ പ്രതീക്ഷ നല്‍കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

"System Bent, Didn't Break": Shashi Tharoor On India's Gen Z Protest vs Other Countries

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡല്‍ഹിയില്‍ ഇന്നും പ്രക്ഷോഭം, സുപ്രീംകോടതിയിലേക്ക് പ്രതിപക്ഷ മാര്‍ച്ച്; കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ച് ചീഫ് ജസ്റ്റിസ്

Weekly horoscope (October 11- October 17, 2026): ജോലി, പ്രണയം, സാമ്പത്തികം ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

ഇരട്ട ചക്രവാതച്ചുഴി; ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

Today's Rashi Phalam October 12| പുതിയ വരുമാന മാർ​ഗം കണ്ടെത്തും, സ്വർണം വാങ്ങാൻ അവസരം

അവസാന സെഷനിൽ 4 വിക്കറ്റുകൾ; ഝാർഖണ്ഡ് കുതിപ്പ് തടഞ്ഞ് കേരളം