ലഖ്‌നൗ: സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിച്ചു വരുന്ന പശ്ചാത്തലത്തിൽ സുരക്ഷ ശക്തമാക്കാൻ നൂതന സാങ്കേതിക വിദ്യയുമായി ഉത്തർപ്രദേശ് പൊലീസ്. ആപത്തിലായിരിക്കുന്ന സ്ത്രീകളെ അവരുടെ മുഖഭാവങ്ങളിലൂടെ തിരിച്ചറിഞ്ഞ് വേഗത്തിൽ സഹായമെത്തിക്കാനുളള സാങ്കേതിക വിദ്യ ഉപയോഗിക്കാനാണ് പൊലീസ് ഒരുങ്ങുന്നത്.
പൊതു ഇടങ്ങളിൽ നിർമിത ബുദ്ധി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ക്യാമറകൾ സ്ഥാപിക്കാൻ തയ്യാറെടുക്കുകയാണ് ലഖ്‌നൗ പൊലീസ്. സ്ത്രീകളുടെ മുഖ ഭാവങ്ങൾ നിരീക്ഷിച്ച് പ്രശ്‌നത്തിലകപ്പെട്ടിരിക്കുന്നവരെ ക്യാമറകൾ പകർത്തും. തുടർന്ന് സമീപമുളള പൊലീസ് സ്‌റ്റേഷനിലേക്ക് ജാഗ്രതാ സന്ദേശമയയ്ക്കുകയും ചെയ്യും.
ഇത്തരത്തിൽ ക്യാമറകൾ സ്ഥാപിക്കുന്നതിനായി 200 ഹോട്സ്‌പോട്ടുകൾ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. കൂടുതൽ സ്ത്രീകൾ കടന്നുപോകുന്ന ഇടങ്ങൾ, കൂടുതൽ പരാതികൾ റിപ്പോർട്ട് ചെയ്ത ഇടങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് സ്ഥലങ്ങൾ കണ്ടെത്തിയിരിക്കുന്നത്. ഇവിടെ നിന്ന് തൊട്ടടുത്തുളള പൊലീസ് സ്‌റ്റേഷനിലേക്ക് വിവരം കൈമാറാൻ സാധിക്കുന്ന തരത്തിലായിരിക്കും ക്യാമറകൾ പ്രവർത്തിക്കുക.
പ്രശ്‌നത്തിലകപ്പെടുന്ന സ്ത്രീകളുടെ മുഖഭാവം മാറുന്ന മുറയ്ക്ക് ക്യാമറകൾ നിർമിത ബുദ്ധിയിൽ പ്രവർത്തന നിരതമാകും. പിന്നാലെ പൊലീസ് സ്റ്റേഷനിൽ സന്ദേശമെത്തുകയും ചെയ്യും. പ്രശ്‌നത്തിലകപ്പെടുന്ന സ്ത്രീ സഹായത്തിനായി ഫോണെടുത്ത് 100,112 എന്നീ നമ്പറുകൾ ഡയൽ ചെയ്യുന്നതിന് മുൻപ് തന്നെ സന്ദേശം പൊലീസ് സ്‌റ്റേഷനിൽ ഈ ക്യാമറകൾ എത്തിക്കുമെന്നാണ് അധികൃതർ പറയുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates