ഡിഎംകെ പ്രസിഡന്റ് എംകെ സ്റ്റാലിൻ കോയമ്പത്തൂരിലെ പ്രചാരണ വേദിയിൽ 
India

തമിഴ്‌നാട്ടിൽ സ്റ്റാലിന് അപ്രതീക്ഷിത തോൽവി; ചരിത്ര വിജയവുമായി വിജയ്

കൊളത്തൂരിൽ സ്റ്റാലിനെ വീഴ്ത്തി ടിവികെയുടെ വിഎസ് ബാബു. 108 സീറ്റുകളിൽ ടിവികെ മുന്നിൽ. ദ്രാവിഡ രാഷ്ട്രീയത്തിന് കനത്ത തിരിച്ചടി

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ദ്രാവിഡ രാഷ്ട്രീയത്തെ നടുക്കി മുഖ്യമന്ത്രി എം കെ സ്റ്റാലിന് അപ്രതീക്ഷിത പരാജയം. കൊളത്തൂർ മണ്ഡലത്തിൽ നടന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ തമിഴക വെട്രി കഴകം (ടിവികെ) സ്ഥാനാർത്ഥി വി.എസ്. ബാബുവിനോട് 9,121 വോട്ടുകൾക്കാണ് സ്റ്റാലിൻ പരാജയപ്പെട്ടത്. രൂപീകരിച്ച് മൂന്ന് വർഷത്തിനുള്ളിൽ സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയായി നടൻ വിജയ്‌യുടെ ടിവികെ മാറുമ്പോഴും തമിഴ്‌നാട് ഒരു തൂക്കുമന്ത്രിസഭയിലേക്ക് നീങ്ങുന്നതായാണ് സൂചനകൾ. 109 സീറ്റുകളിൽ ടിവികെ മുന്നേറുന്നുണ്ടെങ്കിലും കേവല ഭൂരിപക്ഷത്തിന് വേണ്ട 118 എന്ന സംഖ്യയിലേക്ക് ഒൻപത് സീറ്റുകളുടെ കുറവുണ്ട്. നേരിയ വോട്ട് വ്യത്യാസം നിലനിൽക്കുന്ന മണ്ഡലങ്ങളിലെ ഫലങ്ങൾ ഇനിയുള്ള മണിക്കൂറുകളിൽ നിർണ്ണായകമാകും.

അതേസമയം, ടിവികെയുമായി ചേർന്ന് സഖ്യസർക്കാർ രൂപീകരിക്കാനില്ലെന്ന് എഐഎഡിഎംകെ വ്യക്തമാക്കി. ടിവികെ തങ്ങളുടെ സഖ്യകക്ഷിയല്ലെന്ന് പാർട്ടി ആസ്ഥാനത്ത് മുതിർന്ന നേതാവ് സി. പൊന്നയ്യൻ പറഞ്ഞു. നഗരപ്രദേശങ്ങളിലെ വോട്ടുകളാണ് വിജയ്‌യുടെ പാർട്ടിക്ക് ഇപ്പോൾ മുൻതൂക്കം നൽകുന്നതെന്നും 90 ശതമാനം വരുന്ന ഗ്രാമീണ വോട്ടുകൾ എണ്ണിത്തീരുമ്പോൾ ചിത്രം മാറുമെന്നും പൊന്നയ്യൻ അവകാശപ്പെട്ടു.

സംസ്ഥാനത്തുടനീളം വീശിയടിച്ച വിജയ് തരംഗത്തിൽ ഭരണകക്ഷിയായ ഡിഎംകെ തകർന്നടിയുന്ന കാഴ്ചയാണ് കാണുന്നത്. ഡിഎംകെ അഞ്ച് സീറ്റുകളിൽ വിജയിച്ചെങ്കിലും വെറും 53 സീറ്റുകളിൽ മാത്രമാണ് നിലവിൽ മുന്നിലുള്ളത്. എഐഎഡിഎംകെ 45 സീറ്റുകളിൽ ലീഡ് നിലനിർത്തുന്നു.

വനിതാ സ്ഥാനാർത്ഥികൾക്ക് കനത്ത വെല്ലുവിളി

സംസ്ഥാനത്തെ ഏറ്റവും സമ്പന്നയായ സ്ഥാനാർത്ഥി ലീല റോസ് മാർട്ടിൻ ലാൽഗുഡിയിൽ ഡിഎംകെയുടെ ടി. പരിവള്ളലിനേക്കാൾ 5,500 വോട്ടുകൾക്ക് പിന്നിലാണ്. മൈലാപ്പൂരിൽ ബിജെപി സ്ഥാനാർത്ഥി തമിഴിസൈ സൗന്ദരരാജൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇവിടെ ടിവികെ സ്ഥാനാർത്ഥിയാണ് അപ്രതീക്ഷിത ലീഡ് ഉയർത്തുന്നത്. കോയമ്പത്തൂർ സൗത്തിൽ വാനതി ശ്രീനിവാസൻ ടിവികെ സ്ഥാനാർത്ഥിയേക്കാൾ 2,500 വോട്ടുകൾക്ക് പിന്നിലാണ്.

പെരമ്പൂരിൽ വിജയ്‌ക്കെതിരെ മത്സരിച്ച എഐഎഡിഎംകെയുടെ പൊർകൊടി ആംസ്‌ട്രോങ് ഒമ്പതാം റൗണ്ട് പിന്നിടുമ്പോൾ മൂന്നാം സ്ഥാനത്തേക്ക് പോയി. ഇവിടെ വിജയ് തന്റെ ലീഡ് കുത്തനെ ഉയർത്തിയിട്ടുണ്ട്. എന്നാൽ വൃദ്ധാചലത്തിൽ ഡിഎംഡികെ അധ്യക്ഷ പ്രേമലത വിജയകാന്ത് 1,212 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നുണ്ട്. തിരു വി ക നഗറിൽ ടിവികെയുടെ എം.ആർ. പല്ലവി 9,000 വോട്ടുകൾക്ക് ഡിഎംകെ സ്ഥാനാർത്ഥിയേക്കാൾ മുന്നിലാണ്. മധുരാന്തകത്തിൽ എഐഎഡിഎംകെയുടെ മരഗതം കുമാരവേലിന്റെ ലീഡ് 118 വോട്ടുകളായി കുറഞ്ഞത് പാർട്ടിയെ ആശങ്കയിലാക്കുന്നു.

വിജയ് തരംഗം; ഞെട്ടിച്ച് ടിവികെ

മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും വിജയ് കുതിപ്പ് തുടരുകയാണ്. തിരുച്ചിറപ്പള്ളി ഈസ്റ്റിലും ചെന്നൈയിലെ പെരമ്പൂരിലും താരം വ്യക്തമായ ഭൂരിപക്ഷം നിലനിർത്തുന്നു. ടിവികെയിലെ രണ്ടാമനായി അറിയപ്പെടുന്ന ആദവ് അർജുന വില്ലിവാക്കം മണ്ഡലത്തിൽ ലീഡ് ചെയ്യുന്നുണ്ട്. തമിഴ്‌നാട് നിയമസഭയിലെ 234 സീറ്റുകളിൽ കേവല ഭൂരിപക്ഷത്തിന് വേണ്ട 118 എന്ന സംഖ്യയിലേക്ക് വിജയ് എത്തുമോ എന്നാണ് ഇപ്പോൾ രാജ്യം ഉറ്റുനോക്കുന്നത്.

അപ്രസക്തമായി ദ്രാവിഡ കക്ഷികൾ

വർഷങ്ങളായി തമിഴ് മണ്ണ് ഭരിച്ചിരുന്ന ഡിഎംകെയും എഐഎഡിഎംകെയും വിജയ് ഉയർത്തിയ തരംഗത്തിന് മുന്നിൽ പതറുന്ന കാഴ്ചയാണ് കാണുന്നത്. എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമി എടപ്പാടി മണ്ഡലത്തിൽ 7003 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നുണ്ട്. കാട്പാഡി, ഗുഡിയാട്ടം തുടങ്ങിയ മണ്ഡലങ്ങളിലും എഐഎഡിഎംകെ മുന്നിലാണ്. അതേസമയം, ബിജെപി തളി മണ്ഡലത്തിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്. മത്സരിച്ച മറ്റ് 26 സീറ്റുകളിലും പാർട്ടി പിന്നിലാണ്. വെള്ളൂർ, അണക്കെട്ട് തുടങ്ങിയ മണ്ഡലങ്ങളിൽ ഡിഎംകെ മുന്നിലാണ്.

English Summary: Initial trends emerging from the count of postal ballots in Tamil Nadu show that the incumbent DMK regime is on course to win the polls and retain power under the leadership of Chief Minister and DMK President MK Stalin.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗളൂരുവിൽ മലയാളി യുവാക്കളുടെ ₹20 ലക്ഷം കവർന്ന കേസ്: കവർച്ചയ്ക്ക് ചുക്കാൻ പിടിച്ചത് സിഐഡി ഇൻസ്‌പെക്ടർ?

മുട്ടിലിൽ വീണ്ടും മരംമുറി; 70 അടിയോളം നീളമുള്ള ഈട്ടിമരം മുറിച്ചുകടത്താൻ ശ്രമിച്ച നാലംഗ സംഘം പിടിയിൽ

'13 വർഷം മുൻപ് ഉണ്ടായ രോ​ഗാവസ്ഥ; ഇമ്മ്യൂണിറ്റി പ്രസ്ശനങ്ങളും പിസിഒഎസും മാറിയത് യോ​ഗ പരിശീലനത്തിലൂടെ'

മർദ്ദനമേറ്റ മനോവിഷമത്തിൽ ആത്മഹത്യ: കോളജ് അധ്യാപികയുടെ മരണത്തിൽ കാമുകൻ അറസ്റ്റിൽ

പത്ത് ദിവസം ഉറക്കമില്ലാതെ ഷൂട്ട് ചെയ്തു; ഛര്‍ദ്ദിച്ചു, ഉറങ്ങാന്‍ ഇഞ്ചക്ഷന്‍ വേണ്ടി വന്നു, ഒടുവില്‍ മടുത്തു: സംയുക്ത വര്‍മ