

ജൊഹന്നാസ്ബര്‍ഗ്: മകളുടെ ജന്മ ദിനത്തില്‍ കിടിലന്‍ ടെസ്റ്റ് സെഞ്ച്വറിയുമായി ബംഗ്ലാദേശ് താരം ലിറ്റന്‍ ദാസ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ലിറ്റന്‍ 179 പന്തില്‍ 14 ഫോറും ഒരു സിക്സും സഹിതം 120 റണ്‍സെടുത്തു. ബംഗ്ലാദേശിന്റെ ഒന്നാം ഇന്നിങ്‌സ് 400 റണ്‍സില്‍ അവസാനിച്ചു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ചരിത്രത്തില്‍ ആദ്യമായാണ് ബംഗ്ലാദേശ് ടെസ്റ്റില്‍ 400 റണ്‍സ് നേടുന്നത്. 2015ല്‍ നേടിയ 326 റണ്‍സായിരുന്നു പ്രോട്ടീസിനെതിരെ ബംഗ്ലാദേശ് നേടി ഉയര്‍ന്ന ടെസ്റ്റ് ടോട്ടല്‍.
രണ്ടാം ദിനത്തിലാണ് ലിറ്റന്റെ സെഞ്ച്വറി പിറന്നത്. ആദ്യ ദിനത്തില്‍ താരം 92 റണ്‍സുമായി പുറത്താകാതെ നില്‍ക്കുകയായിരുന്നു. പിന്നാലെയാണ് രണ്ടാം ദിനത്തില്‍ താരത്തിന്റെ എട്ടാം ടെസ്റ്റ് സെഞ്ച്വറി. തന്റെ സെഞ്ച്വറി പിറന്നാള്‍ ആഘോഷിക്കുന്ന മകള്‍ അനൈറയ്ക്ക് സമര്‍പ്പിക്കാനും ലിറ്റന്‍ മറന്നില്ല. മകള്‍ക്ക് സമര്‍പ്പിക്കുന്നതായുള്ള കുറിപ്പും പോക്കറ്റിലിട്ടാണ് ലിറ്റന്‍ ക്രീസിലെത്തിയത്. സെഞ്ച്വറിക്ക് പിന്നാലെ ഈ കുറിപ്പ് താരം ഉയര്‍ത്തി കാണിക്കുകയും ചെയ്തു. എന്റെ രാജകുമാരിക്ക് പിറന്നാള്‍ ആശംസകള്‍. ഈ സെഞ്ച്വറി നിനക്കു വേണ്ടിയാണ്- എന്നായിരുന്നു ലിറ്റന്‍ ഉയര്‍ത്തിയ കടലാസിലെ വാചകങ്ങള്‍.
ആദ്യ ദിനത്തില്‍ ബാറ്റിങ് തകര്‍ച്ചയില്‍ നിന്നു മികച്ച ടോട്ടലിലേക്ക് ബംഗ്ലാദേശിനെ ഉയര്‍ത്തിയത് തൗഹിദ് ഹൃദോയിയും ലിറ്റന്‍ ദാസും ചേര്‍ന്നാണ്. 22 റണ്‍സിനിടെ 3 വിക്കറ്റുകള്‍ നഷ്ടമായി പരുങ്ങിയ അവര്‍ അവിശ്വസനീയ തിരിച്ചുവരവാണ് പിന്നീട് നടത്തിയത്. തന്‍സിദ് ഹസന്‍ അര്‍ധ സെഞ്ച്വറി നേടിയും നിര്‍ണായക സംഭാവന നല്‍കി. 6 വിക്കറ്റ് നഷ്ടത്തില്‍ 327 റണ്‍സെന്ന നിലയിലാണ് ബംഗ്ലാദേശ് ഒന്നാം ദിനം പിരിഞ്ഞത്.
ഇന്നിങ്സിന്റെ ആദ്യ പന്തില്‍ തന്നെ മഹ്ഫിജുല്‍ ഇസ്ലാം ഗോള്‍ഡന്‍ ഡക്കായി മടങ്ങി. സ്‌കോര്‍ ബോര്‍ഡില്‍ 2 റണ്‍സെത്തിയപ്പോള്‍ രണ്ടാം വിക്കറ്റും 22 റണ്‍സെത്തിയപ്പോള്‍ മൂന്നാം വിക്കറ്റും നഷ്ടമായി ബംഗ്ലാദേശ് വന്‍ തകര്‍ച്ച മുന്നില്‍ കണ്ടു. എന്നാല്‍ പീന്നീട് തന്‍സിദിനൊപ്പം തൗഹിദ് ചേര്‍ന്നതോടെ പതിയെ അവര്‍ കളിയിലേക്ക് മടങ്ങിയെത്തി.
ദിവസങ്ങള്‍ക്ക് മുന്‍പ് വെസ്റ്റ് ഇന്‍ഡീസിനെതിരെ തന്റെ കന്നി ടെസ്റ്റ് സെഞ്ച്വറി ഇരട്ട സെഞ്ച്വറിയായി (242*) പരിവര്‍ത്തിപ്പിച്ച്, ടെസ്റ്റില്‍ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ ഉയര്‍ത്തുന്ന ബംഗ്ലാ ബാറ്ററെന്ന ചരിത്രമെഴുതിയ തൗഹിദ് തന്റെ രണ്ടാം ടെസ്റ്റ് സെഞ്ച്വറിലൂടെ ബംഗ്ലാദേശിനെ രക്ഷിച്ചെടുക്കുകയായിരുന്നു. താരം 227 പന്തില്‍ 14 ഫോറും ഒരു സിക്സും സഹിതം 137 റണ്‍സെടുത്തു. തന്‍സിദ് 12 ഫോറുകള്‍ സഹിതം 108 പന്തില്‍ 67 റണ്‍സെടുത്തു. ഇരുവരും ചേര്‍ന്നു നാലാം വിക്കറ്റില്‍ 99 റണ്‍സ് ചേര്‍ത്തു. സ്‌കോര്‍ 121ല്‍ എത്തിയപ്പോള്‍ തന്‍സിദ് മടങ്ങി. ഇതേ സ്‌കോറില്‍ വെറ്ററന്‍ താരം മുഷ്ഫിഖര്‍ റഹീമിനേയും ബംഗ്ലാദേശിനു നഷ്ടമായി. താരം ഗോള്‍ഡന്‍ ഡക്ക്. ബംഗ്ലാദേശ് വീണ്ടും തകര്‍ച്ച മുന്നില്‍ കണ്ട നിമിഷങ്ങള്‍.
എന്നാല്‍ തൗഹിദിന് കൂട്ടായി ലിറ്റന്‍ ദാസ് വന്നതോടെ വീണ്ടും അവര്‍ ട്രാക്കിലായി. ഇരുവരും ചേര്‍ന്നു ആറാം വിക്കറ്റില്‍ റെക്കോര്‍ഡ് ഡബിള്‍ സെഞ്ച്വറി (206) കൂട്ടുകെട്ടുയര്‍ത്തിയാണ് പിരിഞ്ഞത്. ഏതൊരു വിക്കറ്റിലേയും ദക്ഷിണാഫ്രിക്കയ്ക്കെതിരായ ബംഗ്ലാദേശിന്റെ ഏറ്റവും മികച്ച കൂട്ടുകെട്ടാണിത്. സ്‌കോര്‍ 327ല്‍ എത്തിയപ്പോള്‍ തൗഹിദ് മടങ്ങി. പിന്നാലെ ഒന്നാം ദിനത്തിലെ കളിയും അവസാനിപ്പിച്ചു.
പേസര്‍ കഗിസോ റബാഡയുടെ മാരക ബൗളിങാണ് ഒരുവേള ബംഗ്ലാദേശിനെ വെട്ടിലാക്കിയത്. താരം 51 റണ്‍സ് വഴങ്ങി 5 വിക്കറ്റുകള്‍ വീഴ്ത്തി. രണ്ടാം ദിനത്തില്‍ ഡാന്‍ പാറ്റേഴ്‌സനാണ് ബംഗ്ലാദേശിനെ കുഴക്കിയത്. താരം 4 വിക്കറ്റുകള്‍ നേടി. മാര്‍ക്കോ യാന്‍സനാണ് ഒരു വിക്കറ്റ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates