TN Power Cuts Vijay Govt 
India

തമിഴ്‌നാട്ടിൽ അപ്രഖ്യാപിത ലോഡ്ഷെഡിംഗ്: മന്ത്രിയുടെ വാർത്താസമ്മേളനത്തിലും പവർകട്ട്; തെരുവിലിറങ്ങി ജനം; വിജയ് സർക്കാരിനെതിരെ രോഷം ഇരമ്പുന്നു

തിരുച്ചിറപ്പള്ളിയിലടക്കം റോഡ് ഉപരോധം; കാറ്റിൽ നിന്നുള്ള വൈദ്യുതി കുറഞ്ഞെന്ന് അധികൃതർ; വിജയിക്ക് ഭരണപരിചയമില്ലെന്ന് ഉദയനിധി സ്റ്റാലിൻ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

ചെന്നൈ: കേരളത്തിൽ വൈദ്യുതിക്ഷാവമും പവർക്കട്ടും സർക്കാരിന് തലവേദനയാവുമ്പോള്‍ സമാന അവസ്ഥയാണ് അയൽസംസ്ഥാനമായ തമിഴ്നാട്ടിലും. വിവിധയിടങ്ങളിൽ തുടർച്ചയായി ഉണ്ടാകുന്ന പ്രഖ്യാപനമില്ലാത്ത പവർകട്ടും വോൾട്ടേജ് ക്ഷാമവും മുഖ്യമന്ത്രി സി. ജോസഫ് വിജയ് നേതൃത്വം ടിവികെ സർക്കാരിന് സമാനതകളില്ലാത്ത അഗ്നിപരീക്ഷയാണ് സമ്മാനിക്കുന്നത്. സംസ്ഥാനവ്യാപകമായി അനുഭവപ്പെടുന്ന രൂക്ഷമായ വൈദ്യുതി മുടക്കത്തിനെതിരെ ഡിഎംകെ ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ അതിശക്തമായ വിമർശനവുമായി രംഗത്തെത്തിയതിന് പുറമെ ഭരണമുന്നണിയിലെ പ്രധാന കക്ഷിയായ വിസികെയും അതൃപ്തി വ്യക്തമാക്കിയിട്ടുണ്ട്.

വേല്ലൂരിൽ റവന്യൂ-ദുരന്തനിവാരണ വകുപ്പ് മന്ത്രി കെ.എ. സെങ്കോട്ടയ്യൻ മാധ്യമങ്ങളെ കണ്ടുകൊണ്ടിരിക്കെ അപ്രതീക്ഷിതമായി വൈദ്യുതി ബന്ധം നിലച്ചത് തത്സമയം വാർത്താ ചാനലുകളിലൂടെ സംപ്രേഷണം ചെയ്യപ്പെട്ടതോടെ സംഭവം സർക്കാരിന് വലിയ രാഷ്ട്രീയ തിരിച്ചടിയായി മാറി. ഇതിന് പിന്നാലെ രാത്രികാലങ്ങളിലെ തുടർച്ചയായ പവർകട്ടിൽ പൊറുതിമുട്ടി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ജനങ്ങൾ തെരുവിലിറങ്ങി പ്രതിഷേധിക്കാൻ തുടങ്ങിയത് കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമായി.

രാത്രികാലങ്ങളിൽ മുന്നറിയിപ്പില്ലാതെ മണിക്കൂറുകളോളം വൈദ്യുതി മുടങ്ങുന്നത് പതിവായതോടെ വിവിധ ജില്ലകളിൽ ജനകീയ പ്രതിഷേധങ്ങൾ റോഡ് ഉപരോധങ്ങളിലേക്ക് നീങ്ങി. തിരുച്ചിറപ്പള്ളി ജില്ലയിൽ മാത്രം കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മൂന്നിലധികം സ്ഥലങ്ങളിലാണ് ജനങ്ങൾ പ്രധാന റോഡുകൾ സ്തംഭിപ്പിച്ചത്.

കഴിഞ്ഞദിവസം സന്നസിപ്പട്ടി, സത്രപ്പട്ടി, അരിയവൂർ, അമ്മപ്പേട്ട എന്നീ പ്രദേശങ്ങളിലെ ഇരുന്നൂറിലധികം വരുന്ന നാട്ടുകാർ തിരുച്ചിറപ്പള്ളി-ദിണ്ടിഗൽ ദേശീയപാതയിലെ സത്രപ്പട്ടി ജംഗ്ഷനിൽ കുത്തിയിരുന്ന് മൂന്ന് മണിക്കൂറോളം ഗതാഗതം പൂർണ്ണമായി തടസ്സപ്പെടുത്തി. കഴിഞ്ഞ ഒരാഴ്ചയായി രാത്രിയിൽ വൈദ്യുതി പോകുന്നത് പതിവാണെന്നും രണ്ട് മണിക്കൂറിലധികം നീളുന്ന പവർകട്ടിൽ ജീവിതം ദുസ്സഹമായെന്നും നാട്ടുകാർ ആരോപിച്ചു. ഒടുവിൽ തമിഴ്നാട് പവർ ഡിസ്ട്രിബ്യൂഷൻ കോർപ്പറേഷൻ ലിമിറ്റഡ് ഉദ്യോഗസ്ഥരും പൊലീസും എത്തി ഒന്നുരണ്ട് ദിവസത്തിനകം പ്രശ്നം പരിഹരിക്കാമെന്ന് ഉറപ്പുനൽകിയ ശേഷമാണ് പ്രതിഷേധക്കാർ പിരിഞ്ഞുപോയത്.

സെപ്റ്റംബർ 4-ന് പെട്ടവായ്ത്തലയിൽ തിരുച്ചിറപ്പള്ളി-കരൂർ പാത നാട്ടുകാർ ഉപരോധിച്ചതും വൻ ഗതാഗതക്കുരുക്കിന് കാരണമായിരുന്നു. മണപ്പാറ, മുസിരി, തുറൈയൂർ, മണ്ണച്ചനല്ലൂർ തുടങ്ങിയ ഗ്രാമീണ മേഖലകളിലും സ്ഥിതി സമാനമാണ്. ജനങ്ങളുടെ പ്രതിഷേധം രാഷ്ട്രീയ പ്രേരിതമാണെന്ന് തുറൈയൂർ എംഎൽഎയും ഡെപ്യൂട്ടി സ്പീക്കറുമായ എം. രവിശങ്കർ കുറ്റപ്പെടുത്തിയെങ്കിലും, ആവശ്യം കുതിച്ചുയർന്നതോടെ ലോഡ്ഷെഡിംഗ് അനിവാര്യമായി വന്നതാണെന്ന് ഉദ്യോഗസ്ഥർ തന്നെ വ്യക്തമാക്കുന്നുണ്ട്.

കഴിഞ്ഞ മൂന്നാഴ്ചയായി തുടരുന്ന കനത്ത ചൂട് മൂലം തിരുച്ചിറപ്പള്ളി ജില്ലയിൽ മാത്രം വൈദ്യുതി ആവശ്യകത 550 മെഗാവാട്ടിലേക്ക് കുതിച്ചുയർന്നതാണ് ലോഡ്ഷെഡിംഗിന് കാരണമായി ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നത്. കാറ്റിൽ നിന്നുള്ള വൈദ്യുതി ഉൽപ്പാദനത്തിൽ പെട്ടെന്നുണ്ടായ വലിയ ഇടിവ് പ്രതിസന്ധി ഇരട്ടിയാക്കി. വിടവ് നികത്താൻ 2,000 മെഗാവാട്ട് വൈദ്യുതി സർക്കാർ അടിയന്തരമായി വാങ്ങിയതായും പവർ ഗ്രിഡ് സുരക്ഷിതമാക്കാൻ ശ്രമിക്കുകയാണെന്നും വൈദ്യുതി വകുപ്പ് മന്ത്രി സി.ടി.ആർ. നിർമ്മൽ കുമാർ അറിയിച്ചു.

അയൽ സംസ്ഥാനങ്ങളെ അപേക്ഷിച്ച് തമിഴ്‌നാട്ടിൽ വൈദ്യുതി ക്ഷാമം കുറവാണെന്നും മുഖ്യമന്ത്രി വിജയ് യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും മന്ത്രി സെങ്കോട്ടയ്യൻ ന്യായീകരിച്ചു. എന്നാൽ മുന്നണി പങ്കാളിയായ വിസികെ അധ്യക്ഷൻ തോൽ തിരുമാവളവൻ പങ്കെടുത്ത പൊതുവേദിയിൽ പോലും വെളിച്ചം അണഞ്ഞത് ഭരണപക്ഷത്തെ തീർത്തും പ്രതിരോധത്തിലാക്കി.

മുഖ്യമന്ത്രി വിജയ്‌യുടെ ഭരണപരിചയമില്ലായ്മയാണ് തമിഴ്‌നാടിനെ ഇരുട്ടിലേക്ക് തള്ളിവിട്ടതെന്ന് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ കുറ്റപ്പെടുത്തി. അവശ്യസാധനങ്ങളുടെ രൂക്ഷമായ വിലക്കയറ്റത്തിന് പിന്നാലെ അപ്രഖ്യാപിത പവർകട്ട് കൂടി വന്നതോടെ ജനങ്ങൾ തെരുവിലിറങ്ങി സമരം ചെയ്യുന്ന കാഴ്ചയാണെങ്ങും എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അധികാരത്തിലേറി കേവലം 120 ദിവസങ്ങൾ പിന്നിടുമ്പോൾ തന്നെ തമിഴ്‌നാട്ടിൽ അപ്രഖ്യാപിത ലോഡ്ഷെഡിംഗ് അടിച്ചേൽപ്പിക്കുകയാണ് വിജയ് സർക്കാരെന്ന് എഎംഎംകെ ജനറൽ സെക്രട്ടറി ടിടിവി ദിനകരനും ആരോപിച്ചു. മുൻ സർക്കാരുകളെ പഴിചാരി ഭരണപരാജയം മറച്ചുവെക്കാനാണ് ടിവികെ നേതൃത്വം ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

തുടർച്ചയായ പ്രതിസന്ധികൾക്ക് അറുതിവരുത്താൻ വൻകിട അടിസ്ഥാന സൗകര്യ പദ്ധതികളുമായി സർക്കാർ രംഗത്തെത്തിയിട്ടുണ്ട്. സംസ്ഥാനത്തുടനീളം 231 പുതിയ സബ്സ്റ്റേഷനുകൾ നിർമ്മിക്കുന്നതിനായി 15,032 കോടി രൂപയുടെ ബൃഹദ് പദ്ധതിക്ക് വിജയ് സർക്കാർ ഭരണാനുമതി നൽകി. ലൈനുകളിലെ തകരാറുകൾ പരിഹരിക്കുന്നതിനായി 15,058 ജീവനക്കാരെ അറ്റകുറ്റപ്പണികൾക്കായി നിയോഗിച്ചിട്ടുണ്ട്. രാത്രികാലങ്ങളിലെ ഉയർന്ന ലോഡ് നേരിടാൻ സൗരോർജ്ജ സംഭരണ സംവിധാനങ്ങൾ വേഗത്തിലാക്കാനും നടപടികൾ തുടങ്ങി. എന്നാൽ, പ്രഖ്യാപനങ്ങൾക്കപ്പുറം രാത്രികളിൽ ജനങ്ങൾക്ക് തടസ്സമില്ലാതെ വെളിച്ചം ഉറപ്പാക്കാൻ കഴിഞ്ഞില്ലെങ്കിൽ സർക്കാരിനെതിരായ പ്രതിഷേധം കൂടുതൽ ശക്തമാകുമെന്ന സൂചനയാണ് തെരുവിൽ നിന്നുയരുന്നത്.

The 120-day-old Tamilaga Vettri Kazhagam (TVK) government in Tamil Nadu, headed by Chief Minister C. Joseph Vijay, is facing severe public and political backlash over frequent, unannounced power outages and voltage fluctuations across the state

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിപിഎമ്മിൽ അസാധാരണ നടപടി: സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് പാർട്ടി ശാസന

സിപിഎമ്മിൽ സമഗ്ര അഴിച്ചുപണി: പി. ജയരാജനും എംബി രാജേഷും വി ശിവൻകുട്ടിയും സംസ്ഥാന സെക്രട്ടേറിയറ്റിൽ; തോമസ് ഐസക്കിനെയും ടിപി രാമകൃഷ്ണനെയും ഒഴിവാക്കി

ഏകദിനത്തിൽ ചരിത്ര നേട്ടം സ്വന്തമാക്കി ബ്രണ്ടൻ ടെയ്ലർ; സച്ചിന്റെ റെക്കോർഡ് തകർത്തു!

കലോറി കത്തിക്കാൻ കാർഡിയോ? 40 കഴിഞ്ഞവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സുരേഷേട്ടന്റെ മകളെ യാത്രയാക്കിയത് ഞാന്‍ കൊടുത്ത ഷര്‍ട്ട് പുതപ്പിച്ച്; ഇന്നും മായാത്ത നോവാണത്: ഇന്ദ്രന്‍സ്