ചെന്നൈ: തമിഴ്നാട് പൊതുമരാമത്ത്, കായിക വകുപ്പ് മന്ത്രിയും ടിവികെ നേതാവുമായ ആദവ് അർജുനയും ഭാര്യ ഡെയ്സി മാർട്ടിനും വിവാഹമോചിതരാകുന്നു. 14 വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമാണ് ഇരുവരും പരസ്പര സമ്മതത്തോടെ വേർപിരിയുന്നത്. ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച പ്രസ്താവനയിലൂടെയാണ് ഡെയ്സി ഈ വിവരം അറിയിച്ചത്.
"ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിലൂടെ സുഹൃത്തുക്കളായും ജീവിത പങ്കാളികളായും മാതാപിതാക്കളായും ഒന്നിച്ച് സഞ്ചരിച്ച 14 വർഷത്തെ യാത്രയ്ക്ക് ശേഷം, ഞാനും ആദവ് അർജുനയും ദമ്പതികൾ എന്ന നിലയിലുള്ള ബന്ധം അവസാനിപ്പിച്ച് സ്വന്തം വഴികളിലൂടെ സഞ്ചരിക്കാൻ പരസ്പര സമ്മതത്തോടെ തീരുമാനിച്ചിരിക്കുന്നു"- ഡെയ്സി കുറിച്ചു.
തങ്ങളുടെ കുട്ടിയുടെ സന്തോഷവും ക്ഷേമവും മുൻനിർത്തി ഇരുവരും തുടർന്നും ഒന്നിച്ച് കുട്ടിയുടെ കാര്യങ്ങൾ നോക്കുമെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നുണ്ട്. പരസ്പര ബഹുമാനം നിലനിർത്തുന്നുവെന്നും ഈ വ്യക്തിപരമായ തീരുമാനത്തെയും സ്വകാര്യതയെയും മാനിക്കണമെന്നും ഡെയ്സി അഭ്യർത്ഥിച്ചു.
'ലോട്ടറി കിംഗ്' എന്നറിയപ്പെടുന്ന പ്രമുഖ വ്യവസായി സാന്റിയാഗോ മാർട്ടിന്റെ മകളാണ് ഡെയ്സി മാർട്ടിൻ. അറിയപ്പെടുന്ന ഒരു സംരംഭക കൂടിയായ ഡെയ്സി, 'അറൈസ് ഇൻവെസ്റ്റ്മെന്റ്സ് ആൻഡ് ക്യാപിറ്റൽ പ്രൈവറ്റ് ലിമിറ്റഡ്' -ന്റെ മാനേജിങ് ഡയറക്ടറാണ്. പിന്നോക്കാവസ്ഥയിലുള്ള സമൂഹങ്ങൾക്ക്, പ്രത്യേകിച്ച് സ്ത്രീകൾക്ക് സാമ്പത്തിക സുരക്ഷിതത്വവും ശാക്തീകരണവും ഉറപ്പാക്കുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന വ്യക്തികൂടിയാണ് അവർ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates